പുതുവത്സരദിനത്തിൽ ഏറ്റവുമധികം പുതുപ്പിറവികൾ ഇന്ത്യയിൽ; ജനിച്ചത് 69,944 ശിശുക്കൾ

0 777

ന്യൂഡൽഹി: പുതുവത്സരദിനത്തിൽ ഏറ്റവുമധികം ശിശുക്കൾ ജനിച്ച രാജ്യമാകും ഇന്ത്യയെന്ന് യുനിസെഫ്. ചൊവ്വാഴ്ച 69,944 ശിശുക്കൾ ജനിച്ചിരിക്കാമെന്ന് യുനിസെഫിന്റെ റിപ്പോർട്ട്. ചൈനയിൽ 44,940 ശിശുക്കളും നൈജീരിയയിൽ 25,685 ശിശുക്കളുമാകും പിറന്നിട്ടുണ്ടാവുക. പാകിസ്താൻ നാലാംസ്ഥാനത്തും (15,112) ബംഗ്ലാദേശ് എട്ടാംസ്ഥാനത്തുമാണുള്ളത് (8,428). ലോകരാജ്യങ്ങളിൽ ഏറ്റവുമധികം ജനസംഖ്യയുള്ള രാജ്യമായി ഇന്ത്യ മാറുമെന്ന ഐക്യരാഷ്ട്രസഭയുടെ പ്രവചനം യാഥാർഥ്യത്തോടടുക്കുന്നു എന്നതിന് തെളിവാണ് ചൊവ്വാഴ്ച പുറത്തുവന്ന യുനിസെഫ് റിപ്പോർട്ട്. ഇന്ത്യയിലേതുൾപ്പെടെ 3,95,072 ശിശുക്കൾ വിവിധ രാജ്യങ്ങളിലായി ജനിച്ചിരിക്കുമെന്നും ഇവരെ ആയുരാരോഗ്യത്തോടെ പരിപാലിക്കലാണ് യുനിസെഫ് ഉൾപ്പെടെയുള്ള അധികൃതരുടെ ഉത്തരവാദിത്വമെന്നും യുനിസെഫ് ഡെപ്യൂട്ടി എക്സിക്യുട്ടീവ് ഡയറക്ടർ ഷാർലറ്റ് പെട്രി ഗോർനിറ്റ്സ്ക പറഞ്ഞു. നിലവിൽ ഏകദേശം 133 കോടി ജനങ്ങളുള്ള ഇന്ത്യ ജനസംഖ്യയുടെ കാര്യത്തിൽ ചൈനയ്ക്കുപിന്നിൽ രണ്ടാംസ്ഥാനത്താണ്. 2024- ഓടെ ഇന്ത്യ ഒന്നാമതെത്തുമെന്നാണ് ഐക്യരാഷ്ട്രസഭയുടെ നിഗമനം.

You might also like
Comments
Loading...