റഷ്യയുടെ ക്രിസ്ത്യൻ സംസ്കാര-ചരിത്രങ്ങൾ വിളിച്ചോതുന്ന “മ്യൂസിയം ഓഫ് ക്രിസ്ത്യന്‍ കള്‍ച്ചര്‍” തുറന്നു

0 1,165

മോസ്കോ: റഷ്യന്‍ തലസ്ഥാന നഗരമായ മോസ്ക്കോയിലെ സെന്റ്‌ പീറ്റേഴ്സ്ബര്‍ഗില്‍ റഷ്യയുടെ ക്രിസ്തീയ സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന പുതിയ മ്യൂസിയം “മ്യൂസിയം ഓഫ് ക്രിസ്ത്യന്‍ കള്‍ച്ചര്‍”, മോസ്കോ പാത്രിയാര്‍ക്കേറ്റിന്റെ സാംസ്കാരിക വിഭാഗം തലവനും പ്സ്കോവ് മെട്രോപ്പൊളിറ്റനുമായ ടിഖോണിന്റെ (ഷെവ്കുനോവ്) ആശീര്‍വ്വാദത്തോടെ പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്തു. റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ നൂറ്റാണ്ടുകളായുള്ള ആരാധനക്രമ ചരിത്രത്തിന്റെ ദൃശ്യാവിഷ്കാരമാണ് ഈ പുതിയ മ്യൂസിയം. സെന്റ് കോണ്‍സ്റ്റന്റൈന്‍ ആന്‍ഡ്‌ ഹെലെന്‍ മഠത്തിന്റെ നേതൃത്വത്തിലാണ് പുതിയ മ്യൂസിയം പ്രവര്‍ത്തിക്കുക. കമ്മ്യൂണിസത്തിന്റെ പതനത്തിനു ശേഷം തങ്ങളുടെ പ്രൌഢി വീണ്ടെടുത്ത ഈ ആശ്രമത്തില്‍ നിരവധി വിശുദ്ധ വസ്തുക്കളുടെ ശേഖരമുണ്ട്. പുരാതന ബൈബിളും അമൂല്യ നാണയങ്ങളും, ആരാധനയില്‍ ധരിക്കുന്ന പുരാതന വസ്ത്രങ്ങളും, ഉപകരണങ്ങളും, തീര്‍ത്ഥാടകരുടെ അവശേഷിപ്പുകളും മ്യൂസിയത്തിലെ പ്രദര്‍ശന വസ്തുക്കളില്‍ ഉള്‍പ്പെടുന്നു. റഷ്യന്‍ ചരിത്രം പഠിക്കുന്നതിനുള്ള അവസരം കൂടിയാണ് ‘മ്യൂസിയം ഓഫ് ക്രിസ്റ്റ്യന്‍ കള്‍ച്ചര്‍’ ഒരുക്കിയിരിക്കുന്നത്.

പുരാതന വിശ്വാസീ സമുദായങ്ങള്‍ ഉപയോഗിച്ചിരുന്ന സാധനങ്ങള്‍ക്കും, പതിനേഴാം നൂറ്റാണ്ടിലെ മതവിരുദ്ധതയുമായി ബന്ധപ്പെട്ട സാധനങ്ങള്‍ക്കുമായി ഒരു പ്രത്യേക വിഭാഗം തന്നെ ഒരുക്കിയിട്ടുണ്ട്. ക്രിസ്ത്യന്‍ ചക്രവര്‍ത്തിയുടെ ഒരു അര്‍ദ്ധകായ മാര്‍ബിള്‍ പ്രതിമയാണ് മ്യൂസിയത്തിലെ ‘കോണ്‍സ്റ്റന്റൈന്‍ റൂം’ലെ പ്രധാന ആകര്‍ഷണം. പഴയ നിയമത്തിനും പുതിയ നിയമത്തിനുമായി പ്രത്യേകം മുറികള്‍ മ്യൂസിയത്തില്‍ ഒരുക്കിയിട്ടുണ്ട്. മധ്യകാലഘട്ടത്തിലെ ക്രിസ്ത്യന്‍ കയ്യെഴുത്ത് പ്രതികള്‍ മുതല്‍ ആധുനിക പുസ്തകങ്ങള്‍ വരെ ഈ ശേഖരത്തിലുണ്ട്. റഷ്യക്കാര്‍ ഏറ്റവുമധികം ആദരിക്കുന്ന മിറായിലെ അത്ഭുതപ്രവര്‍ത്തകനായ വിശുദ്ധ നിക്കോളാസിനായി ഒരു പ്രത്യേക മുറി തന്നെയാണ് ഒരുക്കിയിരിക്കുന്നത്. ബാരിയിലെ കത്തീഡ്രലില്‍ നിന്നും വിശുദ്ധന്റെ നിരവധി സ്മാരകങ്ങള്‍ ഇവിടെ എത്തിച്ചിട്ടുണ്ട്. മാനവ ലോകത്തിന്റെ സൃഷ്ടി മുതല്‍ രക്ഷാകര പദ്ധതി വരെയുള്ള ചരിത്രം പ്രതീകാത്മക ചിത്രങ്ങളിലൂടെ വിവരിക്കുന്ന “നിരക്ഷരരുടെ ബൈബിള്‍” വിശുദ്ധ ലിഖിതങ്ങളുടെ അര്‍ത്ഥം യാതൊരു മാറ്റവും കൂടാതെ ക്രിസ്തീയ സൈദ്ധാന്തിക സത്യങ്ങളിലൂടെ ദൃശ്യവാത്കരിക്കുകയാണ് ചെയ്യുന്നതെന്ന് മ്യൂസിയത്തിന്റെ ഡയറക്ടറായ മരിന ക്രിസ്റ്റല്‍ പറയുന്നു.

You might also like
Comments
Loading...