റഷ്യൻ ഭരണഘടനയിൽ ‘ദൈവം’ എന്ന പദം എഴുതിച്ചേർക്കുന്നു.

0 1,810

‘മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ്’ എന്നു പറഞ്ഞത് കാൾ മാർക്സ് എന്ന ജർമൻ കമ്യൂണിസ്റ്റ് സൈദ്ധാന്തികനാണ്. മതങ്ങളും, അവയുടെ വിശ്വാസകേന്ദ്രങ്ങളായ ദൈവങ്ങളും, ദേവാലയങ്ങളും ഒക്കെ അദ്ധ്വാനിക്കുന്ന ജനവിഭാഗങ്ങളെ ചൂഷണം ചെയ്യാനും അവരെ മയക്കാനുമുള്ള ബൂർഷ്വാസികളുടെ സൂത്രങ്ങളാണ് എന്ന് മാർക്സിസ്റ്റ്-ലെനിനിസ്റ്റ് ചിന്താധാരകൾ കരുതിയിരുന്നു. അതുകൊണ്ടുതന്നെ ലെനിന് ശേഷമുള്ള സോവിയറ്റ് റഷ്യയും, മാവോയ്ക്കു ശേഷമുള്ള പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയും നാസ്തികത സർക്കാർ നയത്തിന്റെ തന്നെ ഭാഗമാക്കിയിരുന്നു. കമ്യൂണിസ്റ്റ് പാർട്ടിയുടെ സഖാക്കൾക്ക് പ്രാഥമികാംഗത്വം കിട്ടാനുള്ള പ്രഥമയോഗ്യത ലക്ഷണമൊത്ത ഒരു യുക്തിവാദി ആവുക എന്നതുതന്നെയായിരുന്നു അന്നൊക്കെ. 
എന്നാൽ, ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ കാര്യങ്ങളൊക്കെ മാറിമറിയുന്ന ലക്ഷണമാണ്. എവിടെയെന്നോ? കമ്യൂണിസത്തിന്റെ കളിത്തൊട്ടിലായ റഷ്യയിൽ തന്നെ. അവിടെ ‘നിരീശ്വരന്മാരായ കമ്യൂണിസ്റ്റുകൾ’ എന്ന് ഒന്നോ രണ്ടോ പതിറ്റാണ്ടു മുമ്പുവരെ വിളിക്കപ്പെട്ടിരുന്ന കോമ്രേഡുകൾ തങ്ങളുടെ ഇപ്പോൾ ഒരു ബില്ലിനെ പിന്തുണച്ചിരിക്കുകയാണ്. റഷ്യൻ ഭരണഘടനയിൽ ‘ദൈവം’ എന്ന പദം എഴുതിച്ചേർക്കാൻ വേണ്ടിയുള്ള ബില്ലാണ് അത്. 

ബോൾഷെവിക്ക് വിപ്ലവത്തിന് ഒരു നൂറ്റാണ്ടു കഴിഞ്ഞപ്പോഴേക്കും റഷ്യയുടെ സാമൂഹിക സാഹചര്യം വിപ്ലവകരമായ പരിവർത്തനങ്ങൾക്ക് വിധേയമായിട്ടുണ്ട് എന്ന് പറയാതെ വയ്യ. പാർട്ടിയുടെ ഒരു നൂറ്റാണ്ടായുള്ള നിലപാടിന് കടകവിരുദ്ധമായി നിൽക്കുന്ന, ഇപ്പോഴത്തെ പാർട്ടി നേതാവ് ഗെന്നഡി സ്യുഗാനോവ് പറയുന്ന കാരണങ്ങൾ പലർക്കും അങ്ങ് ദഹിച്ചു എന്നുവരില്ല. ‘മതം മനുഷ്യനെ മയക്കുന്ന കറുപ്പ്’ എന്ന മാർക്സിയൻ സങ്കല്പമൊക്കെ തോട്ടിലെറിഞ്ഞ് സ്യുഗാനോവ് പറഞ്ഞുകൊണ്ടുവരുന്നത്  “കമ്യൂണിസം സത്യത്തിൽ ക്രിസ്ത്യാനിറ്റിയിൽ നിന്നുത്ഭവിച്ചതാണ്…” എന്നാണ്. ആ സങ്കല്പത്തെ അദ്ദേഹം വിശദീകരിക്കുന്നതുകേട്ടാൽ, സഖാവ് ലെനിൻ തന്റെ കുഴിമാടത്തിനുള്ളിൽ കിടന്നു ഞെളിപിരികൊണ്ടുപോകും. അത്രയ്ക്ക് മാരകമാണ് ആ ബൈബിൾ വ്യാഖ്യാനം. “ഞാൻ ബൈബിൾ വായിച്ചപ്പോൾ, അതിൽ പോൾ എന്ന അപോസ്തലന്റെ വചനങ്ങൾ പഠിച്ചപ്പോൾ, അതിൽ ഞാൻ കണ്ടത് കമ്യൂണിസത്തിന്റെ പ്രധാന മുദ്രാവാക്യങ്ങളിൽ ഒന്നായിരുന്നു. ‘പണിയെടുക്കാത്തവൻ കഴിക്കുന്നില്ല’ എന്ന് അതിൽ പറയുന്നുണ്ട്.”  സ്യുഗാനോവ് പറഞ്ഞു, “സത്യം പറഞ്ഞാൽ, കമ്യൂണിസത്തിന്റെ കട്ടകൾ അടുക്കിവെച്ചിട്ടുള്ളത് ബൈബിളിന്റെ അസ്‍തിവാരത്തിന്മേലാണ്”. 

Download ShalomBeats Radio 

Android App  | IOS App 

റഷ്യൻ ഓർത്തഡോക്സ് സഭാധ്യക്ഷനും സഭയിലെ മറ്റംഗങ്ങൾക്കും സ്യുഗാനോവിന്റെ ഈ വാക്കുകൾ കാതിൽ തേന്മഴയായി അനുഭവപ്പെട്ടേക്കാം എങ്കിലും, ലെനിന്റേയും സ്റ്റാലിന്റെയും പിന്നീട് ക്രൂഷ്‌ചേവിന്റെയും കാലത്ത് റഷ്യൻ കമ്യൂണിസ്റ്റ് പാർട്ടി ക്രിസ്ത്യാനികൾക്കെതിരെ നടത്തിയ ഹിംസ, പുരോഹിതന്മാരെയും വിശ്വാസികളെയും പള്ളിക്കാരെയും അവർ നിർദാക്ഷിണ്യം കൊന്നുതള്ളിയത് ഒന്നും അത്രയെളുപ്പത്തിൽ മറന്നുകൊണ്ട് അവരോടടുക്കാൻ റഷ്യയിലെ മതവിശ്വാസികൾക്ക് സാധിച്ചുകൊള്ളണമെന്നില്ല. 

കാര്യം സ്യുഗാനോവിന്റെ ദൈവവഴിയിലേക്കുള്ള അഭിനിവേശം, റഷ്യൻ കമ്യൂണിസ്റ്റ് താത്വികാചാര്യന്മാർ ഇന്നോളം പറഞ്ഞുവെച്ചതിൽ നിന്നുള്ള വ്യതിയാനമാണ് എങ്കിലും, അതിൽ റഷ്യയിലെ ഇന്നത്തെ പാർട്ടി കോമ്രേഡുകൾക്കൊന്നും തന്നെ അതിശയം തോന്നാനിടയില്ല. കാരണം, ഇത് അദ്ദേഹം കുറച്ചുകാലമായി ഇടക്കും മുറയ്ക്കും പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യം തന്നെയാണ് എന്നതുതന്നെ. “യേശുക്രിസ്തുവാണ് ലോകത്തെ ആദ്യത്തെ കമ്യൂണിസ്റ്റുകാരൻ” എന്ന വിവാദപ്രസ്താവന നടത്തിയതും സഖാവ് സ്യുഗാനോവ് തന്നെയായിരുന്നു. 

‘ദൈവം’ എന്ന വാക്ക് റഷ്യൻ ഭരണഘടനയിലേക്ക് കടന്നുവരുമോ എന്ന കാര്യത്തിൽ ഇനിയും ഒരു തീരുമാനം വന്നിട്ടില്ല. അതിനുവേണ്ട പ്രമേയങ്ങൾക്ക് അണിയറയിൽ ഉത്സാഹക്കമ്മിറ്റികൾ രൂപം നൽകിവരുന്നുണ്ട്. അക്കാര്യത്തിൽ അന്തിമമായ ഒരു വോട്ടെടുപ്പ് ഏപ്രിൽ 22 -ന്, കോമ്രേഡ് ലെനിന്റെ 150 -ാം പിറന്നാൾദിനത്തിൽ നടക്കുമ്പോൾ, അതിനെ റഷ്യൻ കമ്യൂണിസ്റ്റുകൾ പിന്തുണച്ചേക്കും എന്നാണ് റഷ്യയിൽ നിന്ന് മുമ്പ് ‘റഷ്യ ടുഡേ’ എന്നറിയപ്പെട്ടിരുന്ന, ഇന്ന് RT.com എന്നപേരിൽ ഇന്റർനെറ്റിൽ സജീവമായ റഷ്യൻ അന്താരാഷ്ട്ര മാധ്യമം റിപ്പോർട്ട് ചെയ്യുന്നത്. 

You might also like
Comments
Loading...