ഏറെ പ്രതീക്ഷകളും സ്വപ്നങ്ങളും ആയി എത്രയോ ജീവിതങ്ങൾ ഈ പ്രഭാതത്തെ വരവേറ്റത് ,ഒരു തലമുറ പൊഴിഞ്ഞ് പോകുമ്പോൾ, മറ്റൊരു തലമുറ തളിർത്ത് പന്തലിടുന്നു, സമാധാനത്തിന്റെയും ഐശ്വര്യത്തിന്റെയും സമൃദ്ധി നിറഞ്ഞ കേരളത്തിന് ആശംസകൾ എഴുതിയ തൂലിക താഴെ വെക്കുന്നതിന് മുമ്പ് കൊലക്കളം ആക്കുന്ന കേരളത്തെ നോക്കി ലജ്ജിക്കേണ്ട അവസ്ഥ എത്തിയിരിക്കുന്നു .
ദൈവത്തിന്റെ സ്വന്തം നാടെന്ന് അഭിമാനിക്കുന്ന കേരളത്തിന്റെ സ്വസ്ഥത നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു,ജാതി ജാതിയോട് പോർവിളിക്കുന്നു, ഭരണപക്ഷം എന്ത് ചെയ്യണമെന്നറിയാതെ വ്യാകുലപ്പെടുന്നു, നിയമത്തിന്റെ വിധി ജനത്തെ തമ്മിലടിക്കുന്നു. ആരാണ് ഇതിന്റെ ഉത്തരവാദി? എല്ലാവരും വാദിക്കുന്നു” ഞങ്ങൾ പറയുന്നതാണ് ശരി ” ആർക്കും പരസ്പരം ക്ഷമിക്കാൻ കഴിയാത്ത അവസ്ഥ, ആർക്കും പരസ്പരം തോറ്റ് കൊടുക്കാൻ കഴിയാത്ത അവസ്ഥ: ആർത്തിരമ്പി വന്ന വെള്ളപാച്ചിലിൽ കേരളം ഒറ്റക്കെട്ടായി നിന്ന് മാത്യക കാണിച്ച നമ്മുടെ കേരളം നിമിഷങ്ങൾക്കുള്ളിൽ ഐക്യത നഷ്ടപ്പെട്ടു പോയ അവസ്ഥ വളരെ വേദനാജനകം, കറുത്തവനും വെളുത്തവനും തമ്മിൽ വ്യത്യാസം നമുക്ക് വേണ്ട, ഹിന്ദുവും മുസ്ലീം ക്രിസ്ത്യാനിയും തമ്മിലുള്ള പോർവിളി നമുക്ക് വേണ്ട, സാമുദായിക അനാചാരം നമുക്ക് വേണ്ട, എന്റെയും നിന്റെയും ശരീരത്തിൽ ഒഴുകുന്ന രക്തം ഒന്നാണ് നാം മറക്കരുത് ,നമ്മുടെ ചുറ്റുപാടും ഓരോ വ്യക്തികളും രാഷ്ട്രീയ പാർട്ടികളും തമ്മിൽ തല്ലി ചാകുമ്പോൾ നാം ഒന്നോർക്കണം വളർന്ന് വരുന്ന തലമുറ ഇത് കണ്ടാണ് പഠിക്കുന്നത്, സുബോധമുള്ള മനുഷ്യൻ ആയി നമുക്ക് ജീവിക്കാം, മനുഷ്യൻ ഒരു രക്ഷയ്ക്കായി ആശ്വാസത്തിനായിട്ടായിരിക്കാം ദൈവത്തിന്റെ അടുക്കൽ എത്തുന്നത്, പക്ഷേ ദൈവത്തിന്റെ പേരിൽ കേരളത്തിൽ അസമാധാനം വളർന്ന് വരുമ്പോൾ നാം ഒന്നോർക്കണം ഇതിന്റെ പിൻപിൽ പിശാചിന്റെ പ്രവൃത്തി അഴിഞ്ഞാടുകയാണ്, കാലം അതിന്റെ അന്ത്യത്തിലേക്ക് എത്തി കൊണ്ടിരിക്കുന്നു,
പ്രാർത്ഥനയുള്ള ദൈവ പൈത കാല ലക്ഷണങ്ങളെ കണ്ട് മാറി നിന്ന് മൗനമായിരിക്കാതെ — മാറത്തടിച്ച് ” യിരമ്യാവിനെപോലെ “ദേശത്തിന് വേണ്ടി കരയുക.,നമ്മെ രക്ഷിപ്പാൻ യേശുവിനല്ലാതെ ആർക്കും കഴിയില്ല, നമ്മുടെ നേതൃത്വ ഭരണത്തിന് വേണ്ടി പ്രാർത്ഥിക്കാം. ദേശത്തിന്റെ കാവൽക്കാരേ ഉണർന്ന് പോരാടു വിൻ; നമ്മുടെ കേരളം ഭ്രാന്താലയം ആയാൽ പ്രാർത്ഥനയുള്ള ദൈവജനം ഇല്ലാതെ പോകുന്നു എന്നർത്ഥം, എല്ലാ തിരക്കുകളും ഒരു നിമിഷം മാറ്റി വെച്ച് ദൈവസന്നിധിയിൽ മുഴങ്കാൽ മടക്കുന്ന ഭക്തനെ ദൈവം നോക്കുന്നു, നമുക്കുണരാം നമ്മുടെ കേരളം ഭ്രാന്താലയമല്ല – – – – – – ദൈവത്തിന്റെ സ്വന്തം നാടായി തന്നെ തീരട്ടെ.