വചനധ്യാന പരമ്പര | “എസ്ഥേർ രാജ്ഞിയുടെ ഉപവാസ പ്രഖ്യാപനം”
എസ്ഥേർ 4:16 b: “ഞാനും എന്റെ ബാല്യക്കാരത്തികളും അങ്ങനെ തന്നേ ഉപവസിക്കും; പിന്നെ ഞാൻ നിയമപ്രകാരമല്ലെങ്കിലും രാജാവിന്റെ അടുക്കൽ ചെല്ലും; ഞാൻ നശിക്കുന്നു എങ്കിൽ നശിക്കട്ടെ“.
രാജകല്പനയുടെ പരസ്യപ്പെടുത്തലിൽ മൊർദ്ദെഖായിയുടെ വിലാപം (4:1-3), വിവരങ്ങൾ അറിയുന്ന എസ്ഥേർ (4:4-9), എസ്ഥേറിന്റെ നിസ്സഹായാവസ്ഥയുടെ സൂചനയും മൊർദ്ദെഖായിയുടെ സമ്മർദ്ദവും (4:10-14) എസ്ഥേറിന്റെ തീരുമാനം (4:15-17) എന്നീ പ്രമേയങ്ങളുടെ വായനയാണ് ഈ അദ്ധ്യായം.
Download ShalomBeats Radio
Android App | IOS App
ഹൃസ്വസമയം കൊണ്ട് യഹൂദന്റെ വംശനാശത്തിന്റെ കുറിയ്ക്കപ്പെട്ട തീയതി നൂറ്റിയിരുപത്തേഴു സംസ്ഥാനങ്ങളിൽ പരസ്യം ചെയ്യപ്പെട്ടു. വർത്തമാനം ചെന്നയിടങ്ങളിലെല്ലാം വലിയ വിലാപവും ഉപവാസവും കരച്ചിലും ഉയർന്നു. മാറ്റിക്കൂടാത്ത രാജാവിന്റെ മുദ്രയാൽ വിളംബരം ചെയ്യപ്പെട്ട തീർപ്പു, വരുത്തുവാൻ സാധ്യതയുള്ള വലിയ വിനാശം താങ്ങുവാൻ യഹൂദൻ പ്രാപ്തനല്ല തന്നെ. മൊർദ്ദെഖായിയും വസ്ത്രം കീറി രട്ടുടുത്തു വെണ്ണീർ വാരിയെറിഞ്ഞും കൊണ്ട് പട്ടണ നടുവിൽ അതിദുഃഖത്തോടെ അത്യുച്ചത്തിൽ നിലവിളിക്കുവാൻ തുടങ്ങി. സംഗതികളുടെ സൂചന ലഭിക്കപ്പെട്ട എസ്ഥേർ, മൊർദ്ദെഖായിയ്ക്കു രാജവസ്ത്രങ്ങൾ കൊടുത്തയച്ചു പ്രശ്‌നപരിഹാരത്തിന് മുതിർന്നെങ്കിലും അത് സ്വീകരിക്കുവാൻ മൊർദ്ദെഖായി തയ്യാറായില്ല. വസ്ത്രത്തിന്റെ ന്യൂനതയല്ല ഇവിടുത്തെ പ്രശ്നമെന്നും കൃത്യമായ രാഷ്ട്രീയ ഇടപെടൽ എത്രയും വേഗം സംഭവിക്കാത്ത പക്ഷം യഹൂദാജാതി ഒന്നടങ്കം ഭൂപ്പരപ്പിൽ നിന്നും നിർമ്മാർജ്ജനം ചെയ്യപ്പെടുന്നതിനുള്ള വാൾ ഉരയ്ക്കപ്പെടുന്നുണ്ടെന്നും മൊർദ്ദെഖായി എസ്ഥേറിനെ ധരിപ്പിച്ചു. ഹാമാൻ പരസ്യം ചെയ്ത തീർപ്പിന്റെ പ്രതിയും എസ്ഥേറിനു കൈമാറുവാൻ മൊർദ്ദെഖായി മറന്നില്ല. ഈ ആപത്സന്ധിയിലും വിളിയ്ക്കപ്പെടാതെ രാജസന്നിധിയിൽ ചെല്ലുന്നവർ ആരായാലും അവരുടെ നേരെ രാജാവ് പൊൻചെങ്കോൽ നീട്ടാത്ത പക്ഷം അവർ കൊല്ലപ്പെടും എന്ന രാജനിയമം ചൂണ്ടിക്കാട്ടി എസ്ഥേർ തന്റെ നിസ്സഹായത പ്രകടമാക്കുന്നത് (4:11) ശ്രദ്ധിച്ചാലും. എന്നാൽ മൊർദ്ദെഖായിയുടെ വാക്കുകളിലെ തീവ്രത ഒട്ടും കുറയാത്ത വംശസ്നേഹവും അതിലുപരി ദൈവാശ്രയബോധവും തുളുമ്പുന്നതായിരുന്നു എന്നു കുറിയ്ക്കുന്നതാണതെനിക്കിഷ്ടം. അന്തഃപുരത്തിന്റെ അകത്തളം എസ്ഥേറിനൊരുക്കുന്ന സുരക്ഷാബോധം താത്‌കാലികം മാത്രമാണെന്നും താൻ യഹൂദ വംശജയാണെന്നു ഹാമാൻ തിരിച്ചറിയുന്നിടത്തു വാളിന്റെ വായ്ത്തല അവളെയും തേടിയെത്തുമെന്നും മൊർദ്ദെഖായി സൂചിപ്പിച്ചു. മാത്രമല്ല നൂറ്റിരുപത്തേഴു സംസ്ഥാനങ്ങളിൽ ചിതറിപ്പാർക്കുന്ന യഹൂദന്റെ രക്ഷ അവരുടെ ദൈവത്തിന്റെ കാര്യപരിപാടിയിൽ പെട്ടതാണെന്നും നിന്റെയും നിന്റെ പിതൃഭവനത്തിന്റെയും സുരക്ഷിതോപായങ്ങള്‍ കണ്ടുപിടിച്ചേ മതിയാകൂ എന്നും രൂക്ഷഭാഷയിൽ മൊർദ്ദെഖായി എസ്ഥേറിനെ ബോധ്യപ്പെടുത്തി. അതിനോടുള്ള എസ്ഥേറിന്റെ പ്രതികരണം തികച്ചും ആശാവഹമായിരുന്നു. യഹൂദാജാതിയുടെ ഇടയിൽ ഒരു ഉപവാസം പ്രസിദ്ധം ചെയ്യുവാനുള്ള ആഹ്വാനവും അപായസാധ്യത മുൻകണ്ടുകൊണ്ടു തന്നെ രാജസന്നിധിയിൽ പ്രവേശിക്കുവാനുള്ള അവളുടെ തീരുമാനവും എസ്ഥേർ മൊർദ്ദെഖായിയെ അറിയിച്ചു. അങ്ങനെ ദൈവസന്നിധിയോടടുത്തു ചെല്ലുവാൻ യഹൂദർ തയ്യാറായി.
പ്രിയരേ, അഹശ്വേരോശ് രാജാവിന്റെ അന്തഃപുരത്തിൽ സുമാർ നാലു വർഷങ്ങളായി പാർക്കുന്ന എസ്ഥേർ സുരക്ഷിത മേഖലയിൽ ആണെന്ന ചിന്ത വ്യർത്ഥമാണെന്നുള്ള മൊർദ്ദെഖായിയുടെ ചൂണ്ടികാട്ടൽ എത്രയോ കൃത്യമായിരുന്നു. ദൈവികോദ്ദേശ്യത്തിനായി നമ്മെ നിയോഗിച്ചാക്കിയിരിക്കുന്ന അധികാര സ്ഥാനങ്ങളുടെ ശീതളിമയിൽ മതിമറന്നു കൈകഴുകുന്നത് തികച്ചും ആത്മഹത്യാപരമായിരിക്കും എന്നു കുറിക്കുവാനാണ് പ്രേരണ.