എഡിറ്റോറിയൽ | ഗാന്ധി ജയന്തി ആശംസകൾ | സാം കെ. ജോൺ
ഗാന്ധി ജയന്തി ആശംസകൾ
” ഇന്നത്തെ നിങ്ങളുടെ പ്രവർത്തിക്കനുസരിച്ചായിരിക്കും നിങ്ങളുടെ ഭാവി (The future depends on what you do today) “, നമ്മുടെ രാഷ്ട്രപിതാവ് ഗാന്ധിയുടെ വാക്കുകളാണിവ.
Download ShalomBeats Radio
Android App | IOS App
ചെറിയ തുടക്കത്തിൽ നിന്നുയർന്ന് തന്റെ രാജ്യത്തിലും ലോകമെങ്ങും സ്വാധീനം ചെലുത്താൻ മാത്രം വളർന്ന ഈ ഭാരതപുത്രൻ നമുക്കെല്ലാവർക്കും അഭിമാനമാണ്. ബാല്യ പ്രായത്തിൽ അന്തർമുഖനും പ്രായത്തിന്റെ പല അപക്വതകളുമുണ്ടായിരുന്ന ഒരാൾ നാട്ടിലും വിദേശത്തും സാഹചര്യങ്ങളെ നേരിടുന്നതിലും പ്രതിരോധിക്കുന്നതിലും മികവു കണ്ടെത്തി; അന്നത്തെ ലോകത്തിന്റെ ഭൂരിഭാഗവും സ്വന്തം കോളനികളാക്കി അടക്കി വാണുകൊണ്ടിരുന്ന ബ്രിട്ടീഷുകാർക്കെതിരെ, സാമ്രാജ്യത്വശക്തികൾക്കെതിരെ, സ്വദേശത്തും വിദേശത്തും, ഭയമില്ലാതെ ശബ്ദമുയർത്തുവാനും ജനങ്ങളെ സംഘടിപ്പിക്കുവാനും ശക്തനായി. മോഹൻദാസ് മഹാത്മാ എന്ന ബഹുമാനത്തിലേക്ക് വളരുകയായിരുന്നു.
പാരമ്പര്യ ഹൈന്ദവ പശ്ചാത്തലത്തിൽ ജനിച്ചു വളർത്തപ്പെട്ട താൻ എല്ലാ മതങ്ങളെയും ജനവിഭാഗങ്ങളെയും സമമായ് വീക്ഷിക്കുവാനും വിലമതിക്കുവാനും തയ്യാറായി. ഗാന്ധിയുടെ ജീവിതത്തിലും ആത്മീകതയിലും ക്രിസ്തുവിനും ബൈബിളിനും പ്രമുഖസ്ഥാനമുണ്ടായിരുന്നു എന്നത് ഇവിടെ സ്മരണീയമാണ്. ബൈബിൾ ഉപദേശങ്ങൾ, പ്രത്യേകാൽ യേശുക്രിസ്തുവിന്റെ ഗിരിപ്രഭാഷണം തനിക്കേറ്റവും പ്രീയപ്പെട്ടതും സ്വാധീനിച്ചതുമായിരുന്നു. സ്നേഹത്തിലടിസ്ഥാനപ്പെട്ട ക്രിസ്തുവിന്റെ സമാധാന സന്ദേശങ്ങളാണ്, സർവ്വസജ്ജ സൈന്യസമേതമായിരുന്ന ബ്രിട്ടീഷ് അധികാരത്തെ ആയുധം കൂടാതെ പരാജയപ്പെടുത്തുവാൻ സഹനസമരമുറ ഉപയോഗിക്കുവാൻ ഗാന്ധിക്ക് പ്രേരണയായത്.
തന്റെ പരസ്യ പ്രവർത്തനങ്ങളാലും വാക്കുകൾ, എഴുത്തുകൾ എന്നിവയാലും താൻ ഒരു ക്രിസ്തുഭക്തനായിരുന്നുവോ എന്ന് ആരിലും സന്ദേഹം ജനിപ്പിക്കുന്ന ജീവിതത്തിനുടമയായ ആ മനുഷ്യസ്നേഹിയുടെ ഓർമ്മകൾ ഈ ഗാന്ധിജയന്തി ദിനത്തിൽ നമ്മെ കർമ്മോത്സുകരാക്കുവാൻ പര്യാപ്തമാകട്ടെ എന്നു സർവ്വശക്തനോടു പ്രാർത്ഥിക്കുന്നു.