അനേകം ശിശുക്കൾ ജനിച്ചു വളർന്ന ഒരു രാജ്യം. ആ രാജ്യത്തു ഒരു ശിശു നൂറ്റാണ്ടുകൾക്കു മുൻപ് ജനിച്ചു..എന്നാൽ അവൻ ജനിച്ചപ്പോൾ തന്നെ സാഹചര്യങ്ങൾ എല്ലാം അവനു പ്രതികൂലമായി തീർന്നു. ആ നാളുകളിൽ ജനിക്കുന്ന ശിശുക്കളെയെല്ലാം കൊല്ലുവാൻ രാജകൽപ്പന വന്നു. കൊല്ലപ്പെടുവാൻ വിധിക്കപ്പെട്ട ശിശുക്കളിൽ ഒരുവനായി അവൻ മാറ്റപ്പെട്ടു. പ്രതിസന്ധികളിലേക്കു ജനിച്ചു വീണ പൈതൽ.
എന്നാൽ ഞാങ്ങണ പെട്ടി അവനു താൽക്കാലിക ആശ്വാസമായി. നൈൽ നദി അവനു താൽക്കാലിക സംരക്ഷണ മേഖല ആയിതീർന്നു..അവിടെ നിന്നും അവൻ രാജകൊട്ടാരത്തിലേക്കു..രാജകൊട്ടാരവും അവനു താൽക്കാലിക പാർപ്പിടം മാത്രമായിരുന്നു. അങ്ങനെ ഇരിക്കെ അവനു മിദ്യാനിലേക്കു ഓടിപ്പോകേണ്ടതായി വന്നു..പരദേശവാസിയായി അവൻ മാറ്റപ്പെട്ടു.
അതുവരെയും ചെയ്യാത്ത ജോലി അവനു പരിചയിക്കേണ്ടി വന്നു. രാജകൊട്ടാരത്തിൽ വളർന്നവൻ ആടുമേയ്ക്കുന്ന നിലയിലേക്ക് എത്തപ്പെട്ടു. എല്ലാ നിലയിലും ജീവിതത്തിൽ അസ്ഥിരത മാത്രം കൈമുതൽ ഉള്ളവനായി അവൻ തീർന്നു.അവന്റെ പേര് മോശെ എന്നത്രെ..
പ്രിയ ദൈവപൈതലേ, പ്രതിസന്ധികളും പ്രശ്‌നങ്ങളും എങ്ങനെയാണു ഒരു വ്യക്തിയുടെ ജീവിതത്തെ മാറ്റിമറിയ്ക്കുക എന്നതാണ് ഇതുവരെയും വായിച്ചു കൊണ്ടിരുന്നത്…അനേകം ശിശുക്കൾ ജനിച്ചു വളർന്ന സ്ഥലത്തു മോശെ ജനിച്ചപ്പോൾ തന്നെ മരണത്തിന്റെ വക്കോളം താൻ എത്തി നിൽക്കുന്ന പരിതാപകരമായ, പ്രത്യാശരഹിതമായ അവസ്ഥ.ഏറ്റം അവസാനമായി തന്റെ ദേശം വിട്ടു മറ്റൊരു ദേശത്തു പരദേശിയായി കഴിയേണ്ടി വരുന്ന അവസ്ഥ.
പ്രിയ ദൈവമക്കളെ, ഇത് മോശെയുടെ മാത്രം അവസ്ഥയല്ല. നമ്മിൽ പലരുടെയും അവസ്ഥയാണ്. ഒരുപക്ഷേ , ഇത് വായിച്ചു കൊണ്ടിരിക്കുന്ന ചിലരുടെ എങ്കിലും അവസ്ഥയാണ്. ഒന്ന് മാറി, ഒന്ന് മാറി, പ്രതികൂലങ്ങളാൽ വലഞ്ഞു ഇനിയെന്ത് എന്നുള്ള ചോദ്യ ചിഹ്നമായിരിക്കാം മുന്നിലുള്ളത്. എന്നാൽ ആ ചോദ്യത്തിന് ഉത്തരം നൽകുവാൻ മോശെയുടെ തുടർ ജീവിതത്തിനു കഴിയും.
ദൈവത്തിന്റെ സമയമായപ്പോൾ തന്നിൽ ഭരപ്പേൽപ്പിക്കപ്പെട്ട ശുശ്രൂഷയ്ക്കായി ദൈവം മോശെയെ വിളിച്ചിറക്കി..പരിചിതമല്ലാത്ത ആടുമേയ്ക്കൽ തനിക്കു ചെയ്യേണ്ടി വന്നപ്പോൾ ഒട്ടും പരിചിതമല്ലാത്ത ദൈവശബ്ദവും തന്നെ തേടി വന്നു, അന്ന് വരെ കാണാത്ത ചില കാഴ്ച്ചകളും താൻ കണ്ടു. കത്തുന്നു എങ്കിലും എരിഞ്ഞു പോകാത്ത മുൾപ്പടർപ്പു തന്റെ ജീവിതത്തിൽ പുതു അനുഭവമായി. മുൾപ്പടർപ്പിൽ നിന്ന് ദൈവത്തിന്റെ ഹൃദ്യമായ ശബ്ദവും താൻ കേട്ടു.തന്റെ ശുശ്രൂഷയെ കുറിച്ചുള്ള വെളിപ്പാട് ദൈവം തനിക്കു നൽകി.
അപ്പോഴും സംസാരവൈകല്യം മോശെയ്ക്കു ഒരു തടസ്സം തന്നെയായിരുന്നു. എങ്കിലും ദൈവത്തിന്റെ സമയത്തിങ്കൽ സകല പ്രതിസന്ധികളും തച്ചുടയ്ക്കപ്പെട്ടു.ഒന്നല്ലെങ്കിൽ മറ്റൊരു നിലയിൽ മോശെയ്ക്കായി ദൈവം പ്രവർത്തിച്ചു. ദൈവീക ശക്തിയോടെ ഫറവോന്റെ മുൻപിൽ ദൈവം മോശെയെ നിർത്തി. ദൈവജനത്തിന്റെ വിടുതലിനു ഒരു മുഖാന്തരമായി താൻ മാറ്റപ്പെട്ടു.
ജീവിതത്തിൽ പ്രതീക്ഷയോടെ ദൈവപ്രവർത്തിക്കായി കാത്തിരിക്കുന്ന ദൈവപൈതലേ , ഇന്ന് നിങ്ങൾ ഭവനത്തിന്റെ ഉള്ളറയിൽ പല വിധ സാഹചര്യങ്ങളാൽ ഒതുക്കപ്പെട്ടവനായി ഇരിക്കുകയായിരിക്കാം. കണ്ണുനീരോടെ പ്രാർത്ഥനയിൽ അനേകം സമയം ദൈവസന്നിധിയിൽ ഇരിക്കുകയായിരിക്കാം. അങ്ങനെങ്കിൽ ഓർക്കുക, ദൈവത്തിന്റെ സമയമാകുമ്പോൾ ദൈവം താങ്കളെ പുറത്തു കൊണ്ട് വരും.ഇന്ന് വരെയും മനസ്സിൽ ചിന്തിക്കാത്തതോ ഊഹിക്കാൻ കഴിയാത്തതോ ആയ ദൗത്യത്തിന് വേണ്ടി വിളിച്ചിറക്കും.പ്രത്യാശയോടെ തുടർന്നും ദൈവസന്നിധിയിൽ ആയിരിക്കുക.. ദൈവത്തിന്റെ സമയത്തിനായി കാത്തിരിക്കുക..ദൈവം വിശ്വസ്തൻ,താങ്കളെ കുറിച്ചുള്ള ദൈവീക പദ്ധതികൾ മാറുകയില്ല, മാറുകയില്ല, മാറുകയില്ല.