തുലാവർഷം തുടങ്ങുന്നു; കനത്ത മിന്നലിനു സാധ്യത: അതീവ ജാഗ്രത പുലർത്തുക

0 488

തിരുവനന്തപുരം: കാലവർഷം കളമൊഴിഞ്ഞതിനെത്തുടർന്നു തുലാവർഷത്തിനു കളമൊരുക്കി കിഴക്കൻ ആകാശത്ത് മഴയുടെ പകർന്നാട്ടം. കേരളത്തിലും തമിഴ്നാട്ടിലും ബുധനാഴ്ച മുതൽ തുലാമഴയ്ക്കു തുടക്കമായതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഉച്ചകഴിഞ്ഞുള്ള ഇടിയോടു കൂടിയ മഴ 31 വരെ തുടരുമെന്നാണു നിഗമനം. ശക്തമായ ഇടിമിന്നലിന്റെ അകമ്പടിയോടെയാവും ഇക്കുറി തുലാമഴയെന്നു സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പു നൽകി.

ഉച്ചക്ക് 2 മണിമുതൽ രാത്രി 10 മണി വരെയുള്ള സമയത്താണ് മിന്നലിന്‌ സാധ്യത കൂടുതൽ. ഇത് രാത്രി വൈകിയും തുടർന്നേക്കാം. മലയോര മേഖലയിൽ സജീവമാകാനാണ് സാധ്യത.
മഴയോടു കൂടിയുള്ള ഇടിമിന്നൽ അപകടകാരികൾ ആണ്. അവ മനുഷ്യ ജീവനും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കാറുണ്ട്. കാർമേഘം രൂപപ്പെടുന്ന സമയം മുതൽ തന്നെ സുരക്ഷാ നടപടി എടുക്കണം. ഇടിമിന്നൽ ദൃശ്യമല്ല എന്നതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതിൽ വിട്ടുവീഴ്ച ഉണ്ടാവരുത്. ഇത്തവണയും സംസ്ഥാനത്ത് ശരാശരി മഴ ലഭിക്കുമെന്നാണ് പ്രവചനം.

Download ShalomBeats Radio 

Android App  | IOS App 

സംസ്ഥാനത്ത് പ്രധാനമായും രണ്ടു തരം മൺസൂണുകളാണ്; തെക്കുപടിഞ്ഞാറനും വടക്കുകിഴക്കനും. ജൂൺ ആദ്യം മുതൽ സെപ്റ്റംബർ അവസാനം വരെ കാലവർഷം; ഒക്ടോബർ പകുതി മുതൽ ഡിസംബർ അവസാനം വരെ തുലാമഴ. ഒക്ടോബർ പകുതിയോടെ രാജ്യത്തു നിന്നു പൂർണമായും പിൻവാങ്ങേണ്ട കാലവർഷം രണ്ടാഴ്ചയോളം വൈകി ബുധനാഴ്ചയാണ് പിൻവാങ്ങിയത്. ഇതോടെ കേരളത്തിനു മീതേ തെക്കുപടിഞ്ഞാറൻ ദിശയിൽ വീശിയിരുന്ന കാറ്റ് വടക്കു കിഴക്കു ദിശയിൽനിന്നുമായി. തുലാമഴയ്ക്കുള്ള കളമൊരുക്കം ഇങ്ങനെയാണു. ഇടവപ്പാതി തുലാമാസം വരെ നീളുന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങളെന്നു കാലാവസ്ഥാ ഗവേഷകർ സൂചിപ്പിച്ചു.

ഉച്ചക്ക് 2 മണി മുതൽ രാത്രി 10 മണി വരെ മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലത്തും ടെറസ്സിലും കളിക്കുന്നത് ഒഴിവാക്കുക.

  • ഇടിമിന്നലിന്റെ പ്രഥമ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ സുരക്ഷിതമായ ഇടത്തേക്ക് മാറുക.
  • മഴക്കാറു കാണുമ്പോൾ ഇടിമിന്നലുമുണ്ടെങ്കിൽ, തുണികൾ എടുക്കാൻ ടെറസിലേക്കോ മുറ്റത്തക്കോ പോകരുത്.
  • ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കുക.
  • ജനലും വാതിലും അടച്ചിടുക.
  • ലോഹ വസ്തുക്കളുടെ സ്പർശനമോ സാമീപ്യമോ പാടില്ല.
  • വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യം ഒഴിവാക്കുക.
  • ടെലിഫോൺ ഉപയോഗം കഴിവതും ഒഴിവാക്കുക.
  • ഇടിമിന്നലുള്ള സമയത്ത്‌ കുളിക്കുന്നത്‌ ഒഴിവാക്കുക.
  • കഴിയുന്നത്ര ഭിത്തിയിലോ തറയിലോ സ്പർശിക്കാതെ വീട്ടിനുള്ളിൽത്തന്നെ ഇരിക്കുക.
  • ഇടിമിന്നലുള്ള സമയത്ത്‌ ടെറസ്സിലോ മറ്റ്‌ ഉയരമുള്ള ഏതെങ്കിലും സ്ഥലങ്ങളിലോ ഇരിക്കുന്നത്‌ അപകടകരമാണ്‌.
  • വീടിനു പുറത്താണങ്കിൽ വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്‌.
  • വാഹനത്തിനുള്ളിൽ ആണെങ്കിൽ തുറസ്സായ സ്ഥലത്ത്‌ നിർത്തി, ലോഹ ഭാഗങ്ങളിൽ സ്പർശിക്കാതെ ഇരിക്കണം.
  • ഇടിമിന്നൽ ഉണ്ടാകുമ്പോൾ ജലാശയത്തിൽ ഇറങ്ങരുത്.
  • തുറസ്സായ സ്ഥലത്താണങ്കിൽ പാദങ്ങൾ ചേർത്തുവച്ച്‌ തല കാൽമുട്ടുകൾക്ക്‌ ഇടയിൽ ഒതുക്കി പന്തുപോലെ ഉരുണ്ട്‌ ഇരിക്കുക.
  • ഇടിമിന്നലിൽനിന്ന് സംരക്ഷണത്തിനായി കെട്ടിടങ്ങൾക്കു മുകളിൽ മിന്നൽ രക്ഷാചാലകം സ്ഥാപിക്കാം.
  • വളർത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് ഈ സമയത്ത് കെട്ടരുത്.

മിന്നലിന്റെ ആഘാതത്താൽ പൊള്ളൽ ഏൽക്കുകയോ കാഴ്ച, കേൾവി എന്നിവ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിക്കുകയോ ചെയ്യാം. മിന്നലാഘാതം ഏറ്റ ആളിന്റെ ശരീരത്തിൽ വൈദ്യുത പ്രവാഹം ഇല്ല എന്ന് അറിഞ്ഞിരിക്കണം. അതിനാൽ മിന്നലേറ്റ ആളിന്‌ പ്രഥമ ശുശ്രൂഷ നൽകുവാൻ മടിക്കരുത്‌. മിന്നൽ ഏറ്റാൽ ആദ്യ മുപ്പത്‌ സെക്കൻഡ് ജീവൻ രക്ഷിക്കാനുള്ള സുവർണ്ണ നിമിഷങ്ങളാണ്‌.

You might also like
Comments
Loading...