ന്യൂസിലാൻറിലെ ക്രൈസ്റ്റ്ചർച്ചിലെ രണ്ടു മുസ്ലീം പള്ളികളിൽ വെടിവയ്പ്പ്

0 825

ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസിലാന്‍ഡില്‍ രണ്ടു മുസ്ലീം പള്ളികളിലുണ്ടായ വെടിവെയ്പ്പില്‍ ഒമ്പതുപേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ന്യൂസിലാന്‍ഡിലെ സൗത്ത് ഐലന്‍ഡിലെ ക്രൈസ്റ്റ്ചര്‍ച്ചിലുള്ള തിരക്കേറിയ രണ്ടു മുസ്ലിം പള്ളികളില്‍ പ്രാര്‍ഥനയ്ക്ക് എത്തിയവര്‍ക്കു നേരെയാണ് വെടിവെയ്പ്പ് നടന്നത്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞുള്ള പ്രാര്‍ഥനയ്‌ക്കെത്തിയവര്‍ക്കുനേരെയാണ് ആയുധധാരി വെടിയുതിര്‍ത്തത്.

കറുത്ത വസ്ത്രം ധരിച്ച ആളാണ് പള്ളിക്കുള്ളില്‍ വെടിവയ്പ്പ് നടത്തിയതെന്നാണ് വിവരങ്ങള്‍. പോലീസ് വരുന്നതിന് മുമ്പ് ഇയാള്‍ ഓടി രക്ഷപ്പെടുയും ചെയ്തു. അതേസമയം ക്രൈസ്റ്റ് ചര്‍ച്ച് ആശുപത്രിക്ക് പുറത്തും വെടിവെപ്പുണ്ടായതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

Download ShalomBeats Radio 

Android App  | IOS App 

അതിനിടെ സൈനികരുടെ വേഷത്തിലാണ് ആയുധധാരി എത്തിയതെന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഓട്ടമാറ്റിക് റൈഫിളുമായെത്തിയ ഇയാള്‍ പ്രാര്‍ഥനയ്ക്ക് എത്തിയവരുടെ നേര്‍ക്ക് നിറയൊഴിക്കുകയായിരുന്നു. കുട്ടികള്‍ക്കുനേരെയും ഇയാള്‍ വെടിയുതിര്‍ത്തു.

മധ്യ ക്രൈസ്റ്റ് ചര്‍ച്ചിലെ അല്‍നൂര്‍ പള്ളിയിലാണ് ആദ്യം വെടിവയ്പ്പുണ്ടായത്. പിന്നീടാണ് ലിന്‍വുഡിലെ രണ്ടാമത്തെ പള്ളിയില്‍ ആക്രമണം ഉണ്ടായത്. വെടിവെച്ചവരില്‍ ഒരാള്‍ പോലീസിന്റെ കസ്റ്റഡിയിലുണ്ട്. എന്നാല്‍ ഇയാള്‍ക്ക് സഹായികള്‍ ആരെങ്കിലുമുണ്ടോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. പള്ളിയിലേക്ക് ഇപ്പോള്‍ ആരും വരരുതെന്ന കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പ്രധാനമന്ത്രി ജസീന്ത ആര്‍ഡേണ്‍ സംഭവത്തെ കുറിച്ച് പ്രതികരിച്ചത് ഇങ്ങനെയാണ്; ‘ഇതു ന്യൂസിലന്‍ഡിന്റെ കറുത്ത ദിനങ്ങളിലൊന്നാണ്’ എന്ന് . മേഖലയിലെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. തെരുവുകളില്‍നിന്നു വിട്ടുനില്‍ക്കണമെന്നും പ്രധാന കെട്ടിടങ്ങള്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവ പൂട്ടണമെന്നും പോലീസ് നിര്‍ദേശിച്ചിട്ടുണ്ട്.

അതേസമയം, ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയ്‌ക്കെത്തിയ ബംഗ്ലാദേശ് ക്രിക്കറ്റ് ടീം അംഗങ്ങള്‍ വെടിവയ്പ്പ് സമയത്ത് പള്ളിക്ക് സമീപത്തെ ഹോട്ടലില്‍ ഉണ്ടായിരുന്നു. ആര്‍ക്കും പരിക്കില്ലെന്നും എല്ലാവരും രക്ഷപ്പെട്ടെന്നും ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് വക്താവ് ജലാല്‍ യൂനുസ് പറഞ്ഞു. ക്രിക്കറ്റ് താരങ്ങള്‍ പള്ളിയിലേക്കു പ്രവേശിക്കാനൊരുങ്ങവെയാണു വെടിവയ്പ്പുണ്ടായത്. താരങ്ങളെ തിരികെ ഹോട്ടലില്‍ എത്തിച്ചു. വെടിവെയ്പ്പിനെ തുടര്‍ന്ന് ബംഗ്ലാദേശ് ന്യൂസിലാന്‍ഡ് മൂന്നാം ടെസ്റ്റ് മത്സരം റദ്ദാക്കി.

 

You might also like
Comments
Loading...