ഹെയ്തിയില്‍ തട്ടിക്കൊണ്ടുപോയ ക്രൈസ്തവരിൽ 3 പേര്‍ക്കു മോചനം

0 1,550

പോര്‍ട്ട്‌-ഓ-പ്രിന്‍സ്: വെസ്റ്റിൻഡ്യൻ രാജ്യമായ ഹെയ്തിയില്‍ ഇക്കഴിഞ്ഞ ഏപ്രില്‍ 11ന് തട്ടിക്കൊണ്ടുപോകപ്പെട്ട 10 പേരില്‍ 3 പേര്‍ മോചിതരായതായി റിപ്പോര്‍ട്ട്. ഫ്രാന്‍സ് സ്വദേശികളായ മിഷ്ണറി വൈദികനും, കന്യാസ്ത്രീയും ഉള്‍പ്പെടെ 7 പേര്‍ ഇപ്പോഴും തട്ടിക്കൊണ്ടുപോയവരുടെ കസ്റ്റഡിയിലുണ്ടെന്ന് ഹെയ്തി മെത്രാന്‍ സമിതിയുടെ വക്താവായ ഫാ. ലൌഡ്ജര്‍ മാസിലെ അറിയിച്ചു. 5 വൈദികരും 2 കന്യാസ്ത്രീകളും, മൂന്ന്‍ അത്മായരുമുള്‍പ്പെടെ 10 പേരെയാണ് ഭീകരർ തട്ടിക്കൊണ്ടുപോയത്. തലസ്ഥാന നഗരമായ പോര്‍ട്ട്‌-ഓ-പ്രിന്‍സിന്റെ വടക്ക്-കിഴക്ക് ഭാഗത്തുള്ള ക്രോയിക്സ്-ഡെസ്-ബൊക്കെറ്റ്സ് നഗരത്തില്‍ ഏപ്രില്‍ 11 ഞായറാഴ്ച പുതിയ ഇടവകവികാരി ചുമതലയേല്‍ക്കുന്ന ചടങ്ങില്‍ പങ്കെടുക്കുവാന്‍ പോകുന്ന വഴിക്കാണ് ഇവരെ ആയുധധാരികള്‍ തട്ടിക്കൊണ്ടുപോയത്. പത്തുലക്ഷം യു.എസ് ഡോളര്‍ മോചന ദ്രവ്യം ആവശ്യപ്പെട്ടിട്ടുള്ളതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

Download ShalomBeats Radio 

Android App  | IOS App 

മോചിപ്പിക്കപ്പെട്ടവരില്‍ അത്മായരാരും ഉള്‍പ്പെടുന്നില്ലെന്നും അറിയിപ്പില്‍ പറയുന്നുണ്ട്. മോചനദ്രവ്യം നല്‍കിയോ എന്നതിനെക്കുറിച്ച് റിപ്പോര്‍ട്ടുകളില്ല. തട്ടിക്കൊണ്ടുപോകലിന്റെ ഉത്തരവാദിത്തം ഏറ്റുകൊണ്ട് ‘400 മാവോസോ’ എന്ന സായുധ സംഘം രംഗത്തെത്തിയെന്ന് ഹെയ്തിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിന്നു.ഹെയ്തിയിലെ അക്രമം അതിന്റെ മൂര്‍ദ്ധന്യത്തിലെത്തിയെന്നാണ് പോര്‍ട്ട്‌-ഓ-പ്രിന്‍സ് അതിരൂപത പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നത്. ഈ പ്രതിസന്ധി പരിഹരിക്കുവാന്‍ അധികാരികള്‍ യാതൊന്നും തന്നെ ചെയ്യാത്തത് സംശയാസ്പദമായ കാര്യമാണെന്നും പ്രസ്താവനയിലുണ്ട്. രാജ്യത്ത് തട്ടിക്കൊണ്ടുപോകല്‍ പതിവായ സാഹചര്യത്തില്‍ ഹെയ്തി എപ്പിസ്കോപ്പല്‍ കോണ്‍ഫ്രന്‍സ് (സി.ഇ.എച്ച്) ഏപ്രില്‍ 21-23 വരെ പൊതുപ്രാര്‍ത്ഥനയും, ആശുപത്രികളും ക്ലിനിക്കുകളും ഒഴികെയുള്ള ക്രിസ്ത്യൻ സ്ഥാപനങ്ങള്‍ അടച്ചിട്ടുകൊണ്ടുള്ള ദേശവ്യാപക സമരവും സംഘടിപ്പിച്ചിരുന്നു. തട്ടിക്കൊണ്ടുപോകപ്പെട്ടവരുടെ മോചനത്തിനും, തട്ടിക്കൊണ്ടുപോയവരുടെ മാനസാന്തരത്തിനും വേണ്ടി ഓരോ ദിവസത്തേയും വിശുദ്ധ കുര്‍ബാനക്ക് ശേഷം പ്രത്യേക പ്രാർത്ഥനയ്ക്ക് മെത്രാന്‍മാര്‍ വിശ്വാസികളോട് ആഹ്വാനം ചെയ്തിട്ടുണ്ട്. ഇതിനുപുറമേ, ഏപ്രില്‍ 23 ഉച്ച കഴിഞ്ഞ് ഹെയ്തിയിലെ മുഴുവന്‍ കത്തോലിക്കാ ദേവാലയങ്ങളിലേയും പള്ളിമണികള്‍ ഒരുമിച്ച് മുഴക്കുകയും ചെയ്തു.

You might also like
Comments
Loading...