കേരളത്തില്‍ കാലവര്‍ഷമെത്തി; ഒമ്പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്‌

0 604

തിരുവനന്തപുരം: കേരളത്തിൽ കാലവർഷമെത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. നേരത്തെ ജൂൺ അഞ്ചിന് കാലവർഷം എത്തുമെന്നായിരുന്നു പ്രവചനം. അടുത്ത മൂന്ന് ദിവസവും സംസ്ഥാനത്ത് തുടർച്ചയായ മഴയുണ്ടാകും. സാധാരണ നിലയിലുള്ള മഴ തന്നെയാണ് ഈ കാലവർഷകാലത്തും ലഭിക്കുകയെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു.
അതേസമയം അറബിക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദം തിങ്കളാഴ്ച ഉച്ച കഴിയുന്നതോടെ അതിതീവ്ര ന്യൂനമർദമായി മാറുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഗോവൻ തീരത്ത് 370 കിലോമീറ്റർ ദൂരെയാണ് ന്യൂനമർദ്ദം രൂപപ്പെട്ടത്. ബുധനാഴ്ചയോടെ ന്യൂനമർദ്ദം ചുഴലിക്കാറ്റായി രൂപപ്പെട്ട് വടക്കൻ മഹാരാഷ്ട്രയ്ക്കും ഗുജറാത്തിനുമിടയിൽ കരതൊടുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.
ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് വ്യാഴാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. കേരളത്തിൽ തീരദേശ മേഖലയിലും മലയോര മേഖലയിലും ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മുൻകരുതൽ നടപടിയായി ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കടൽ പ്രക്ഷുബ്ദമാകാൻ സാധ്യതയുള്ളതിനാൽ കേരള തീരത്ത് മത്സ്യത്തൊഴിലാളികൾ അടുത്ത 48 മണിക്കൂർ കടലിൽ പോകരുതെന്നും മുന്നറിയിപ്പുണ്ട്.

You might also like
Comments
Loading...