ലേഖനം | സ്ഥിരത എന്ന മർമ്മം | ഡോ. അജു തോമസ്, സലാല

0 2,885

അനേകം ആത്മിക മർമ്മങ്ങളാൽ സമ്പുഷ്ടമാണ് വിശുദ്ധ വേദപുസ്തകം.ഈ ലോകയാത്രയിൽ ആയിരിക്കുന്ന ദൈവപൈതലിനു തൻറെ ആത്മിക ജീവിതം മുന്നോട്ടു നയിക്കേണ്ടതിനു ആത്മിക മർമ്മങ്ങളെ കുറിച്ചുള്ള അറിവ് ആവശ്യമാണ്. അത്തരത്തിൽ ധാരാളം ആത്മിക മർമ്മങ്ങൾ ഉള്ളതിൽ പ്രധാനപ്പെട്ട ഒന്നായി “സ്ഥിരതയെ” കണക്കാക്കുന്നതിൽ തെറ്റില്ല. എന്താണ് സ്ഥിരതയുടെ പ്രാധാന്യം എന്ന് വിശുദ്ധ വേദപുസ്തകം വളരെ വ്യക്തമായി വിവിധ ഭാഗങ്ങളിൽ വരച്ചു കാട്ടിയിട്ടുണ്ട് . ക്രിസ്തീയ ജീവിതത്തെ ഓട്ടക്കളത്തിലെ ഓട്ടവുമായി സദൃശപ്പെടുത്തുന്ന ധാരാളം ഉദാഹരണങ്ങൾ വചനത്തിൽ നമുക്ക് കാണാൻ കഴിയും. അപ്പോസ്തോലനായ പൗലോസ് എഴുതിയ ലേഖനങ്ങളിൽ അങ്ങനെ ഉള്ള താരതമ്യങ്ങൾ അതിപ്രധാനമായ ആശയങ്ങൾ വിളിച്ചോതുന്നവയാണ്.ഓട്ടക്കളത്തിൽ ഓടുന്നവർ എല്ലാവരും തന്നെ വിജയം പ്രാപിക്കണം എന്ന ലക്ഷ്യത്തോട് കൂടി ഓടുന്നവർ ആണ്. എന്നാൽ ഓടുന്ന ഓട്ടത്തിൻറെ രീതിക്കനുസരിച്ചാണ് ജയപരാജയങ്ങൾ നിശ്ചയിക്കപ്പെടുന്നത്.ഓടുമ്പോൾ നിശ്ചയിക്കപ്പെട്ട വരകൾക്കു പുറത്തു നിന്ന് ഓടി ഒന്നാമത് എത്തിയാലും നിശ്ചയിക്കപ്പെട്ട വരകൾക്കു ഉള്ളിൽ നിന്നിട്ടു ഇടയ്ക്കു വരകൾ തെറ്റിച്ചു അടുത്ത വരകൾക്കു ഉള്ളിൽ കടന്നു ഓടി ഒന്നാമത് എത്തിയാലും പരാജയം രുചിക്കേണ്ടതായി വരും.അതെ പോലെ തന്നെ വേഗത്തിലുള്ള വിജയത്തിന് അതിപ്രധാനമായ ഒരു മാനദണ്ഡമാണ് സ്ഥിരതയോടു കൂടി ഓടുക എന്നുള്ളത്. ഒരു ഓട്ടക്കാരൻ തൻറെ ഓട്ടം ഓടി ആരംഭിക്കുമ്പോൾ മുതൽ ഓട്ടം അവസാനിക്കുന്നത് വരെ സ്ഥിരത പുലർത്തിയേ മതിയാകുകയുള്ളു.മാനുഷികമായ ക്ഷീണം ഒരു പക്ഷെ ഓട്ടത്തെ ബാധിച്ചാലും അതിനെ അതി ജീവിക്കുവാൻ ഉള്ള ശക്തി കൂടി ആർജിക്കുവാൻ പരിശീലനം ആവശ്യമാണ്.ക്രിസ്തീയ ജീവിതം ഒരു ഓട്ടക്കളം ആകയാൽ സ്ഥിരതയ്ക്കു അതിന്റെതായ പ്രാധാന്യം ഉണ്ട് . വിശ്വാസ ജീവിതം ആരംഭിച്ച നാളുകളിൽ ഉണ്ടായിരുന്ന തീക്ഷ്ണതയും ഉറപ്പും വിശ്വാസവും , വിശുദ്ധിയും വേർപാടും അതെ പടി നില നിർത്തി അവസാനത്തോളം ഓടുക എന്നതാണ് നമ്മെ കുറിച്ചുള്ള ദൈവേഷ്ടം. എന്നാൽ സ്ഥിരതയിൽ നിന്ന് വ്യതിചലിച്ചു ക്രിസ്തീയ ഓട്ടത്തിൻറെ വേഗത കുറയുന്ന അവസ്ഥകൾ നമ്മുടെ ജീവിതത്തിൽ പലപ്പോഴും വരാറുണ്ട് എന്നത് ഒരു വസ്തുത ആണ്. ഈ ആശയം മുൻനിർത്തി സ്ഥിരതയുടെ പ്രാധാന്യത്തെ വരച്ചു കാട്ടുവാൻ എബ്രായ ലേഖന കർത്താവു തൻറെ ലേഖനത്തിൽ ശ്രമിച്ചിരിക്കുന്നത് പ്രസക്തമാണ്.”ആകയാൽ നാമും സാക്ഷികളുടെ ഇത്ര വലിയോരു സമൂഹം നമുക്കു ചുറ്റും നില്ക്കുന്നതുകൊണ്ടു സകല ഭാരവും മുറുകെ പറ്റുന്ന പാപവും വിട്ടു നമുക്കു മുമ്പിൽ വെച്ചിരിക്കുന്ന ഓട്ടം സ്ഥിരതയോടെ ഓടുക.”(എബ്രായർ 12:1 ).വളരെ അധികം ആത്മിക അർഥങ്ങൾ വിളിച്ചോതുന്ന വാക്യമാണ് ഇത്. പുരാതന കാലത്തു യവനായ പശ്ചാത്തലത്തിൽ പ്രശസ്തി ആർജ്ജിച്ച പല തരത്തിൽ ഉള്ള കളികളിൽ ഒന്നായിരുന്നു ഓട്ടമത്സരം. അങ്ങനെയുള്ള മത്സരവുമായി ആത്മിക ഓട്ടത്തെ കോർത്തിണക്കിയാണ് എബ്രായലേഖന കർത്താവു പ്രസ്തുത വാക്യം എഴുതിയിരിക്കുന്നത്. ആത്മികമായ ഓട്ടത്തിൽ ആയിരിക്കുന്ന ഒരു വ്യക്തി മുറുകെ പറ്റാവുന്ന പാപവും ഭാരവും വിട്ടു ഓടി മുന്നേറണം എന്നുള്ള ബുദ്ധിഉപദേശമാണ് ലേഖന കർത്താവിൽ കൂടി പരിശുദ്ധാത്മാവ് സഭയ്ക്ക് നൽകുന്നത് . സ്ഥിരതയുള്ള ഓട്ടത്തിന് വിഘാതം സൃഷ്ടിക്കുന്ന രണ്ടു വിഷയങ്ങൾ ആണ് പാപവും ഭാരവും .ഒരു വിശ്വാസി ആണെങ്കിൽ കൂടി തന്നെ തന്നെ സൂക്ഷിച്ചു ഈ ലോകജീവിതം നയിക്കണം എന്നും അങ്ങനെ അല്ലെങ്കിൽ അറിയാതെ തന്നെ പാപം ആ വ്യക്തിയുടെ ജീവിതത്തിൽ വരുമെന്നും അങ്ങനെ പാപാവസ്ഥയിൽ ആയിരിക്കുന്ന ആ വ്യക്തിയുടെ ക്രിസ്തീയ ജീവിത ഓട്ടത്തിൽ താൻ അന്ന് വരെ കാത്തു സൂക്ഷിച്ച സ്ഥിരത നഷ്ടപ്പെട്ടു ചഞ്ചലപ്പെട്ടു നിൽക്കുന്ന അവസ്ഥ ഉണ്ടാകും എന്ന സന്ദേശം ആണ് ഈ പശ്ചാത്തലത്തിൽ നമുക്ക് ലഭിക്കുന്നത്. അതെ പോലെ തന്നെ ഒരു ദൈവപൈതലിന്റെ സ്ഥിരതയുള്ള ഓട്ടത്തെ ബാധിക്കുന്ന മറ്റൊരു പ്രധാനപ്പെട്ട വിഷയമാണ് ജീവിതത്തിൽ കടന്നു വരുന്ന ഭാരങ്ങൾ . ജീവിതത്തിൽ കടന്നു വരുന്ന പ്രതിസന്ധികൾ ആകുല ചിന്തയിലേക്കും ആ ചിന്തകൾ നിരാശയുടെ അഗാധ ഗർത്തത്തിലേക്കും ഒരു മനുഷ്യനെ നയിക്കാൻ പര്യാപ്തമാണ്.ക്രിസ്തീയ ഓട്ടക്കളത്തിൽ ആയിരിക്കുന്ന ഒരു ദൈവപൈതലിനെ സംബന്ധിച്ചും നിരാശകളും ആകുലതകളും ജീവിതത്തിൽ കടന്നു വന്നേക്കാം. എന്നാൽ അങ്ങനെ ഭാരങ്ങൾ കടന്നു വരുമ്പോൾ ക്രിസ്തുവിൽ ആ ഭാരങ്ങളെ അതിജീവിച്ചു മുന്നോട്ടു പോയില്ലെങ്കിൽ ഓട്ടത്തിലെ സ്ഥിരതയെ ബാധിക്കുക തന്നെ ചെയ്യും . പ്രിയ ദൈവമക്കളെ, സ്ഥിരതയോടു കൂടി ഓടി നമ്മുടെ വിശ്വാസ ജീവിതം വിജയകരമായി പൂർത്തീകരിക്കണം എന്നാണ് ദൈവം നമ്മെ കുറിച്ച് ആഗ്രഹിക്കുന്നത്. ആയതിനാൽ സ്ഥിരതയെ ബാധിക്കുന്ന പാപത്തെയും ഭാരത്തെയും വിട്ടെറിഞ്ഞു ക്രിസ്തുവിൽ തന്നെ പ്രത്യാശ വെച്ച് നമുക്ക് മുൻപിൽ വെച്ചിരിക്കുന്ന ഓട്ടം വിജയകരമായി നമുക്ക് പൂർത്തീകരിക്കാം

You might also like
Comments
Loading...