അനുഗ്രഹത്തിന്റെ ആ പെരുത്ത മീൻകൂട്ടം

ജോ ഐസക്ക് കുളങ്ങര
ഞങ്ങൾ രാത്രി മുഴുവനും അധ്വാനിച്ചു ഒന്നും കിട്ടിയില്ല..
തിരയുടെ സമയവും,കടലിന്റെ ആഴവും  കണ്ടും കേട്ടും അറിഞ്ഞും കടലിന്റെ ഒപ്പം ജീവിച്ചിരുന്ന ഒരു മനുഷ്യൻ ആയിരുന്നു മുക്കുവനായ ശിമോൻ. ഇക്കണ്ട കാലമത്രെയും കടലിനെ അടുത്തറിഞ്ഞ് അതേ കടലിൽ മീൻപിടിച്ചിരുന്ന  ശിമോൻ വളരെ മനോവേദനയോടെ പറഞ്ഞു ” ഗുരോ … ഞങ്ങൾ രാത്രി മുഴുവനും അധ്വാനിച്ചു എന്നിട്ടും ഒന്നും കിട്ടിയില്ല”. കടലിന്റെ തുടിപ്പറിയാം, വല എറിയേണ്ട സ്ഥലം അറിയാം എങ്കിലും , ഒന്നുമില്ലാതെ വെറുംകൈയോടെ നിൽക്കുന്ന ശിമോനെ പോലെ അല്ലെ നമ്മളും?.
 ഒന്ന് ചിന്തിച്ചു നോക്കൂ … ഈ ലോകത്ത് ആയിരിക്കുമ്പോൾ  നാം പലപ്പോഴും  ശിമോനെ പോലെ  നിന്നിട്ടിലെ? “ദൈവമേ എന്തുകൊണ്ട് എനിക്ക് മാത്രം ഒരു അനുഗ്രഹം കിട്ടുന്നില്ല” എന്നു നാം ദൈവത്തോട് ചോദിച്ചിട്ടില്ലേ? നല്ല കുടുംബ പാരമ്പര്യം ഉണ്ട്, നല്ല പഠിപ്പുണ്ട്, അത്യാവശ്യം ഒരു ജോലിയും ഉണ്ട് എങ്കിലും, ഒരു ഉയർച്ച അതുമല്ലെങ്കിൽ ഒരു നന്മ,ഒരു അനുഗ്രഹം എന്തുകൊണ്ട് എനിക്ക് ലഭിക്കുന്നില്ല കർത്താവേ, എന്നു  ചിന്തിക്കുന്നവരാണ് നമ്മളിൽ പലരും .
പലപ്പോഴും ആ ശിമോനെ പോലെയാണ് നമ്മളും. പകലന്തിയോളം അധ്വാനിയ്കുന്നു , എന്നാൽ ലഭിക്കേണ്ട നന്മ ലഭിക്കാതെ പോകുന്നു.
പ്രിയ സ്നേഹിതാ നന്മ മാത്രം ലക്ഷ്യം വെച്ചുള്ള യാത്രയിൽ, നിന്റെ തോണിയിൽ ഒരിക്കൽ എങ്കിലും ദൈവപുത്രനായ യേശുവിന് അല്പം സ്ഥാനം നീ കൊടുത്തിട്ടുണ്ടോ? കരയിൽ പടകുകൾ അനവധി ഉണ്ടാകാം . എങ്കിലും നിന്റെ ജീവിതമാകുന്ന പടക് ദൈവത്തിനായി ഒഴിച്ചിടുവാൻ നീ ഒരുക്കമാണോ? നിന്റെ പടക് കരയിൽ നിന്നും അല്പം നീക്കി ജീവിതത്തിനും ജീവിത സഹചര്യങ്ങൾക്കും ഒരു മാറ്റം വരുത്തുവാൻ നീ പൂർണ്ണമായി തയ്യാറാണെങ്കിൽ  … പ്രിയ സ്നേഹിതാ, നിന്റെ ജീവിതത്തിനു  ഒരു മാറ്റമുണ്ടാകാൻ പോകുന്നു.
കടലിന്റെ എല്ലാ സാഹചര്യങ്ങളും അടുത്ത് അറിയാവുന്നവനായിട്ടു പോലും ഒരു വാക്ക് പോലും മറുത്തു പറയാതെ ശിമോൻ തന്റെ പടക് നീക്കി.  നമ്മളെപോലെ, “മടുത്തു കർത്താവേ … നാളെ ആകട്ടെ” എന്നോ “അങ്ങയെക്കാൾ കൂടുതൽ അറിവ് കടലിനെ കുറിച്ച് എനിക്ക് അറിയാം ” എന്നൊന്നും പറയാതെ ശിമോൻ കർത്താവിനെ അനുസരിച്ചപ്പോൾ കർത്താവ് അവന്റെ ജീവിതത്തിൽ വലിയ അത്ഭുതം ചെയ്തു. നാളിതുവരെ കാണാത്ത ഒരു പെരുത്ത മീൻകൂട്ടം കൊണ്ട് വല കീറുമാർ അവനെ ദൈവം അനുഗ്രഹിച്ചിരിക്കുന്നു. കർത്താവിന്റെ വാക്കനുസരിച്ച ശിമോനെ പോലെ നമുക്കും ക്രിസ്തു എന്ന നിത്യ സ്നേഹത്തിന്റെ ആഴത്തിലേക്ക് ഇറങ്ങിച്ചെല്ലാം.  നീ തോറ്റു എന്ന് വിധി എഴുതിയവരുടെ മുന്നിൽ, നിന്റെ തകർച്ച കാണുവാൻ  ആഗ്രഹിച്ചവരുടെ മുന്നിൽ  നിന്റെ ശത്രുക്കൾക്ക് അസൂയ തോന്നുന്ന രീതിയിൽ , അമർത്തി കുലുക്കി കവിയുന്ന ഒരു നല്ല അളവ് കർത്താവ് നിനക്കായ് ഒരുക്കി വെച്ചിരിക്കുന്നു .
 അവൻ തന്നെ സ്നേഹിക്കുന്നവർക്ക് ഒരുക്കിവെച്ചിരിക്കുന്നത് ഒരു കണ്ണു० കണ്ടിട്ടില്ല , ഒരു ചെവിയു० കേട്ടിട്ടില്ല , ഒരു മനുഷ്യന്റെയും ഉളിൽ തോന്നിയിട്ടും ഇല്ലാ. ആകയാൽ നമ്മുടെ പടകും നന്മയാൽ നിറയട്ടെ. വല പൊട്ടുമാറു ഒരു പെരുത്ത മീൻകൂട്ടം ലഭിച്ച ശിമോനെപോലെ , കർത്താവേ നിന്റെ വാക്കിനു  ഞങ്ങൾ വല ഇറക്കാം . അവിടുന്നു കൂടെ ഇരുന്ന് ഞങ്ങൾക് നല്ല ബുദ്ധി ഉപദേശിച്ചു ഞങ്ങളെ വഴി നടത്തേണമേ എന്ന പ്രാർത്ഥനയോടെ നമുക്ക് മുന്നേറാം..
Comments (0)
Add Comment