ഹാഗിയ സോഫിയ വിവാദം: ക്രൈസ്തവ ആശ്രമത്തിന് 40 മില്യണ്‍ പൗണ്ടിന്റെ സഹായവുമായി ഈജിപ്ത് ഭരണകൂടം.

0 750

കെയ്റോ: ആഗോളതലത്തിൽ തന്നെ പട്ടികയില്‍ ഉള്‍പ്പെടുന്ന ഇസ്താംബൂളിലെ ബൈസന്റൈന്‍ കത്തീഡ്രലായ ഹാഗിയ സോഫിയ മുസ്ലീം പള്ളിയാക്കിയ തുര്‍ക്കി നടപടിയോടുള്ള പ്രതിഷേധമെന്ന നിലയില്‍ അതിപുരാതനമായ ക്രൈസ്തവ ആശ്രമത്തിന്റെ വികസനത്തിന്റെ ഭാഗമായി സഹായവുമായി ഈജിപ്ത് രാഷ്ട്രം. ലോകത്തിലെ തന്നെ ഏറ്റവും പഴക്കമേറിയ ക്രൈസ്തവ ആശ്രമങ്ങളിലൊന്നായ ഈജിപ്തിലെ തെക്കന്‍ സീനായി മേഖലയിലുള്ള സെന്റ്‌ കാതറിന്‍ ആശ്രമത്തിന്റെ പുനരുദ്ധാരണവും, വികസനവും നടത്തുമെന്ന പ്രഖ്യാപനവുമായാണ് ഈജിപ്ത് രംഗത്ത് വന്നിരിക്കുന്നത്. നാലാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ട സെന്റ്‌ കാതറിന്‍ ദേവാലയം ലോക പ്രശസ്ത ക്രിസ്ത്യന്‍ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒന്നാണ്. ക്രൈസ്തവരെ സംബന്ധിച്ച നിരവധി ചരിത്ര സ്മാരകങ്ങളുടെ കേന്ദ്രമാണ് ഈ ആശ്രമം. ആശ്രമത്തിലെ ദേവാലയങ്ങള്‍ക്ക് പുറമേ, പ്രസിദ്ധമായ ലൈബ്രറിയുടേയും, ആശ്രമത്തിനടുത്തുള്ള സെന്റ്‌ കാതറിന്‍ എയര്‍പോര്‍ട്ടിന്റേയും വികസനവും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നാല് കോടി ഈജിപ്ഷ്യന്‍ പൗണ്ട് (25 ലക്ഷം ഡോളര്‍) ആണ് സഹായമായി നൽകാൻ ഉദ്ദേശിക്കുന്നത്. ഹാഗിയ സോഫിയയുടെ ചെറുപതിപ്പ് നിര്‍മ്മിക്കുമെന്ന്‍ സിറിയന്‍ ഭരണകൂടം പ്രഖ്യാപിച്ച് അധികം ദിവസങ്ങള്‍ കഴിയുന്നതിന് മുന്‍പാണ് മറ്റൊരു ഇസ്ലാമിക രാഷ്ട്രമായ ഈജിപ്തും തുര്‍ക്കിക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്. ഇക്കഴിഞ്ഞ ജൂലൈ 24ന് സെന്റ്‌ കാതറിന്‍ ആശ്രമം സന്ദര്‍ശിച്ച ഈജിപ്ഷ്യന്‍ പ്രധാനമന്ത്രി മൊസ്തഫ മാഡ്ബൗലി അവിടെയുള്ള അന്തേവാസികളുമായി കൂടിക്കാഴ്ച നടത്തി ആശ്രമത്തിന്റേയും തൊട്ടടുത്തുള്ള പട്ടണത്തിന്റേയും വികസന പ്രവര്‍ത്തനങ്ങള്‍ എത്രയും വേഗത്തിൽ ആരംഭിക്കുമെന്ന് ഉറപ്പ് നല്‍കി.

You might also like
Comments
Loading...