‘ഐറിഷ് ഹെൽത്ത് കെയർ’ അവാർഡ് മലയാളിക്ക്; നേട്ടം ദൈവത്തിന്റെ സമ്മാനമെന്ന് ജിൻസി

0 494

ഡബ്ലിൻ: അയർലൻഡിലെ ആരോഗ്യശുശ്രൂഷാമേഖലയിൽ ശ്രദ്ധേയമായ നേട്ടങ്ങൾ സമ്മാനിക്കുന്നവരെ ആദരിക്കാനുള്ള ‘ഐറിഷ് ഹെൽത്ത് കെയർ’ അവാർഡിന് അർഹരായവരിൽ മലയാളി വനിതയും. തൊടുപുഴ സ്വദേശിയായ ജിൻസി ജെറിയാണ് ‘ഐറിഷ് ഹെൽത്ത് കെയർ’ അവാർഡിലെ ‘ഹോസ്പിറ്റൽ മാനേജർ ഓഫ് ദ ഇയർ’ആയി തിരഞ്ഞെടുക്കപ്പെട്ടത്. ഡബ്ലിനിലെ മാറ്റർ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ ഇൻഫെക്ഷൻ പ്രിവെൻഷൻ ആൻഡ് കൺട്രോൾ യൂണിറ്റ് അസിസ്റ്റന്റ് ഡയറക്ടറായ ജിൻസി ഈ നേട്ടം കരസ്തമാക്കുന്ന ആദ്യ മലയാളിയുമാണ്. കഴിഞ്ഞ പതിനഞ്ചു വർഷമായി അയർലൻഡിലെ ആരോഗ്യമേഖലയിൽ സേവനം ചെയ്യുന്ന ജിൻസി ഒന്നര വർഷംമുമ്പാണ് മാറ്റർ ഹോസ്പിറ്റലിന്റെ ഭാഗമായത്.

Download ShalomBeats Radio 

Android App  | IOS App 

ഐറിഷ് സർക്കാരിന്റെ പിന്തുണയോടെ, പ്രമുഖ വൈദ്യശാസ്ത്ര പ്രസിദ്ധീകരണമായ ‘ഐറിഷ് മെഡിക്കൽ ടൈംസ്’ ഏർപ്പെടുത്തിയ ‘ഐറിഷ് ഹെൽത്ത് കെയർ’ അവാർസുകളിൽ ഒന്നാണ് ‘ഹോസ്പിറ്റൽ മാനേജർ ഓഫ് ദ ഇയർ’. 2019- 2020 കാലഘട്ടത്തിൽ നിർവഹിച്ച ദൗത്യങ്ങളെ കണക്കാക്കി 12 അംഗ ജഡ്ജിംഗ് പാനൽ നടത്തുന്ന വിശകലനത്തിനുശേഷമാണ് അവാർഡ് പ്രഖ്യാപിച്ചത്. കോവിഡ് വ്യാപനം തടയാൻ ജിൻസിയുടെ നേതൃത്വത്തിൽ ആശുപത്രിയിൽ നടപ്പാക്കിയ സമഗ്രമായ ‘ഇൻഫെക്ഷൻ കൺട്രോൾ പ്രോജക്ടി’ന് വലിയ സ്വീകാര്യതയാണ് അയർലൻഡിൽ ലഭിച്ചത്. കോവിഡ് ടെസ്റ്റ് ഉൾപ്പെടെയുള്ള ലാബ് റിപ്പോർട്ടുകൾ റോബോട്ടിക്ക് പ്രോസസ് ഓട്ടോമേഷൻ സോഫ്റ്റ്‌വെയറിലൂടെ അയർലൻഡിൽ ആദ്യമായി നടപ്പാക്കിയതും ജിൻസിയുടെ നേത്യത്വത്തിലുള്ള ടീമാണ്. ഇതെല്ലാം അവാർഡിന് പരിഗണിക്കപ്പെട്ടു.

ആശുപത്രിയിൽനിന്ന് ഉണ്ടാകാനിടയുള്ള കോവിഡ് വ്യാപനം കാര്യമായി തടയാൻ ആദ്യത്തെ പദ്ധതി സഹായിച്ചപ്പോൾ, കോവിഡ് വ്യാപനം കൂടിയ നാളുകളിൽ വലിയ സമയ ലാഭമാണ് ഓട്ടോമേഷൻ പദ്ധതിയിലൂടെ സാധ്യമാക്കിയത്. മാറ്റർ ആശുപത്രിയിൽ നടപ്പാക്കിയ ഈ രീതികൾ അയർലൻഡിലെ നിരവധി ആശുപത്രികൾ മാതൃകയായി സ്വീകരിച്ചതും ശ്രദ്ധേയമായി. ഓട്ടോമേഷൻ പദ്ധതിയിലൂടെ ഉണ്ടായ നേട്ടങ്ങളുടെ ഗവേഷണ ഫലം തയാറാക്കുകയാണിപ്പോൾ ജിൻസി. തന്നെ തേടിയെത്തിയ ഈ നേട്ടം ദൈവത്തിന്റെ സമ്മാനമാണെന്നാണ് ജിൻസി പറയുന്നത്. “3800ൽപ്പരം ജോലിക്കാരുള്ള ആശുപത്രിയുമായി ബന്ധപ്പെട്ട ഓരോ കാര്യവും ഗൗരവമുള്ളതാണ്. തീരുമാനങ്ങൾ കൃത്യമായ സമയത്ത് തെറ്റുപറ്റാത്തവിധം കൈക്കൊള്ളാനാകുന്നുണ്ടെങ്കിൽ അതിന് കാരണം ദൈവത്തിന്റെ അനുഗ്രഹം ഒന്നുമാത്രമാണ്. ഓരോ ദിവസവു ഓഫീസ് മുറിയിലെത്തി പ്രാർത്ഥനയ്ക്കു ശേഷമാണ് ജോലി ആരംഭിക്കുന്നത്. കാരണം, പ്രാർത്ഥനയാണ് എന്റെ പ്രധാന ശക്തി”.

ഡൽഹിയിലെ ജാമിയ ഹംദർദ് യൂണിവേഴ്‌സിറ്റിയിൽനിന്ന് നേഴ്‌സിംഗ് ബിരുദം നേടിയ ജിൻസി 15 വർഷം മുമ്പാണ് അയർലൻഡിലെത്തിയത്. ഓങ്കോളജി, ഹെൽത്ത് എഡ്യുക്കേഷൻ, ഇൻഫെക്ഷൻ കൺട്രോൾ എന്നിവയിൽ പി.ജി ഡിപ്ലോമ നേടിയ ജിൻസിയുടെ മാസ്റ്റേഴ്‌സ് ഡിഗ്രി ക്ലിനിക്കൽ പ്രാക്ടീസിംഗിലാണ്. തൊടുപുഴ ഏർത്തടത്തിൽ പരേതനായ ജേക്കബിന്റെയും റിട്ടയേർഡ് അധ്യാപികയായ ചിന്നമ്മയുടെയും മകളാണ്. അയർലൻഡിൽ ഐ.ടി എൻജിനിയറായ ഉടുമ്പന്നൂർ വാഴക്കാപ്പാറ ജെറി സെബാസ്റ്റ്യനാണ് ഭർത്താവ്. മക്കൾ: ക്രിസ്, ഡാരൻ, ഡാനിയേൽ.

You might also like
Comments
Loading...