മനുഷ്യൻ തന്റെ ജീവിതത്തിൽ ഏറ്റവും പ്രാധാന്യം ഉള്ള ബന്ധങ്ങൾ കണക്കിലെടുത്താൽ അതിൽ ഏറ്റവും മുൻപന്തിയിൽ ഉള്ള ഒരു ബന്ധം ആണ് സുഹൃത്ബന്ധം … ജീവിതത്തിന്റെ പല ഘട്ടങ്ങളിൽ നമ്മൾ പോലും പ്രതീക്ഷിക്കാതെ ചിലർ നമ്മളിലേക്ക് വന്നു ചേരാറുണ്ട്…അവരിൽ ചിലർ നമ്മുടെ ഏറ്റവും നല്ല ആത്മമിത്രങ്ങൾ ആയി മാറാറുണ്ട് ..നമ്മുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപെട്ട ചില വഴിതിരുവകളിൽ അവരുടെ സാന്നിധ്യം നമ്മൾ അനുഭവിച്ചിട്ടുണ്ട് ..പലപോഴും നമ്മൾ ഒരു സുഹൃത്തിലേക്ക് അല്ലെങ്കിൽ അവർ നമ്മിലേക്ക് ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ എങ്ങനെയോ ആകര്ഷിക്കപെട്ടതുകൊണ്ടാണ് നമ്മളിൽ സൗഹൃദം ജനിച്ചത് , അത് എങ്ങനെ സംഭവിച്ചു എന്ന് ഇപ്പഴും നാം ചിന്തിക്കാറുണ്ട് ..
ഞാൻ വിശ്വസിക്കുന്നു , ഒരു മനുഷ്യനെ വിജയത്തിലേക്കും അത് പോലെ തന്നെ നാശത്തിലേക്കും നയിക്കാൻ ഒരു സുഹൃത്തിനു കഴിയും …നല്ല സുഹൃത്തക്കളെ തിരഞ്ഞെടുക്കുവാൻ ദൈവം നമ്മളെ സഹായിച്ചത് കൊണ്ടാവാം നാം ഇപ്പോഴും ജീവിത വിജയത്തിലേക്കു ഓടികൊണ്ടരിക്കുന്നത് …
ഇന്ന് വളര്ന്നു വരുന്ന തലമുറയിൽ നമ്മൾ കണ്ടു കൊണ്ടരിക്കുന്ന കൗമാരക്കാരായ കുട്ടികളുടെ ഇടയിൽ ഏറ്റവും സന്തോഷവും അതുപോലെ ദുഖവും സമ്മാനിക്കുന്ന ഒരു ബന്ധം ആണ് അവർ തിരഞ്ഞെടുക്കുന്ന സുഹൃത്ബന്ധങ്ങൾ … അതിൽ നല്ലൊരു ശതമാനവും അവർ തിരഞ്ഞെടുക്കുന്നത് മോശമായ സൗഹൃത് ബന്ധങ്ങൾ ആയി മാറുകയാണെന്ന് ഇപ്പോൾ ഉള്ള ചുറ്റുപാടിൽ കണ്ണ് ഓടിച്ചാൽ സങ്കടകരമായ നമ്മൾക്ക് കാണാൻ സാധിക്കും …അത് എന്തുകൊണ്ട് ഉണ്ടാവുന്നു എന്ന് പരിശോധിച്ചാൽ ,കൃത്യ സമയത്തു ഉറച്ച ശെരിയായ തീരുമാനം എടുക്കാൻ നമ്മുടെ കുട്ടികൾക്ക് ധൈര്യം ഇല്ലാത്തതു കൊണ്ട് ആണെന്ന് ചിന്തിക്കേണ്ടരിക്കുന്നു …Yes പറയേണ്ടിത്ത് Yes പറയാനും NO പറയണ്ട സാഹിചര്യത്തിൽ കൃത്യമായി ധൈര്യമായി No പറയാനും നമ്മുടെ കുട്ടികൾ പരിശീലിക്കേണ്ടിയിരിക്കുന്നു .. ഞാൻ No പറഞ്ഞാൽ എന്റെ സൗഹൃദം നഷ്ടപ്പെടുമോ അല്ലെങ്കിൽ ഞാൻ സുഹൃത്തുകളുടെ ഇടയിൽ ചെറുതായി പോകുമോ എന്നുള്ള ഭയം കൊണ്ട് ആവും , നോ പറയാൻ അവർക്കു ധൈര്യം ഉണ്ടാവാത്തത്…അതിനു കഴിയാതെ പോകുന്നത് കൊണ്ടാണ് ഇന്ന് പത്രവാർത്തകളിൽ നാം കണ്ടുവരുന്ന കൗമാരക്കാരുടെ ഇടയിലെ അമിതമായ ലഹരി മയക്കുമരുന്ന് ഉപയോഗം ..
മുൻവർഷങ്ങളിൽ നിന്ന് കഴിഞ്ഞ രണ്ടു വർഷത്തിന്റെ ഇടയിൽ കേരളത്തിൽ നിന്ന് മാത്രം നാലിരട്ടി വർദ്ധനവ് ആണ് മയക്കുമരുന്നു കേസുകൾ രേഖപ്പെടുത്തിയിരിക്കുന്നത് …എന്തിനു പറയുന്നു ഞാൻ ഇത് എഴുതുമ്പോൾ തന്നെ , എന്റെ കൊച്ചു ഗ്രാമത്തിലെ വീടിന്റെ തൊട്ടു അടുത്ത പരിസരങ്ങളിൽ നിന്ന് വരെ ഒരിക്കലും കേട്ടിട്ടുപോലും ഇല്ലാത്ത മയക്കുമരുന്നുകൾ പോലീസ് പിടിച്ചതായി അറിയാൻ സാധിച്ചു ..ഇതിലും ഏറ്റവും ഭീതിപ്പെടുത്തുന്ന മറ്റൊരു വസ്തുത,ഈ കേസുകളിൽ പിടിക്കപ്പെടുന്നത് 15 നും 25 നും ഇടയിൽ പ്രായമായ കുട്ടികൾ ആണ് എന്നുള്ളതാണ് ..അതിൽ പെൺകുട്ടികളും ആൺകുട്ടികളും ഉൾപ്പെടുന്നു എന്ന കാര്യം വീണ്ടും നമ്മളിൽ ഭീതി ജനിപ്പിക്കുന്നുണ്ട് …നമ്മുടെ അടുത്ത ഒരു യുവ തലമുറ എവിടേക്കാണ് ആകര്ഷിക്കപെടുന്നത് ….? വളരെ കാര്യമായി തന്നെ വരും ദിവസങ്ങൾ ചർച്ച ചെയ്യെണ്ടിരിക്കുന്നു ..
ഇപ്പോൽ ഒരു പക്ഷെ നിങ്ങൾ ചിന്തിക്കുന്നുണ്ടാവും ഇതൊന്നും എന്നെ ബാധിക്കുന്ന കാര്യമല്ലല്ലോ , ഈ കേസുകളിൽ ഒക്കെ അകപ്പെട്ടത് മറ്റു ഇതര മത സാമുദായിക വിഭാഗത്തിൽ പെട്ട കുട്ടികൾ അല്ലെ …!!! എന്റെ കുട്ടികൾ ഒന്നും അങ്ങനെ പോകില്ലല്ലോ എന്ന് …എന്നാൽ നിങ്ങള്ക്ക് തെറ്റി … പുറത്തു അറിഞ്ഞതും അറിയപ്പെടാത്ത ഇത്തരം കേസുകളിൽ നമ്മുടെ കുട്ടികളും അടങ്ങിയിട്ടുണ്ട് ..100 വർഷത്തെ പെന്തക്കോസ്ത് പാരമ്പര്യം പറയുന്ന നമ്മൾ അടങ്ങുന്ന വിശ്വാസി സമൂഹത്തിന്റെ ഭവനത്തിലെ കുട്ടികൾ വരെ ഇതിൽ അകപ്പെട്ടിട്ടുണ്ട് ..അതിനു കാരണക്കാർ ഒരു വിധത്തിൽ നമ്മൾ തന്നെ ആണെന്നു പറയേണ്ടി വരും …കുറച്ചുകൂടെ ലളിതമായി പറയട്ടെ , നമ്മൾ കണ്ടുമുട്ടിയ ക്രിസ്തു എന്ന ആത്മമിത്രത്തെ ശെരിയായി രീതിയിൽ നമ്മൾ നമ്മുടെ തലമുറയ്ക്ക് കൈമാറ്റം ചെയ്യാൻ കഴിയാതെ പോയത് കൊണ്ടാണ് എന്ന് പറയേണ്ടി വരും .. ക്രിസ്തുവിന്റെ സ്വന്തം ജനം എന്ന് അവകാശപെടുന്ന നമ്മുടെ കുട്ടികൾ പോലും യേശു ക്രിസ്തുവിലേക്കു ആകര്ഷിക്കപെടാത്തതു എന്തുകൊണ്ടാണ് എന്ന് ഇനി എങ്കിലും നാം ചിന്തിക്കാൻ സമയം കണ്ടെത്തണം …ഇന്ന് പരിസരങ്ങളിൽ കേട്ട വാർത്ത നാളെ നമ്മുടെ ഭവനത്തിൽ കേൾക്കാതിരിക്കാൻ നാം എന്താണ് ചെയ്യണ്ടത് ..?
ഈ അടുത്ത് സമയത്തു 16 നും 18 നും ഇടയിൽ പ്രായമുള്ള വിശ്വാസ കുടുംബത്തിൽ ജനിച്ച എന്റെ ഒരു കുഞ്ഞു അനുജനോട് ഞാൻ ചോദിച്ചു ” എങ്ങനെ ആണ് ഒരാൾ നിനക്ക് Best Friend ആവുന്നതെന്നു “..? അപ്പോൾ ആ അനിയൻ പറഞ്ഞു ” എനിക്ക് എന്തും വിശ്വസിച്ചു ഷെയർ ചെയ്യാൻ പറ്റുന്ന , ഞാൻ വിളിച്ചാൽ ഏതു പാതിരാത്രിയിലും എനിക്ക് വേണ്ടി ഇറങ്ങി വരുന്ന ഫ്രണ്ട് ആണ് എന്റെ Best Friend എന്ന് “…. അപ്പോൾ ഞാൻ അവനോടു ചോദിച്ചു യേശുക്രിസ്തു അപ്പോ നിനക്ക് ഒരു ഫ്രണ്ട് അല്ലെ ..? അതിനു അവൻ പറഞ്ഞ മറുപടി ” യേശുക്രിസ്തു ദൈവമല്ലേ , ദൈവം എങ്ങനെ നമ്മുടെ ഫ്രണ്ട് ആവുമെന്ന് …? ആ വാക്കുകൾ ഞാൻ കുറെ ചിന്തിച്ചു , അവന്റെ പ്രായത്തിൽ ഉള്ള കുട്ടികൾ ഒരു Best Friend നു കാണുന്ന യോഗ്യത ഇത്രേ ഉള്ളുവെങ്കിൽ , അതിനു എത്രയാ മുകളിൽ ചെയ്യുന്ന ,അവനു വേണ്ടി സ്വന്തം ജീവനെ കൊടുത്ത , കൂരിരുളിന്റെ ഏതു താഴവരയിലും അവനോടൊപ്പം നടക്കുന്ന നല്ല സ്നേഹിതനായ യേശു ക്രിസ്തുവിനെ എന്ത് കൊണ്ട് അവനൊരു സുഹൃത്തായി കാണാൻ കഴിയുന്നില്ല എന്ന് …..ആ ചോദ്യം തന്നെ ഞാൻ നിങ്ങളോടു ചോദിക്കുന്നു
യേശുക്രിസ്തുവിനെ ഒരു ആത്മമിത്രമായി അല്ലെങ്കിൽ ഒരു ഉറ്റ സുഹൃത്തായി എന്ത് കൊണ്ട് നാം നമ്മുടെ കുട്ടികൾക്ക് പരിചയപെടുത്തുന്നില്ല …?
കുഞ്ഞു നാളിൽ കുറുമ്പ് കാട്ടിയാൽ യേശു അപ്പച്ചൻ അടിക്കും എന് പറഞ്ഞു പഠിപ്പിച്ച നാം ആ കുഞ്ഞു വളർന്നു വന്നപ്പോൾ അടിക്കുന്ന യേശു അല്ലാ , മറിച്ചു തലോടുന്ന യേശുവിനെ അല്ലെങ്കിൽ ആശ്വസിപ്പിക്കുന്ന യേശുവിനെ പരിചയപ്പെടുത്തി കൊടുക്കാൻ നാം പലപ്പോഴും മറന്നു പോവാറുണ്ട് എന്നുള്ളത് സത്യമല്ലേ ..? അങ്ങനെ നാം ചെയ്യാതിരുന്നത് കൊണ്ട് ആ കുഞ്ഞു വളർന്നപ്പോൾ അടിക്കുന്ന അല്ലെങ്കിൽ ഭയത്തോടെ സമീപിക്കേണ്ട ഭീകരനായ യേശുവിനെ അല്ലെങ്കിൽ എപ്പോഴും പേടിക്കേണ്ട ഒരു ആള് മാത്രമായി അവർ യേശുവിനെ മനസിലാക്കി .സ്നേഹത്തിന്റെയും തലോടലിന്റെയും സാന്ത്വനത്തിൻേറയും യേശുവിനെ അവർ തിരിച്ചു അറിയാതെ പോകുന്നു … പതിയെ പതിയെ പേടി ഉള്ള വസ്തുവിൽ നിന്ന് ഓടി ഒളിക്കുമ്പോലെ അവർ ക്രിസ്തുവിനെ എപ്പോഴോ മറന്നു പോകുന്നു …
ക്രൂശിൽ സ്വന്തം ജീവൻ ബലികഴിച്ച സ്നേഹിച്ച സ്നേഹനിധിയായ , കരുണാമയനായ , മനസ്സലിവുള്ള ,ആർദ്രതയുള്ള ഒരു നല്ല സുഹൃത്ത് നിനക്ക് ഉണ്ട് മകനെ അല്ലെങ്കിൽ മകളെ എന്ന് എപ്പോഴെങ്കിലും നാം നമ്മളുടെ കുട്ടികൾക്ക് പരിചയപെടുത്താറുണ്ടോ ..? ഇല്ലെങ്കിൽ ഈ യേശുവിനെ നിങ്ങൾ അവർക്കു പഠിപ്പിച്ചു കൊടുക്കണം ….അപ്പോൾ മുതൽ അവർ യേശുവിനെ പേടിയോടു കൂടി അല്ലാതെ, എന്തും തുറന്നു പറയാൻ കഴിയുന്ന, അവരുടെ കൂടെ നടക്കുന്ന ഉറ്റസുഹൃത്തായ യേശുവിനെ കണ്ടു മുട്ടും …… തന്റെ Best Friend നെ അല്ലെങ്കിൽ കുട്ടികളുടെ തന്നെ ഭാഷയിൽ പറഞ്ഞാൽ ചങ്ക് ബ്രോ യെ തന്റെ പ്രവർത്തി കൊണ്ട് വിഷമിപ്പിക്കാൻ ആരും തയ്യാറാവില്ല ….
അവരുടെ സാന്മാർഗിക കഴിവുകളെ പെന്തക്കോസ്തിന്റെ പാരമ്പര്യം പറഞ്ഞു കെടുത്തി കളയാതെ …അവരുടെ ചെറിയ പ്രവർത്തികൾ പോലും ക്രിസ്തുവിലേക്കു തീരിച്ചു വിടാൻ തയാറായാൽ ,പിന്നെ അവർക്കു മറ്റുള്ളതിന്റെ പിറകെ പോകാൻ സമയം കിട്ടില്ല എന്ന് നമ്മൾ തീരിച്ചറിയണം…കുട്ടികളുടെ നല്ല സ്വപ്നങ്ങൾക്ക് ഒരു വിലങ്ങു തടി ആയി യേശുക്രിസ്തുവിനെ നിങ്ങൾ മാറ്റരുത് .. ദൈവം അവർക്കു കൊടുത്ത കഴിവ് കൊണ്ട് അവർ അത്ഭുതങ്ങൾ സൃഷ്ടിക്കട്ടെ ..എഴുതുന്നവർ എഴുതട്ടെ , പാടുന്നവർ പാടട്ടെ , നൃത്തം ചെയ്യാൻ കഴിവുള്ളവർ അത് ചെയ്യട്ടെ… സ്പോർട്സിൽ താല്പര്യം ഉള്ളവരെ അതിലേക്കു തീരിച്ചു വിടാൻ നമ്മൾ തയാറാവണം….യേശുക്രിസ്തുവിനെ ഒരു സുഹൃത്തായി കിട്ടിയ ഇവർ , തങ്ങളുടെ ജീവിത വിജയത്തിൽ ഉറപ്പായും അവർ യേശുവിനെ ഉയർത്തി കാട്ടും . ലോകത്തുള്ള ഒരു നല്ല സുഹൃത്തിനു വേണ്ടി അവർക്കു ചെയ്യാൻ കഴിയുന്നതെല്ലാം അവർ ചെയ്യുന്നത് പോലെ ക്രിസ്തു എന്ന ആത്മ സുഹൃത്തിനു വേണ്ടി ചെയ്യാൻ അവരെ പ്രോത്സാഹിപ്പിക്കാം …..അങ്ങനെ അവർ ക്രിസ്തു എന്ന ആത്മമിത്രത്തിലേക്കു തനിയെ ആകർഷിതരാവും …ക്രിസ്തുവുമായുള്ള സുഹൃത്ബന്ധം നഷ്ടമാവാതിരിക്കാൻ നമ്മുടെ കുട്ടികൾ എങ്കിലും No പറയാൻ പഠിക്കട്ടെ.. ഭയം മാറി അവർ ക്രിസ്തുവിനെ ചങ്ക് ബ്രോ ആക്കട്ടെ !!!
എന്ന് പ്രീയ കൂട്ടുകാരൻ ,
ജെസ് ഐസക് കുളങ്ങര