ലേഖനം | നാം ഇങ്ങനെ പോയാൽ മതിയോ? | ജോ ഐസക്ക് കുളങ്ങര

ക്രിസ്തു എന്ന ലോക രക്ഷകന്റെ സത്യസന്ദേശം സർവ്വഭൂമിയിലും എത്തിക്കുക എന്നത് വലിയൊരു ദൗത്യം നമ്മെ ഭരമേല്പിച്ചാണ്‌ ആ വലിയ യജമാനൻ ഇപ്രകാരം പറഞ്ഞത്. “കൊയ്ത്ത് വളരെയധികം ഉണ്ട് എന്നാൽ വേലക്കാരോ ചുരുക്കം”.
എന്നാൽ, ആധുനിക പെന്തക്കോസ്ത് സമൂഹം ഇതിനെ എങ്ങനെ നോക്കി കാണുന്നു എന്നത് ഒന്ന് ചിന്തിക്കേണ്ടിയിരിക്കുന്ന സമയമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.

പെന്തക്കോസ്ത് സമൂഹം
ഒട്ടേറെ വിമർശനങ്ങൾ ഏറ്റുവാങ്ങുന്ന ഒരു കാലഘട്ടം ആണിത്. പലയിടത്തും ഉള്ള തെറ്റായ ഉപദേശരീതികൾ, സ്ഥാനമോഹവും ഗ്രുപ്പിസവും,
പ്രസ്ഥാനങ്ങൾ തമ്മിലുള്ള മത്സരബുദ്ധി, ചേർച്ചയില്ലായിമ, അഹംഭാവം,
സഭയിലെ ആദരണീയമായ സ്ഥാനങ്ങൾ വഹിക്കുന്ന പല വ്യക്തികളുടെയും സ്വകാര്യജീവിതത്തിലെ കാപട്യങ്ങളും തെറ്റുകളും ഇവ എല്ലാം
ഇന്ന് പൊതുസമൂഹത്തിൽ നമ്മളെ എവിടെ എത്തിച്ചു എന്നത് ഇടക്ക് എങ്കിലും ഒന്നു ചിന്തിക്കേണ്ടി ഇരിക്കുന്നു.

കൊറോണ കാരണം പൊതു സഭായോഗം കൂടി
ഇടക്ക് മുടങ്ങിയതു കൂടിയായപ്പോൾ ഉന്തിന് കൂടെ ഒരു തള്ള് കൂടി എന്ന് പറയുംപോലെയായി അവസ്ഥ.
സൂമിൽ യോഗങ്ങൾ കൂടിയപ്പോൾ ഉഴപ്പൻ അച്ചായന്മാരുടെ യോഗവും തെളിഞ്ഞു .
കാരണം
ഒറ്റ ‘മ്യുട്ടിൽ’ അങ്കവും കാണാം താളിയും ഒടിക്കാം.

സഭാരാധനയും കൂടിവരവുമോക്കെ
വീട്ടിലെ സഭായോഗവും, ഷെഡ്യൂള്ഡ് മീറ്റിംഗും ഒക്കെ ആയപ്പോൾ ഒരുപക്ഷേ കൊറോണ കാലത്തെ
സോഷ്യൽ മീഡിയാ പ്ലാറ്റ്‌ഫോം പെന്തെക്കോസ്തു സമൂഹം അടക്കിവാണു എന്ന് വേണമെങ്കിൽ പറയാം.
എന്നാൽ കഥ അവിടെയും തീരുന്നില്ല.

കുമിള് പോലെ പ്രസംഗകരും, പ്രവാചകന്മാരും പ്രായഭേദമന്യേ ലൈവ്വായി തുടങ്ങി.
വേണ്ടത്ര വേദ പരിജ്ഞാനമോ, ആത്മീക അറിവോ ഇല്ലാതെ എന്തൊക്കെയോ വിളിച്ചുപറഞ്ഞു ലൈക്കും ഷെയറും വാരികൂട്ടാൻ തുടങ്ങിയപ്പോൾ ഇതിനും അപ്പുറം ഒരു സമൂഹം ഇതെല്ലാം വീക്ഷിക്കുന്നു എന്ന് അവർ ചിന്തിക്കുവാൻ ഒരുപക്ഷെ മറന്നു പോയിരിക്കും.
വചനത്തെ വളച്ചൊടിച്ചു തങ്ങളുടേതായ രീതിയിൽ ലോകത്തെ കാണിക്കുമ്പോൾ
മറ്റുള്ളവർക്ക് പറഞ്ഞു പരിഹസിക്കാനും,
സമൂഹത്തിൽ ഒറ്റപ്പെടുത്താനും ജാതികൾക്ക് ഇവർ അവസരം ഒരുക്കി കൊടുക്കുക കൂടിയാണ്.
എവിടെയാണ് നാം മാറേണ്ടത്?
എന്താണ് നാം ഇനി ചെയേണ്ടത്?
രണ്ടു പ്രാവശ്യമെങ്കിലും ഈ ചോദ്യങ്ങൾ ഒന്നു വായിക്കുക.
പ്രസ്ഥാനവും, പദവിയും അല്ലാ വലുത് എന്ന് തിരിച്ചറിഞ്ഞു, വരും തലമുറയെ വചനം എന്ന മായമില്ലാത്ത പാൽ പകർന്നു നൽകി സത്യ സുവിശേഷം ലോകത്തെ അറിയുക്കുവാൻ വളർത്തിയെടുക്കണം.
പെന്തെക്കോസ്തു സങ്കിയും, കൊങ്ങിയും കമ്മിയും ഒക്കെ ആയി നമ്മുടെ തലമുറ മാറാതെ ഇരിക്കുവാൻ അവരെ സത്യോപദേശത്തിൽ വളർത്തി എടുക്കുവാൻ മാതാപിതാക്കൾ, സഭാ ശ്രുഷകന്മാർ , സെന്റർ പാസ്റ്റർമാർ മുതൽ മുതിർന്ന നേതാക്കൾ വരെയുള്ള ഓരോ വ്യക്തികളും നന്നേ അധ്വാനിക്കണം .

സുവിശേഷം ഇനിയും അറിയാത്തവരിലേക്ക് എത്തിക്കുന്നതിനൊപ്പം തന്നെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ് ക്രിസ്തീയ വിശ്വാസം ഉപേക്ഷിച്ചവരെ തിരികെ കൊണ്ടുവരിക എന്നതും.അതിനായി പ്രയത്നിച്ചു ഒരുമിച്ചു മുന്നേറാൻ കഴിഞ്ഞില്ലാ എങ്കിൽ..
ഒന്ന് ചിന്തിച്ചു നോക്കൂ?….

Comments (0)
Add Comment