തിരുവചനാടിസ്ഥാനത്തിൽ മനുഷ്യൻ തൻറെ ഭൗമികജീവിതം എങ്ങനെ മുന്നോട്ടു കൊണ്ടുപോകണം എന്നതിനെക്കുറിച്ച് പലതരത്തിൽ നാം കേട്ടു വരുന്നു. ഇതിൽ ഏത് പിന്തുടരണം എന്ന് പലരും ഇപ്പോഴും ആശയക്കുഴപ്പത്തിലാണ്. ക്രിസ്തീയ ജീവിതം സമ്പൽസമൃദ്ധിയുടെ താക്കോൽ ആണ് എന്ന് ഒരു പക്ഷം. മറുപക്ഷം ത്യാഗപൂർണവും ലളിതവുമായ ജീവിതമാണ് എന്നും. ഇവ രണ്ടും സമർഥിക്കുന്നതിന് തിരുവെഴുത്തിൽ വചനങ്ങളുമുണ്ട്. അതതിൻറെ വക്താക്കൾ കൃത്യമായ ചേരുവകൾ ചേർത്ത് ആസ്വാദ്യകരമായി വിളമ്പുന്നു, കേൾക്കുന്നവർ വെള്ളം ചേർക്കാതെ വിഴുങ്ങുന്നു. തിരുവചനം എന്ത് പറയുന്നു എന്ന് കൃത്യമായി അറിയേണ്ടത് ആവശ്യമാണ്.
ദൈവം മനുഷ്യനെ ഭൂമിയിൽ ആക്കുമ്പോൾ അവന് മുൻപേ ആവശ്യമായതെല്ലാം ആക്കി വെച്ചിരുന്നു( ഉല്പത്തി 1: 25-26). തൻറെ ധനത്തിന് തക്കവണ്ണം നൽകേണ്ടതിന് ദൈവത്തിന് മനസ്സാകുന്നു. തിരുവചനം പരിശോധിച്ചാൽ അനേകം ഭൗമിക അനുഗ്രഹങ്ങൾ മനുഷ്യനു നൽകിയിരിക്കുന്നതായി കാണാം. അത് എല്ലാം തൻറെ മക്കളുടെ അവകാശമാണ് എന്നിരിക്കെ എന്തുകൊണ്ട് അത് ആഗ്രഹിച്ചുകൂടാ? അല്ലായെങ്കിൽ പ്രാപിക്കുന്നില്ല. കാര്യം നിസ്സാരമാണ് മുൻപേ അവൻറെ രാജ്യവും അവൻറെ നീതിയും അന്വേഷിക്കുക അതോടുകൂടി ഇതൊക്കെയും നിങ്ങൾക്ക് നൽകപ്പെടും. ഭൗമികാനുഗ്രഹങ്ങൾ ദൈവമക്കൾക്ക് നൽകപ്പെട്ടിരിക്കുന്നു. അത് പ്രാപിപ്പാൻ ദൈവത്തിൻറെ ഹിതപ്രകാരം ആയി തീർന്നാൽ മതിയാകും.
വിശ്വാസികളുടെ പിതാവായ അബ്രഹാം എങ്ങനെയായിരുന്നു എന്ന് നോക്കാം അബ്രഹാം വിളിക്കപ്പെട്ടാറെ എവിടേക്ക് പോകുന്നു എന്ന് അറിയാതെ യാത്രയായി. തൻറെ മകനെ യാഗം അർപ്പിക്കുവാൻ ദൈവം ആവശ്യപ്പെട്ടപ്പോൾ ഒട്ടും അമാന്തിക്കാതെ മാനുഷിക അഭിപ്രായം ആരായാതെ താൻ സ്വയം അതിനായി തയ്യാറായി. ദൈവഹിതത്തിന് മുമ്പിൽ ഏല്പിച്ചുകൊടുത്തതിനു കാരണം തൻറെ വിശ്വാസമായിരുന്നു. വിശ്വാസം എന്നതോ ആശിക്കുന്നതിൻ ഉറപ്പും കാണാത്ത കാര്യത്തിൻ നിശ്ചയവും ആകുന്നു. ഇത് അബ്രഹാമിൻറെ ആത്മീയജീവിതം. ഇതിനു സമാന്തരമായി നീങ്ങുന്ന അബ്രഹാമിൻറെ ഭൗമികജീവിതവും കാണാൻ സാധിക്കും.
ആടുകളെ മേച്ച് നടന്ന ദാവീദ് ദൈവത്തിന് തന്നോടുള്ള ഹിതം തിരിച്ചറിഞ്ഞു. ഇസ്രായേൽജനത്തെ നയിക്കുക. ഇത് തിരിച്ചറിഞ്ഞശേഷം ദാവീദിൻറെ വിശ്വാസം വെളിപ്പെടുന്നത് കല്ലും കവണയും ആയി തന്നിലും ശക്തനോട് യുദ്ധത്തിനു തയ്യാറാകുന്നതിലാണ്. ദൈവഹിതം തിരിച്ചറിഞ്ഞ് ദൈവത്തിൽ വിശ്വാസമർപ്പിച്ചു ഇറങ്ങിയ ഭക്തൻറെ വിശ്വാസജീവിതം നമുക്ക് ഇവിടെ കാണാൻ കഴിയുന്നു. ദൈവഹിതം നിവർത്തിയായി ദാവീദ് രാജാവ് ആയപ്പോൾ ദൈവത്തിന് ആലയം പണിയുവാൻ ഒരുങ്ങുന്നു. എന്നാൽ ആലയം തന്നിലൂടെ അല്ല എന്ന് തിരിച്ചറിഞ്ഞിട്ടും അതിനാവശ്യമായ സാഹചര്യങ്ങൾ ഒരുക്കുന്നു. ദാവീദിനെ കുറിച്ച് ദൈവം പറയുന്നത് എൻറെ ഹിതപ്രകാരം ഉള്ള മനുഷ്യൻ എന്നാണ്. മരണകരമായ പാപം ചെയ്തതും, ആഡംബര രാജകീയ ജീവിതം നയിച്ചതും ദാവീദിൻറെ ഭൗമീകജീവിതം. എന്നാൽ തൻറെ തെറ്റിനെ തിരിച്ചറിഞ്ഞ് മനം തിരിഞ്ഞ് ദൈവത്തിൻറെ ഹിതപ്രകാരമുള്ള മനുഷ്യനായത് ദാവീദിൻറെ ആത്മീയജീവിതം.
നിനവയ്ക്ക പോകുവാൻ ദൈവത്തിന് ഹിതമായ യോനാ തൻറെ ഹിതമായ തർശീശ് ലേക്ക് പ്രാർത്ഥനയോടെ യാത്രയായി. കപ്പലിന്റെ അടിത്തട്ടിൽ ഓളങ്ങൾ അവന് താരാട്ടുപാടി. ഏറെ വൈകാതെ ദൈവം അവൻറെ നേരെ വിരൽ ചൂണ്ടി. ഹിതം തിരിച്ചറിഞ്ഞിട്ടും അതിന് വില നൽകാൻ കഴിയാതെ പോയ യോനയുടെ ഭൗമീകജീവിതം മരണത്തെ മുഖാമുഖം കണ്ടു. മനം തിരിഞ്ഞു നിലവിളിച്ചപ്പോൾ അവനിലൂടെ തന്നെ ഹിതം നിറവേറി.
പുതിയനിയമ ഇസ്രായേൽ ആയ നമുക്ക് പൊതുവായുള്ള ഹിതം ഭൂമിയുടെ അറ്റത്തോളം തൻറെ സാക്ഷികൾ ആകുക എന്നതാണ്. അപ്പോൾ തന്നെ നാം ഓരോരുത്തർക്കും മുൻനിർണയിക്കപ്പെട്ട ചില നിയോഗങ്ങൾ ഉണ്ട്, അത് തിരിച്ചറിഞ്ഞ് അതിനു മുൻതൂക്കം കൊടുത്തു ജീവിക്കുമ്പോൾ മാത്രമാണ് നമ്മുടെ ഭൗമീകജീവിതത്തിൽ ആത്മീകതയുടെ പൂക്കൾ വിരിയുകയുള്ളൂ. ഒരു ഭക്തന് തൻറെ ഭൗമിക ജീവിതത്തിൽ വരുന്ന പ്രതിസന്ധികൾ, പരാജയങ്ങൾ അവൻറെ ആത്മീക ജീവിതത്തിലെ നിയോഗങ്ങൾ നിവർത്തികരിക്കുവാൻ ഊതി കഴിക്കുകയാണ് എന്ന് വേണം കരുതാൻ. ക്രിസ്ത്യാനിയായി കഷ്ടം സഹിക്കുന്നതും, ക്രിസ്തുവിനായി കഷ്ടം സഹിക്കുന്നതും തമ്മിൽ വലിയ അന്തരമുണ്ട്. ഈ ലോകത്തിൽ ജീവിക്കുന്ന എല്ലാ മനുഷ്യനും കടന്നുപോകുന്ന ജീവിതസാഹചര്യങ്ങളിലൂടെ എല്ലാം നാമും കടന്നുപോകും. അതു മനുഷ്യജീവിതത്തിലെ അവിഭാജ്യഘടകങ്ങളാണ് . ഒരു വ്യക്തി ക്രിസ്തുവിൽ ജനിച്ചുവെങ്കിലും വികാരങ്ങൾക്ക് അതീതൻ ആകുന്നില്ല(എഫെസ്യർ 4:26. പുറപ്പാട് 32:19 ) എന്നാൽ വികാരങ്ങളെ സഭ്യതയുടെയും ദൈവവചനത്തിൻറെയും വരുതിയിൽ കൊണ്ടുവരുന്നിടത്താണ് വിജയം.
ഈ ലോകത്തിൽ നൽകപ്പെട്ടിരിക്കുന്ന അനുഗ്രഹങ്ങൾ എല്ലാം തന്നെ നമുക്കും അർഹതപ്പെട്ടത് തന്നെ. അത് ആഗ്രഹിക്കുന്നതും അതിനായി പ്രാർത്ഥിക്കുന്നതിനും തെറ്റില്ല , എന്നാൽ മാർഗ്ഗം ദൈവഹിതപ്രകാരമുള്ള ജീവിതവും. അതോടൊപ്പം തന്നെ ക്രിസ്തുവിൻ കഷ്ടങ്ങളിൽ ( റോമർ 8: 35,36 ) പങ്കുള്ളവരായി തീരുവാൻ ദൈവം
സഹായിക്കുമാറാകട്ടെ.
ക്രിസ്തുവിൽ നിങ്ങളുടെ സഹോദരൻ