ആനന്ദിന്റെ മരുഭൂമിയും ബൈബിളിലെ മരുഭൂമിയും
1995 ല്‍ വയലാര്‍ അവാര്‍ഡ് നേടിയ നോവലാണ് ആനന്ദിന്റെ ‘മരുഭൂമികള്‍’ ഉണ്ടാകുന്നത്. കുന്ദന്‍ എന്ന ലേബര്‍ ഓഫീസറിന്റെ മാനസിക സംഘര്‍ഷമാണ് ഈ നോവലിന്റെ ഇതിവൃത്തം. മരുഭൂമിയാണിതിന്റെ പശ്ചാത്തലം. ആനന്ദിന്റെ എഴുത്തുകളില്‍ മരുഭൂമിയുടെ പ്രലോഭനവും അതിജീവനവും കാണാം. മരുഭൂമിയില്‍ നേരിടേണ്ടി വരുന്ന പ്രധാനപ്പെട്ട മൂന്ന് കാര്യങ്ങളാണ് മണല്‍ക്കാറ്റ്, മണല്‍ക്കൂന, മരീചിക. ഇവയെ അതിജീവിക്കുന്നവയാണ് കഴുകന്‍, കള്ളിമുള്‍ച്ചെടി, അന്തരീക്ഷ ഊഷ്മാവില്‍ ജീവിക്കുന്ന ചെറു പക്ഷികള്‍. കുന്ദന്‍, രൂത്, ഗുല്‍സനും എല്ലാം വൈകാരിക പൂര്‍ണമായ അനുഭവങ്ങളില്‍ കൂടെ കടന്നുപോകുന്ന ദുഃഖകരമായ പര്യവസാനമാണ് നോവലിനുള്ളത്.
ഭൂമിയുടെ അഞ്ചിലൊന്ന് ഭാഗം മരുഭൂമിയാണ്. ലോകത്തിലെ ഏറ്റവും വലിയ ശീത മരുഭൂമി അന്റാര്‍ട്ടികയും, ഏറ്റവും വലിയ ഉഷ്ണമരുഭൂമി സഹാറ യുമാണ്. ബൈബിളിലെ പ്രധാന സംഭവങ്ങള്‍ എല്ലാം അരങ്ങേറുന്നത് മരുഭൂമിയിലാണ്. സൃഷ്ടികര്‍മ്മം നടക്കുന്നത് ഏകാന്തതയുടെ പാഴും ശൂന്യവുമായ മരുഭൂമിയിലാണ്. രക്ഷാചരിത്രത്തിന്റെ ആരംഭം കുറിക്കുന്നത് അബ്രഹാമിന്റെ മരുഭൂമിയാത്രയിലൂടെയാണ്. ജനത്തെ നയിക്കാന്‍ മോശെ ശക്തിയാര്‍ജിച്ചത് മരുഭൂമിയിലാണ്. ഏലിയാ പ്രവാചകന്‍ ദൈവത്തെ കണ്ടുമുട്ടിയത് മരുഭൂമിയിലാണ്. ഇസ്രായേല്‍ ജനം 40 വര്‍ഷം മരുഭൂമിയിലൂടെ നടന്നു, പുതിയ മോശെയായ യേശു മരുഭൂമിയിലൂടെയാണ് പ്രലോഭനങ്ങളുടെ മേല്‍ വിജയം നേടി രക്ഷാചരിത്രത്തിന് നാന്ദി കുറിക്കുന്നത്.
മരുഭൂമിയാത്ര ലക്ഷ്യം തെറ്റിയ യാത്രയാണ്, ഏകാന്തതയുടെ യാത്രയാണ്, അതികഠിനമായ ചൂടിന്റെയും ഭക്ഷണമില്ലായ്മയുടെയും യാത്രയാണ്. മരുഭൂമി ആകര്‍ഷണങ്ങളില്ലാത്ത, ശാലീനതയില്ലാത്ത, ഒറ്റപ്പെടലിന്റെ, കണ്ണീരിന്റെ നനവുള്ള അവസ്ഥയാണ്. ബൈബിള്‍ വീക്ഷണത്തില്‍ മരുഭൂമി ഒരു മരണഭൂമിയല്ല. ഇസ്രായേല്‍ മക്കള്‍ക്ക് തനിമ (identity) രൂപപ്പെട്ട സ്ഥലമാണിത്. ദൈവാനുഭവത്തിന്റെയും വെളിപ്പാടിന്റെയും സ്ഥലമാണ് (theophany). ആഹാരമില്ലാത്തവന് മന്നയും കടപ്പക്ഷിയും കൊണ്ട് വിരുന്നൊരുക്കിയ ഭൂമിയാണ് മരുഭൂമി. ദാഹിക്കുന്നവന് കരിംപാറ തെളിനീര് ചുരത്തുന്ന പ്രഹേളികയാണ് മരുഭൂമി. വീടില്ലാത്തവന് തണല്‍പ്പന്തലൊരുക്കുന്ന സമസ്യയാണ് മരുഭൂമി. മരുഭൂമിയിലൂടെ ഒരു ലക്ഷ്യവുമില്ലാതെ കുടുംബപ്രശ്നത്തിന്റെ പേരില്‍ ഓടിപ്പോയ ആദ്യത്തെ സറോഗേറ്റ് സ്ത്രീയായിരുന്നു ഹാഗാര്‍ (surrogate woman). നീയെവിടെ നിന്ന് വരുന്നു, എവിടേക്ക് പോകുന്നു എന്ന രണ്ടു ചോദ്യങ്ങള്‍കൊണ്ട് ദൈവം അവളുടെ ഗതി മാറ്റിയെഴുതുകയാണ് മരുഭൂമിയില്‍. ഉപേക്ഷിക്കപ്പെട്ടവള്‍, പതറിപ്പോയവള്‍, മരിക്കാന്‍ വേണ്ടി വാവിട്ടു കരഞ്ഞവള്‍ മിഴി തുറന്നു കാണുന്നത് നീര്‍ത്തടങ്ങളാണ്. അമ്മയെന്ന നിലയില്‍ മകനെ മരുഭൂമിയില്‍ കെല്പുള്ളവനായി രൂപപ്പെടുത്തുകയാ ണവള്‍. മരുഭൂമി മരണഭൂമിയല്ല. മുന്നോട്ടുപോകാന്‍ കരുതിവയ്ക്കാതെ ദൈവം ആരെയും മരുഭൂമിയിലേക്ക് എറിഞ്ഞുകൊടുക്കില്ല.