ലേഖനം | ” ജയിച്ചവരുടെ ഘോഷമോ; തോറ്റവരുടെ നിലവിളിയോ..? ” | ജോസ് പ്രകാശ് കാട്ടാക്കട

കഠിനഹൃദയനായ ഫറവോൻ്റെ അടിമനുകത്തിൽ കുടുങ്ങിപ്പോയ യിസ്രായേൽ ജനത്തെ ദൈവഭക്തനായ മോശയുടെ നേതൃത്വത്തിൽ കാഠിന്യമേറിയ നുകത്തിൻ്റെ കെട്ടുപൊട്ടിച്ച് ദൈവം കൊണ്ടുവന്നുവെങ്കിലും, ജനം വാർത്തുണ്ടാക്കിയ കാളക്കുട്ടിയുടെ മുമ്പിൽ കെട്ടഴിഞ്ഞവരായി തീർന്നു. മോശയുടെ അസാനിദ്ധ്യത്തിൽ നന്നായി നേതൃത്വം നൽകേണ്ടതിനു പകരം അഹരോൻ അവരെ അഴിച്ചുവിട്ടതായിരുന്നു കാരണം. ഫലമോ, ദൈവീക ആരാധന അന്യാരധനയായി മാറിയപ്പോൾ ഭക്തന്മാർക്കത് ഗ്രഹിക്കുവാൻ പ്രയാസമായി. അത് യുദ്ധഘോഷം ആയിരിക്കുമെന്നാണ് അവർക്ക് തോന്നിയത്.

ഇന്നത്തെ ചിലയിടങ്ങളിലെ ആരാധനകളിൽ ചില സന്ദർഭങ്ങളിലെങ്കിലും ഇത്തരം പ്രവണതകൾ കണ്ടാലുടൻ മനസ്സിലാക്കുക; അത് ഭക്തന്മാരുടെ കൂടാരത്തിലെ ഉല്ലാസത്തിൻ്റെയും ജയത്തിൻ്റെയും ഘോഷമല്ല; ആത്മീയ ജീവിതത്തിൽ തോറ്റു നിലവിളിക്കുന്നവരുടെ ശബ്ദമാണത്.

കാളക്കുട്ടികളെ ഹൃദയത്തിൽ പ്രതിഷ്ഠിച്ച് പുറമേ ഭക്തിയുടെ മേൽവിലാസം ഒട്ടിച്ച് നൃത്തം ചെയ്യുന്നവർ ഒരു പ്രധാന കാര്യം മറക്കരുത്, ആരാധനാലയത്തെ കള്ളന്മാരുടെ ഗുഹയാക്കി തീർത്തവരെ പുറത്താക്കി ആലയം ശുദ്ധീകരിച്ച ഉടയോൻ വാതില്ക്കലുണ്ടെന്ന വസ്തുത.

ലവൊദിക്ക്യ സഭയിലെ വിശ്വാസികൾ യേശുവിന് തങ്ങളുടെ ഹൃദയത്തിലേക്കുള്ള പ്രവേശനം നിഷേധിച്ചപ്പോൾ യേശു വാതിൽക്കൽ നിന്ന് മുട്ടിയത് പോലെ, ഇന്ന് സഭാനാഥൻ പുറത്താണെങ്കിൽ എത്രയും വേഗം ക്രിസ്തുവിനെ നമ്മുടെ ഹൃദയങ്ങളിൽ കർത്താവായി വിശുദ്ധീകരിക്കേണ്ടത് അത്യാവശ്യമത്രെ.

ദൈവ വചനത്തിനോ, അപ്പോസ്തലന്മാർ അനുസരിച്ചുവന്ന ആരാധനാ ക്രമങ്ങൾക്കോ അല്ല ഇന്ന് പരിഷ്കാരം വരുത്തേണ്ടത്. ആത്മീയ സത്യങ്ങളെ ആത്മാർഥമായി വിശ്വസിക്കുവാൻ കഴിയാതെ വിവേകമില്ലാതെ ഇരുണ്ടുപോയ ഹൃദയങ്ങൾക്കാണ് പരിഷ്കരണം അത്യാവശ്യമായും വേണ്ടത്.

അക്ഷയനായ ദൈവത്തിൻ്റെ തേജസിനെ ക്ഷയമുള്ളവയുടെ രൂപസാദൃശ്യമായി മാറ്റിക്കളഞ്ഞവർക്ക് കിട്ടിയ ശിക്ഷ നാം മറന്നുപോകരുത്. അന്ധകാരത്തിൽ ആയിരുന്ന നമ്മെ ദൈവത്തിൻ്റെ അത്ഭുത പ്രകാശത്തിലേക്ക് വിളിച്ചത് അശേരപ്രതിഷ്ഠകളുടെ മുൻപിൽ അജ്ഞാനികളെപ്പോലെ ആടുവാൻ അല്ല, ആത്മാവു നിറഞ്ഞവരായി നടപ്പാനത്രെ. ഇസ്രായേലിൻ്റെ മഹത്വമായ മഹാദൈവത്തെ പുല്ല് തിന്നുന്ന കാളയോടു സദൃശരാക്കിയ പൂർവികന്മാരുടെ ഉല്ലാസമല്ല കൃപായുഗത്തിലെ സഭയ്ക്ക് ആവശ്യം, ഞാൻ ശുദ്ധിയില്ലാത്ത അധരങ്ങൾ ഉള്ള ഒരു മനുഷ്യൻ എന്ന് ഏറ്റുപറഞ്ഞ യെശയ്യാ പ്രവാചകന് സമമായ സമർപ്പണവും വിശുദ്ധിയുള്ള ആരാധനയുമാണ് ഇന്നിന്റെ അത്യാവശ്യം.

പിതാക്കന്മാർ പ്രമാണിച്ചുവന്ന തിരുവചന സത്യങ്ങൾ പുറംകാൽ കൊണ്ട് തട്ടിക്കളയുന്ന പുതുതലമുറ, പുതുമയിൽ പുളകിതരായ അഥേനരെപ്പോലെ പുതുദോഷം സങ്കൽപ്പിച്ചുകൊണ്ട് മുന്നോട്ടുപോയാൽ ”അജ്ഞാത ദേവൻ്റെ” വേദികല്ലിനെ ആവും ഒടുവിൽ അറിയാതെ ആരാധിക്കുക.

ആത്മീയത അഭിനയിക്കുന്ന പ്രാകൃതരായ ആരാധകരെയല്ല, എന്നാൽ ക്രിസ്തുവിനെ ആത്മാവിലും സത്യത്തിലും ആരാധിക്കുന്ന സത്യനമസ്കാരികളായ അനുകാരികളെയാണ് എക്കാലവും സഭയ്ക്കാവശ്യം. സത്യത്തിന്റെ തൂണും അടിസ്ഥാനവുമായി ജീവനുള്ളദൈവത്തിന്റെ മുന്തിരിത്തോട്ടമാകുന്ന സഭയെ ചീരത്തോട്ടമാക്കുവാൻ പിശാച് ഉപയോഗിക്കുന്ന പ്രാകൃത ആഹാബുമാരെ നാം സൂക്ഷിച്ചൊഴിയണം.

ദൈവ കോപത്താൽ വഴിയിൽവെച്ച് നശിച്ചു പോകാതിരിക്കുവാൻ പുത്രനായ യേശുവിനെ ഭയത്തോടും വിറയലോടെയും ആരാധിക്കേണം. സൈന്യങ്ങളുടെ യഹോവ പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ; എന്ന് ആർത്തുകൊണ്ട് സാറാഫുകൾ സർവ്വദാ ആരാധിക്കുന്ന പരിശുദ്ധനായ ദൈവമുമ്പാകെ നൃത്തത്തോടെ ആരാധിക്കാം, പക്ഷേ ദൈവത്തിന് തൻ്റെ നാമത്തിനു തക്ക മഹത്വം കൊടുക്കുകയും തൻ്റെ മഹിമാധിക്യത്തിനു തക്കവണ്ണം വിശുദ്ധിയോടെ ആരാധിക്കുകയും വേണം.

പെട്ടകവുമായുള്ള യാത്രയിൽ, പൂർണ്ണശക്തിയോടെ പാട്ടുപാടി നൃത്തം ചെയ്ത് നിയോഗമുള്ളവർ ചെയ്യേണ്ട ശുശ്രൂഷയിൽ പാകപ്പിഴവന്നപ്പോൾ അത് പരിഹരിക്കുവാനായി വണ്ടിക്കാരൻ ഉസ്സ പെട്ടകത്തെ തൊട്ടപ്പോൾ ദൈവത്താൽ അദ്ദഹം പട്ടുപോയി. ദൈവത്താൽ നിയോഗം ലഭിക്കാത്തവർ ആരാധിപ്പിച്ചു സഹായിക്കുവാൻ ആഗ്രഹിക്കുമ്പോൾ ഒരുകാര്യം ഓർക്കേണം, നാം ആരാധിക്കുന്ന ദൈവം
കരുണയും കൃപയും നിറഞ്ഞു; ദീർഘക്ഷമയും മഹാദയയും ഉള്ളപ്പോൾ തന്നെ
നമ്മുടെ ദൈവം ദഹിപ്പിക്കുന്ന അഗ്നി ആകുന്നു. ആകയാൽ ദൈവത്തിന് പ്രസാദം വരുമാറു ഭക്തിയോടും ഭയത്തോടുംകൂടി ആരാധിക്കാം.

ആരാധനാ സമയം ക്രമത്തിൽ ആയിരിക്കട്ടെ, ശബ്ദം അപശബ്ദമാകാതിരിക്കട്ടെ, ആരാധകരുടെ വസ്ത്രം യോഗ്യമായിരിക്കട്ടെ, വാക്കുകൾ ചുരുക്കമായിരിക്കട്ടെ, സ്തുതിയും സ്തോത്രവും ധാരാളമായി ഉയരട്ടെ.

അർദ്ധരാത്രിക്കു അപ്പൊസ്തലന്മാർ ആത്മാവിൽ പ്രാർത്ഥിച്ചു ദൈവത്തെ പാടി സ്തുതിച്ചപ്പോൾ തടവുകാർ ശ്രദ്ധിച്ചുകൊണ്ടിരുന്നു. അപ്രകാരമെങ്കിൽ നമ്മുടെ ആരാധനയും അനേകർ വീക്ഷിക്കുന്നുണ്ട്. അതുകൊണ്ട് പൊതുയോഗങ്ങളിലും ഇടയോഗങ്ങളിലും ഉയർത്തേണ്ടത് യേശുവിനെയും, ഉയരേണ്ട ആരാധന യേശുക്രിസ്തു പ്രസാദിക്കുന്നതുമാകട്ടെ.

യേശുക്രിസ്തുവിൻ്റെ നാമത്തിങ്കൽ സ്വർല്ലോകരുടെയും ഭൂലോകരുടെയും അധോലോകരുടെയും മുഴങ്കാൽ ഒക്കെയും മടങ്ങുകയും, എല്ലാ നാവും “യേശുക്രിസ്തു കർത്താവു” എന്നു പിതാവായ ദൈവത്തിന്റെ മഹത്വത്തിന്നായി ഏറ്റുപറകയും ചെയ്യുന്ന നാളുകൾ ഇതാ ആഗതമാകാറായി.

കുഞ്ഞാടിൻ്റെ കല്യാണത്തിനായ് കാന്തയായ നമുക്ക് ഒരുക്കത്തോടെ ആയിരിക്കാം. ഇന്നു വിശ്വാസത്താൽ ആരാധിക്കുന്ന നാം അനധിവിദൂരതയിൽ കുഞ്ഞാടിൻ്റെ മുഖം കണ്ട് ആരാധിക്കുന്ന ആ നല്ല നാളിനായ് വിശുദ്ധിയോടെ കാത്തിരിക്കാം. കർത്താവായ യേശുവേ വരേണമേ, യേശുക്രിസ്തുവിന്റെ കൃപ നിങ്ങളോടെല്ലാവരോടും കൂടെ ഇരിക്കുമാറാകട്ടെ; ആമേൻ

Comments (0)
Add Comment