ദൈവത്തിന്റെ തിരഞ്ഞെടുപ്പ് .

ജോ ഐസക്ക് കുളങ്ങര

ദൈവം ദാവീദിനെ തിരഞ്ഞെടുത്തത് വളരെ ലളിതവും , ആരെയും അത്ഭുതപ്പെടുത്തുന്നതും ആയിരുന്നു. തന്റെ മുൻപിൽ നിൽക്കുന്ന മല്ലനായ ഗോലിയാത്തിനെ കീഴടക്കുവാൻ ദൈവം അവനെ അയച്ചപ്പോൾ കൂടെ മിനുസമുള്ള 5 കല്ലുകളും ഒരു കവണയും മാത്രമാണ് കൊടുത്തുവിട്ടത്.വലിയ വെല്ലുവിളികൾക്കോ , ബഹളങ്ങൾക്കോ ഇടം നൽകാതെ ദാവീദ് നടന്നു നീങ്ങിയത്, ഒരു ജനതയെ മുഴുവൻ ഭീതിയിൽ നിർത്തി ഭീഷണിമുഴക്കിയ ഗോലിയാത്തിനെ നേരിടുവാൻ ആയിരുന്നു. താമ്ര ശിരസ്ത്രവും അയ്യായിരം ശേഖൽ തൂക്കമുള്ള കവചവും സകലവിധ പടച്ചട്ടകളും അണിഞ്ഞു നിന്ന് വെല്ലുവിളിച്ച ഗോലിയാത്തിനെ നേരിടുവാൻ
ഒരു കൊച്ചു ബാലൻ മുൻപോട്ടു വന്നപ്പോൾ ഒരു പക്ഷെ കണ്ടു നിന്നവരും കൂടെ നിന്നവരും കളിയാക്കിചിരിച്ചിട്ടുണ്ടാകും. എന്നാൽ വെറും ബാലനായിരുന്ന ദാവീദിന് തന്നെ തിരഞ്ഞെടുത്തവന്റെ കഴിവിലും ശക്തിയിലും പൂർണ്ണ വിശ്വാസമുള്ളതിനാൽ മല്ലനായ തന്റെ എതിരാളിയെ നേരിടുവാൻ രാജാവ് അനുവാദം കൊടുക്കുമ്പോൾ ദാവീദ് പ്രാധ്യാനം നൽകിയത് പടക്കോപ്പുകൾക്കോ, പടച്ചട്ടകൾക്കോ ആയിരുന്നില്ല. തന്നെ അയച്ച സർവ്വശക്തനായ പിതാവിലുള്ള ഉറപ്പിൻമേൽ എന്തിനെയും നേരിടുവാൻ ഉള്ള ചങ്കുറപ്പും കൊണ്ട് മുൻപോട്ടു നീങ്ങിയപ്പോൾതന്നെ മല്ലനായ ഗോലിയാത്ത് പരാജയം മണത്തു കാണും. തന്നെ പരിഹസിച്ചും കളിയാക്കിയും മാനസിക സമ്മർദ്ദം ഉണ്ടാക്കി പിന്തിരിപ്പിക്കാൻ ശ്രമിച്ച മല്ലന്റെ നേരെ തിരഞ്ഞെടുത്ത മിനുസമുള്ള ആ അഞ്ച് കല്ലുകളിൽ ഒന്നു തന്റെ കവണയിൽ വെച്ചു തൊടുക്കുമ്പോൾ ലക്ഷ്യം കിറു കൃത്യമായിരുന്നു.അവിടെ കണ്ടത് ഒരു ദൈവ പൈതലിന്റെ വിശ്വാസത്തിന്റെ പൂർത്തീകരണമായിരുന്നു.
നമ്മുടെ ജീവിതവുമായി ദാവീദിന്റെ ജീവിതത്തെ താരതമ്യം ചെയ്തു നോക്കുമ്പോൾ നമുക്ക് കാണാൻ കഴിയുന്ന പല കാര്യങ്ങളുണ്ട്. നമ്മേക്കാൾ വലിയ എതിരാളികൾ, നമ്മുടെ ചിന്തകൾക്കും മീതെ നിൽക്കുന്ന പ്രശ്നങ്ങൾ. ഇതിനെല്ലാം മുന്നിൽ പലപ്പോഴും നമ്മൾ പകച്ചു നിന്നു പോയിട്ടുണ്ടാവും. എന്നാൽ നമ്മൾ കണ്ടിട്ടുo മനസ്സിലാക്കാതെ പോകുന്ന ദൈവത്തിന്റെ ചില തിരഞ്ഞെടുപ്പുകളുണ്ട്.

മല്ലനായ ഗോലിയാത്തിനെ നേരിടാനായി ദൈവം അയച്ചത് പ്രത്യേകിച്ച് പറയത്തക്ക വലിപ്പമോ കായിക ബലമോ ഇല്ലായിരുന്ന ദാവീദിനെയാണ്. അവിടെ നമ്മൾ തിരിച്ചറിയേണ്ട ഒരു ദൈവിക പ്രവൃത്തിയുണ്ട്. ദാവീദിനേക്കാൾ ബലവാന്മാർ ആ രാജ്യത്ത് ഇല്ലാഞ്ഞിട്ടല്ല ദൈവം ദാവീദിനെ തിരഞ്ഞെടുത്ത് അയച്ചത്. പകരം, ഒന്നു മില്ലായ്മയിലും ദൈവകൃപയുണ്ടായതിനാൽ ബാലനായ ദാവീദിന് ഒരു കവിണയും ഒരു കല്ലും കൊണ്ട് ലാഘവത്തോടെ അവനേക്കാൾ എത്രയോ മടങ്ങ് ശക്തിയും ബലവും ഉള്ള മല്ലനായ ഗോലിയാത്തിനെ കൊല്ലാൻ കഴിഞ്ഞെങ്കിൽ, പലപ്പോഴായി നമ്മുടെ ജീവിതത്തിൽ മുൻപോട്ടുള്ള ആത്മീകവും ഭൗതികവുമായ വഴികളെ അടച്ചുകളഞ്ഞു കൊണ്ട് മുൻപിൽ നിൽക്കുന്ന വലുതും ചെറുതുമായ പ്രശ്നങ്ങളെ നോക്കി ഇനി എന്ത് ? എന്നു ചിന്തിച്ച് നിരാശപ്പെട്ട് ജീവിതം തള്ളിനീക്കുമ്പോൾ , ദാവീദിനെ തിരഞ്ഞെടുത്ത സർവ്വശക്തനായ പിതാവിനെ മറന്നു പോകരുത്.

ദാവീദിനെ തിരഞ്ഞെടുത്ത് അയച്ച ആ ദൈവം തന്നെയാണ് നിന്നെയും എന്നെയും പാപത്തിന്റെ പടുകുഴിയിൽ നിന്ന് വിളിച്ചു വേർതിരിച്ച് നമ്മെ വീണ്ടെടുത്തത്. മനസ്സു മടുത്തു പോകാതെ നിന്റെ പ്രശ്നങ്ങളെ ദാവീദിനെപ്പോലെ ധൈര്യത്തോടെ നേരിടുവാനുള്ള കൃപയ്ക്കായ് യാചിച്ച് പ്രാപിപ്പിൻ. നിന്റെ പ്രശ്നങ്ങൾ വലുതോ ചെറുതോ എന്തുമാകട്ടെ, അതിനും മീതെ പ്രവൃത്തിക്കുവാൻ ബലമുള്ള പിതാവിന്റെ കരത്തിലാണ് നീ മുറുക്കെ പിടിച്ചിരിക്കുന്നതെന്ന ഉത്തമ ബോധ്യത്തോടെ, പ്രത്യാശയോടെ, ഉറപ്പോടെ, നിനക്കെതിരായി നിനക്കു മുൻപിൽ വന്നു നിൽക്കുന്ന ഗോലിയാത്തിന്റെ ബലമുള്ള പ്രതിബദ്ധങ്ങളെ പരിശുദ്ധാത്മാവിന്റെ ബലത്താൽ തരണം ചെയ്യുവാൻ സർവ്വത്തിനും ഉടയവനായവൻ നിങ്ങളെ ഏവരെയും അനുഗ്രഹിക്കട്ടെ.

Comments (0)
Add Comment