വചനധ്യാന പരമ്പര | “എസ്രായുടെ ധീരമായ ചുവടുവയ്പ്പ്”

0 788

എസ്രാ 10:4: “എഴുന്നേൽക്ക; ഇതു നീ നിർവ്വഹിക്കേണ്ടുന്ന കാര്യം ആകുന്നു; ഞങ്ങൾ നിനക്കു തുണയായിരിക്കും; ധൈര്യപ്പെട്ടു പ്രവർത്തിക്ക”.

അന്യജാതികളുമായി ഇടകലർന്ന ജനത്തിനെതിരായി നടപടിയെടുക്കുന്നതിൽ സഭ എസ്രായ്ക്കു പിന്തുണ കൊടുക്കുന്നു (10:1-8), ജനത്തിന്റെ ശുദ്ധീകരണം (10:9-19), വേർപാടിന്റെ പ്രമാണത്തിനു കീഴ്പ്പെട്ടവരുടെ പേരുവിവരങ്ങൾ (10:20-44) എന്നീ പ്രമേയങ്ങളുടെ വായനയാണ് ഈ അദ്ധ്യായം.

Download ShalomBeats Radio 

Android App  | IOS App 

ജനത്തിന്റെ പിന്മാറ്റവും അന്യജാതികളുമായി ഇടകലർന്നതും ന്യായപ്രമാണത്തിന്റെ അക്ഷന്തവ്യമായ ലംഘനമായിരുന്നു. അകൃത്യത്തിൽ വീണുപോയ ജനത്തിന്റെ ഇത്തരം ചെയ്തികൾ ബോധ്യപ്പെട്ട എസ്രാ, ദൈവാലത്തിനു മുമ്പിൽ വീണുകിടന്നു കരയുകയും പ്രാർത്ഥിക്കുകയും ചെയ്തു. ഈ വർത്തമാനം അറിഞ്ഞ സഭ ആബാലവൃദ്ധം എസ്രായുടെ അടുക്കൽ എത്തി. അവരിൽ ഏലാമിന്റെ പുത്രന്മാരിൽ ഒരുവനായ യെഹീയേലിന്റെ മകൻ ശെഖന്യാവു, ജനത്തിന്റെ അതിക്രമം വലിയതെങ്കിലും ഈ കാര്യത്തിൽ ന്യായപ്രമാണാനുസരമായി (ആവർ. 10:8-10) യിസ്രായേലിന്നു ഇനിയും പ്രത്യാശയുണ്ടെന്ന വസ്തുത എസ്രായ്ക്കു ചൂണ്ടിക്കാട്ടി കൊടുത്തു. അതിക്രമങ്ങൾക്കു പരിഹാരം വരുത്തി യഹോവയിങ്കലേക്കു തിരിയുന്ന പക്ഷം അവരുടെ ചെയ്തികൾക്ക് ക്ഷമ ലഭിക്കുമെന്ന വസ്തുതയുടെ അടിസ്ഥാനത്തിൽ ചരിത്രപ്രാധാന്യമുള്ള നടപടിയ്ക്കായി ജനം എസ്രായ്ക്ക് പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്തു.

അതായതു, യഹൂദാ പുരുഷന്മാർ വിവാഹം ചെയ്തിട്ടുള്ള അന്യജാതിസ്‌ത്രീകളെയും അവരിൽ നിന്ന് ജനിച്ചിട്ടുള്ള കുട്ടികളെയും നീക്കിക്കളയുവാനുള്ള തീരുമാനം സർവ്വസമ്മതമായി അംഗീകരിക്കപ്പെട്ടു. അത്തരം ഒരു നടപടിയ്ക്കായി എസ്രായെ ജനം ധൈര്യപ്പെടുത്തി (10:4). സകല പ്രവാസികളും യെരുശലേമിൽ വന്നുകൂടണമെന്ന എസ്രായുടെ നിശിതമായ കല്പന അംഗീകരിക്കുവാൻ ജനം ബാധ്യസ്ഥരായി. കല്പന നിരസിക്കുന്നവരുടെ വസ്തുവകകൾ കണ്ടുകെട്ടുമെന്നും അങ്ങനെയുള്ളവരെ സഭയിൽ നിന്നും പുറത്താക്കുമെന്നുമുള്ള മുന്നറിയിപ്പും മുമ്പോട്ട് വയ്ക്കപ്പെട്ടു (10:8). BC 457 മൂന്നാം മാസം ഇരുപതാം തീയതി പെയ്തുനിന്ന മഴയെ വകവയ്ക്കാതെ യഹോദാജനം ഒന്നടങ്കം യെരുശലേമിൽ വന്നുകൂടി. ഒറ്റദിവസം കൊണ്ട് പരിഹാരം കാണുവാൻ കഴിയാത്ത സങ്കീർണ്ണതകൾ നിറഞ്ഞ ഒരു വിഷയമായിരുന്നതിനാൽ മൂപ്പന്മാരെയും ന്യായാധിപന്മാരെയും നിയമിച്ചു അതാതു പട്ടണങ്ങളിലെ സമ്മിശ്ര വിവാഹ ബന്ധങ്ങളിൽ തീർപ്പു കല്പിക്കുവാൻ തീരുമാനിച്ചു (10:14).

എന്നാൽ ജനത്തിന്റെയിടയിൽ കേവലം നാലുപേർ മാത്രം ഈ തീരുമാനത്തോട് എതിരഭിപ്രായം പ്രകടിപ്പിക്കുകയും ചെയ്തു (10:15). എങ്കിലും ഭൂരിപക്ഷത്തിന്റെ തീരുമാനം അംഗീകരിയ്ക്കപ്പെട്ടു മൂന്നു മാസങ്ങൾ എടുത്തു ഒരു വലിയ വംശശുദ്ധീകരണത്തിനു യഹൂദാ സാക്ഷ്യം വഹിച്ചു. പതിനേഴു പുരോഹിതന്മാരും പത്തു ലേവ്യരും എൺപത്താറു സാധാരണക്കാരും (ആകെ നൂറ്റിപ്പതിമൂന്നു പേര്) ന്യായപ്രമാണ വിരുദ്ധമായി ഏർപ്പെട്ട വിവാഹബന്ധത്തിൽ നിന്നും വേർപിരിഞ്ഞു തങ്ങളെത്തന്നെ വിശുദ്ധീകരിച്ചു യഹോവയ്‌ക്കു യാഗം കഴിച്ചു. എങ്കിലും പന്ത്രണ്ടു വർഷങ്ങൾക്കു ശേഷവും (നെഹ. 10:30) വീണ്ടും മുപ്പതു വർഷങ്ങൾക്കു ശേഷവും (നെഹ. 13:23) ഇതേ കുറ്റം ആവർത്തിക്കപ്പെട്ടതായി ചരിത്രത്തിൽ അടയാളപ്പെടുത്തപ്പെട്ടുണ്ട് എന്ന വസ്തുതയും അനുബന്ധമായി കുറിയ്ക്കട്ടെ!

പ്രിയരേ, അതിശക്തനായ ഒരു നേതാവായി എസ്രായെ ഈ പുസ്തകത്തിൽ നാം പരിചയപ്പെടുന്നു. പ്രവാസത്തിൽ നിന്നുള്ള യഹൂദയുടെ രണ്ടാം സംഘത്തിന്റെ മടങ്ങിവരവു സംഭവ്യമാക്കിയ നേതാവ് എന്നു മാത്രമല്ല ജനത്തിന്റെ അടിസ്ഥാന പ്രശ്നങ്ങളിൽ കൃത്യമായ ഇടപെടൽ നടത്തിയ വ്യക്തിയായിട്ടും കൂടെയാണ് എസ്രാ സ്മരിക്കപ്പെടുന്നത്. നിലപാടുകളിലുറച്ച നേതൃത്വം ജനത്തിന്റെ സർവ്വോന്മുഖ പുരോഗതിയുടെ ഉത്തരവാദിത്വം കൈപ്പിടിയിലൊതുക്കുമെന്ന ഗഹനപാഠം കുറിച്ചുവച്ചു എസ്രായുടെ പുസ്തകത്തിലൂടെയുള്ള ആത്മീക സഞ്ചാരത്തിന് വിരാമമേറ്റട്ടെ!

You might also like
Comments
Loading...