ലേഖനം | അകലം പാലിക്കാം അകലാതെ സൂക്ഷിക്കാം | ജോസ് പ്രകാശ്

0 1,302

അകലം പാലിക്കാം അകലാതെ സൂക്ഷിക്കാം

Download ShalomBeats Radio 

Android App  | IOS App 

‘അകലം കൂടുമ്പോള്‍ അപകടം കുറയുന്നു’ എന്നതിന്റെ വിപരീതമാണ്, ‘അടുപ്പം കൂടുമ്പോള്‍ അപകടം കൂടുന്നു’ എന്നത്. അപകടം ഒഴിവാക്കാനായി, ‘അകലം പാലിക്കുക’ Keep Distance എന്ന് വലിയ വാഹനങ്ങളുടെ പുറകില്‍ എഴുതാറുണ്ട്. അതായത് അകലം പാലിക്കുന്നവര്‍ അതിജീവിക്കും അല്ലാത്തവര്‍ അകാലത്തില്‍ പൊലിയും.


ഇപ്പോഴത്തെ സാഹചര്യത്തില്‍ മഹാമാരിയില്‍ നിന്നും മാറിയിരിക്കുവാന്‍ ശാരീരിക അകലം വളരെ അനിവാര്യമാണ്. അപ്പോള്‍ തന്നെ ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കാന്‍ മാനസിക അടുപ്പം അതിലേറെ അത്യാവശ്യമാണ്. ശാരീരിക അകലം തീര്‍ക്കുന്ന വിടവ് മാനസിക അടുപ്പം കൊണ്ട് അടയ്ക്കുവാന്‍ സാധിക്കും.


ആത്മീക – ഭൗതിക ജീവിതത്തില്‍ ദൈവമക്കള്‍ പാലിക്കേണ്ട അകല-അടുപ്പങ്ങളെക്കുറിച്ചുള്ള മാനദണ്ഡങ്ങള്‍ വിശുദ്ധ തിരുവെഴുത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ദൈവത്തില്‍ നിന്ന് അകലുമ്പോഴുണ്ടാകുന്ന അപകടത്തെക്കുറിച്ചുള്ള മുന്നറിയിപ്പും, ദൈവത്തോട് അടുക്കുമ്പോഴുണ്ടാകുന്ന അനുഗ്രഹത്തെക്കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തലും വചനത്തില്‍ കാണുവാന്‍ കഴിയും.


അനുഗ്രഹം പ്രാപിക്കാനും അപകടത്തില്‍പ്പെടാനും കാരണം അകലം പാലിക്കുന്നതിലുള്ള വ്യത്യാസം എന്നതുപോലെ മഹാമാരിയോടുള്ള ബന്ധത്തിലും മര്‍ത്യന്റെ ജീവനും മരണത്തിനും മദ്ധ്യത്തില്‍ അകലത്തിന്റെ ചെറിയൊരു വ്യത്യാസം മാത്രമേ ഉള്ളൂ.


തന്റെ ഗുരുവിനെ പിടിക്കുവാന്‍ വന്നരോടു അകന്നു ഗുരുവിനോട് ചേര്‍ന്നിരിക്കേണ്ട ശിഷ്യന്‍, ഗുരുവിനെ വിട്ടകന്നു പോയി. അങ്ങനെ അവരുടെ ഇടയില്‍ ഇരുന്ന പത്രൊസിന് യേശുവിനെ അറിയുന്നില്ല എന്നു തള്ളിപ്പറയേണ്ടി വന്നു. പിന്നത്തേതില്‍ പൊട്ടിക്കരഞ്ഞു അനുതപിക്കേണ്ടിയും വന്നു. അപ്പനെ വിട്ട് അകലെ പോയ ഇളയമകന് സകലതും നഷ്ടപ്പെട്ടു, മുട്ടുവന്നു അവശനായി. ഒടുവില്‍ പിതാവിന്റെ അടുക്കല്‍ മടങ്ങി വന്നപ്പോഴാണ് ആശ്വാസം ലഭിച്ചത് (ലൂക്കോസ് 15:13-14,20).


സ്വര്‍ഗ്ഗീയ പിതാവിനോട് അകലുന്നത് അപകടമാണ്. എന്നാല്‍ അടുത്തിരിക്കുന്നത് ഏറ്റവും അനുഗ്രഹവും. ദൈവത്തോട് അകന്നിരിക്കുന്നവര്‍ നശിച്ചുപോകു മെന്നും, അതുകൊണ്ട് ദൈവത്തോടു അടുത്തിരിക്കുന്നതാണ് ഏവര്‍ക്കും നല്ലതെന്നും അനുഭവിച്ചറിഞ്ഞ ഭക്തനായിരുന്നു ആസാഫ്. (സങ്കീ. 73:27-28).


ഇടയന്‍ ആയ പൗലോസ് ശരീരം കൊണ്ടു ദൂരസ്ഥന്‍ ആയിരുന്നെങ്കിലും ആത്മാവുകൊണ്ടു എപ്പോഴും തന്റെ ആടുകളായ ദൈവസഭയോടു കൂടെയുള്ളവനായി, അവരുടെ മദ്ധ്യേ ഇരിക്കുവാന്‍ ശ്രദ്ധിച്ചു (1 കൊരി. 5:3). താന്‍ അരികത്തിരുന്നപ്പോള്‍ എല്ലായ്‌പ്പോഴും അനുസരിച്ചതു പോലെ ദൂരത്തിരിക്കുമ്പോള്‍ ഏറ്റവും അധികമായി ഭയത്തോടും വിറയലോടും കൂടെ തങ്ങളുടെ രക്ഷെക്കായി പ്രവര്‍ത്തിക്കുവാന്‍ ഫിലിപ്പിയിലെ വിശ്വാസികളെ പൗലോസ് പ്രബോധിപ്പിച്ചു (ഫിലി. 2:2-4,12,15). ഇടയന്‍ അടുത്തുള്ളപ്പോള്‍ പ്രകടിപ്പിക്കുന്ന ഭക്തിയും അനുസരണവും ഇടയന്റെ അഭാവം വരുത്തുന്ന അകലത്തിലും ഇടവിടാതെ തുടരുവാന്‍ ബാദ്ധ്യസ്ഥരാണ് അജഗണങ്ങള്‍.


നാം വിളിച്ചപേക്ഷിക്കുമ്പോഴൊക്കെയും നമ്മോട് അടുത്തിരിക്കുന്നതുപോലെ ദൈവം ഇത്ര അടുത്തിരിക്കുന്ന ശ്രേഷ്ഠജനം വേറെയില്ല. ആകയാല്‍ ലോകത്തോടും പാപത്തോടും അകന്ന് ദൈവത്തോട് അടുത്ത് ചെല്ലാം, അപ്പോള്‍ ദൈവം നമ്മോടും അടുത്തുവരും. സമൂഹത്തോട് അകന്നിരിക്കുന്ന ഈ സമയം ദൈവത്തോട് അടുത്ത് ഇരിക്കുവാന്‍ ഏറ്റവും അത്യുത്തമമത്രേ.


അകന്നിരുന്ന് സ്വന്തഗുണം മാത്രം നോക്കാതെ മറ്റുള്ളവരുടെ ഗുണവും കൂടെ നോക്കേണം.


സമയം തികയുന്നില്ല എന്ന പരാതിക്ക് പകരമായി ദൈവം ധാരാളം സമയം സമ്മാനിച്ചിരിക്കയാണ്. പിന്നിട്ട നാളുകളില്‍ ഏറിയ സമയം ലോകത്തോടൊപ്പമാണ് ചെലവഴിച്ചതെങ്കില്‍, ‘ഇപ്പോഴെങ്കിലും പൂര്‍ണ്ണഹൃദയ ത്തോടും ഉപവാസത്തോടും കണ്ണുനീരോടും കൂടെ ദൈവത്തിന്റെ അടുക്കലേക്ക് തിരിയാം’.


കഴിഞ്ഞ നാളുകളില്‍ നമ്മെ നടത്തിയവര്‍ (ശുശ്രൂഷകര്‍) താല്ക്കാലികമായി അകലത്താ ണെങ്കിലും നമ്മുടെ ആത്മാക്കള്‍ക്ക് വേണ്ടി സ്ഥിരമായി ജാഗരിക്കുന്നവരാകയാല്‍ അവര്‍ക്ക് നന്മ ചെയ്‌വാനും ആവശ്യങ്ങളില്‍ കൂട്ടായ്മ കാണിപ്പാനും മറക്കാതിരിക്കാം.


സാമൂഹിക അകലം കൂടുമ്പോള്‍ സൃഷ്ടാവിനോടുള്ള അടുപ്പം കൂട്ടേണം. ഇനി സാമൂഹിക അടുപ്പം കൂടുന്ന സന്ദര്‍ഭങ്ങളിലും കര്‍ത്താവിനോടുള്ള അടുപ്പം കുറയാതെ സൂക്ഷിക്കേണം.


മോശെ പര്‍വ്വതത്തില്‍ ദൈവത്തിന്റെ അടുക്കല്‍ ആയിരുന്നപ്പോള്‍ ജനം പാളയത്തില്‍ ദൈവത്തില്‍ നിന്നും അകന്നുപോയി. മോശെ പര്‍വ്വതത്തില്‍ നിന്നു ഇറങ്ങി വരുവാന്‍ താമസിച്ചതിനാല്‍ ജനം വേഗത്തില്‍ ദൈവത്തെ വിട്ടു മാറിയതുപോലെ അടച്ചിടല്‍ നീണ്ടു പോകുമ്പോള്‍ ജീവനുള്ള ദൈവത്തെ ത്യജിച്ച് അകന്നു പോകാതിരിക്കാന്‍ ജാഗരൂകരായിരിക്കാം. അടച്ചിടലിന്റെ ആഘാതം ആരിലും അവിശ്വാസമുള്ള ദുഷ്ടഹൃദയം ഉണ്ടാക്കാതിരിപ്പാനും അതീവ ജാഗ്രത പാലിക്കാം.


മഹാമാരിക്കു കാരണമാകുന്ന രോഗാണുക്കളില്‍ നിന്നും അകലം പാലിക്കാം, മാറാവ്യാധികളെ സൗഖ്യമാക്കുന്ന മഹാദൈവത്തില്‍ നിന്നും അകലാതെ സൂക്ഷിക്കാം.

You might also like
Comments
Loading...