ഹെരോദാ രാജാവ് നിർമ്മിച്ച പടുകൂറ്റൻ മന്ദിരത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി

0 1,367

അഷ്കലോണ്‍: വേദപുസ്തകത്തിലെ പുതിയ നിയമത്തില്‍ വിവരിക്കുന്ന ഹെരോദാ രാജാവ് നിർമ്മിച്ചതെന്നു കരുതപ്പെടുന്ന പടുകൂറ്റൻ മന്ദിരത്തിന്റെ അവശിഷ്ടങ്ങൾ ഇസ്രായേലിലെ അഷ്കലോണിൽ പുരാവസ്തു ഗവേഷകർ കണ്ടെത്തിയതായി വാർത്ത. ഇംഗ്ലീഷിൽ ബസിലിക്ക എന്നാണറിയപ്പെടുന്ന സമാന മന്ദിരങ്ങൾ കൂടുതലും റോമൻ ഭരണകാലഘട്ടത്തിൽ നിർമ്മിക്കപ്പെട്ടവയാണ്. ഈ ഗണത്തിലെ ഏറ്റവും വലിയ മന്ദിരമാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. രണ്ടായിരം വര്‍ഷമെങ്കിലും പഴക്കമുണ്ടെന്ന് കണക്കാക്കപ്പെടുന്നു. ബിസി 37 മുതൽ 04 വരെയാണ് ഹെരോദാവ് രാജാവ് യഹൂദ്യ നാട് ഭരിച്ചത്. ആ നാളുകളിൽ അഷ്കലോൺ വമ്പിച്ച കച്ചവടത്താൽ സമ്പന്നമായ ഒരു തുറമുഖമായിരുന്നു. ഹെരോദാവ് നിർമ്മിച്ച മന്ദിരത്തിന്റെ മധ്യത്തിൽ ഒരു വലിയ മുറി കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ തറയും, ഭിത്തികളും നിർമ്മിക്കുവാൻ ഉപയോഗിച്ച മാർബിൾ ഏഷ്യാമൈനറിൽ നിന്നും കൊണ്ടുവന്നതാണെന്ന നിഗമനത്തിലാണ് ഗവേഷകര്‍ എത്തിയിട്ടുള്ളത്. ഓട്ടോമൻ തുർക്കികളുടെ സമയത്ത് മന്ദിരത്തിന്റെ മാർബിൾ മറ്റു നിർമ്മാണ പ്രവർത്തനങ്ങൾക്ക് വേണ്ടി ഉപയോഗിച്ചിരുന്നു.

ടൂറിസ്റ്റുകൾക്ക് വേണ്ടി ഹെരോദാവിന്റെ മന്ദിരം പുനർനിർമ്മിക്കാനുള്ള ശ്രമത്തിലാണ് അധികൃതർ ഇപ്പോൾ. റോമൻ സാമ്രാജ്യത്തിന്റെ ചിഹ്നമായ കഴുകൻ ഉൾപ്പെടെയുള്ളവ ഗവേഷകർ കണ്ടെത്തിയ മന്ദിരത്തിന്റെ തൂണുകളിൽ ആലേഖനം ചെയ്ട്ടുണ്ടെന്നത് കണ്ടെത്തലിന്റെ ആധികാരികത സ്ഥിരീകരിക്കുകയാണ്. 1920-കളിൽ ബ്രിട്ടീഷ് ഗവേഷകർ ഇവിടെനിന്ന് നിരവധി ഗ്രീക്ക്, ഈജിപ്ഷ്യൻ ആരാധനാമൂര്‍ത്തികളുടെ പ്രതിമകൾ കണ്ടെത്തിയിരുന്നു. എഡി 363ൽ ഉണ്ടായ ഭൂമികുലുക്കത്തിലാണ് മന്ദിരം തകർക്കപ്പെട്ടതെന്ന് അനുമാനിക്കപ്പെടുന്നു.

You might also like
Comments
Loading...