യഹൂദ തൊപ്പി – കിപ്പാ
പരമ്പരാഗത യഹൂദ പുരുഷന്മാരും ആണ്‍കുട്ടികളും ധരിക്കുന്ന ഒരു ചെറു തൊപ്പിയാണ് കിപ്പാ. യഹൂദരില്‍ 90 ശതമാനവും ഇത് ധരിക്കാറുണ്ട്. കിപ്പാ എന്ന എബ്രായ പദത്തിന്റെ അര്‍ത്ഥം തലയോട്ടി എന്നാണ്. മറ്റുള്ളവരില്‍ നിന്ന് യഹൂദനെ തിരിച്ചറിയുന്നതി നായി കിപ്പാ ധരിക്കുന്നത് ആവശ്യമാണ്.
ഇന്ന് വ്യത്യസ്ത വസ്തുക്കളാല്‍ നിര്‍മ്മിച്ച പല വലിപ്പത്തിലും പല തരത്തിലുമുള്ള കിപ്പാ ലഭ്യമാണ്. വെല്‍വെറ്റ്, കോട്ടണ്‍, ലതര്‍ തുടങ്ങിയ വസ്തുക്കളുപയോഗിച്ച് വിവിധ ഡിസൈനുകളില്‍ ഇത് നിര്‍മ്മിക്കുന്നു. കൈകള്‍ കൊണ്ട് നെയ്‌തെടുക്കുന്ന കിപ്പാ ആണ് ബഹുഭൂരിപക്ഷം യഹൂദരും ഉപയോഗിക്കുന്നത്. കിപ്പാ ധരിക്കുന്നതിന് എന്തെങ്കിലും വേദപുസ്തക അടിസ്ഥാനം കാണുവാനാകില്ല. യഹൂദരുടെ പ്രാമാണിക നിയമ ഗ്രന്ഥങ്ങളിലൊന്നായ തല്‍ മൂദില്‍ (Al – Talmud) കിപ്പായെക്കുറിച്ച് പരാമരശിക്കുന്നുണ്ട്. അതിന്‍ പ്രകാരം കിപ്പാ ധരിക്കാതെ ഒരു യഹൂദന്‍ 4 മുഴത്തില്‍ കൂടുതല്‍ ദൂരം പുറത്തിറങ്ങി നടക്കരുത് എന്ന് ശക്തമായി നിര്‍ദ്ദേശിക്കുന്നുണ്ട്. യഹൂദ മതപരമായ ചടങ്ങുകളില്‍ സംബന്ധിക്കുന്നതിനും സിനഗോഗില്‍ പ്രവേശിക്കുമ്പോഴും കിപ്പാ ധരിച്ചിരിക്കണം എന്നാണ്. ഇതിന് വിശുദ്ധ പദവിയൊന്നും യഹൂദജനം കല്പിക്കുന്നില്ല.