ഇരുന്നൂറിലധികം യാത്രക്കാരുണ്ടായിരുന്ന ‘ഹെക്ടർ’ എന്ന കപ്പൽ അപകടത്തിൽപെട്ടു. റിച്ചാർഡ് ഇർമാൻ ആയിരുന്നു കപ്പിത്താൻ.
ജീവരക്ഷയ്ക്കുള്ള സന്ദേശം( SOS) ലഭിച്ച ‘ഹ്വാക്ക്’ എന്ന ചരക്കുകപ്പൽ അപകട സ്ഥലത്തെത്തി. പക്ഷേ 200 യാത്രക്കാരെയും കയറ്റുവാൻ ആ ചരക്കുകപ്പലിൽ സ്ഥലമില്ലായിരുന്നു. ക്യാപ്റ്റൻ കണ്ടെത്തിയ മാർഗ്ഗം ലളിതമായിരുന്നു. ഹ്വാക്ക് കപ്പലിലെ വിലകുറഞ്ഞ ചരക്കുകൾ കടലിൽ കളഞ്ഞു. തൽസ്ഥാനത്ത് യാത്രക്കാരെ കയറ്റി, അവരെ രക്ഷപ്പെടുത്തി.
പൗലോസിന്റെ ഇറ്റലിയിലേക്കുള്ള യാത്രയിലും ഇതിനു തത്തുല്യമായ ഒരു സംഭവം നടക്കുന്നുണ്ട്. (പ്രവൃത്തികളുടെ പുസ്തകം 27). ഉഗ്രമായ കൊടുങ്കാറ്റിൽപെട്ട് ആടിയുലഞ്ഞ കപ്പലിൽനിന്ന് ചരക്കുകൾ അവർ കടലിൽ എറിഞ്ഞു കളഞ്ഞു.
വിശപ്പടക്കിയ ശേഷം ബാക്കി വന്ന ധാന്യവും കടലിൽ എറിഞ്ഞു കളഞ്ഞ് കപ്പലിന്റെ ഭാരം അവർ കുറച്ചു.
എറിഞ്ഞു കളഞ്ഞത് ഉപയോഗശൂന്യമായ പാഴ് വസ്തുക്കൾ അല്ലായിരുന്നു. വിലയുള്ളതും അത്യാവശ്യ സാമാനങ്ങളും ആയിരുന്നവയാണ്. പക്ഷേ കപ്പലിലുള്ളവരുടെ ജീവൻ അപകടത്തിൽ ആയപ്പോൾ ആ ജീവൻ രക്ഷിക്കാനായി വിലയുള്ളവ വലിച്ചെറിഞ്ഞു കളഞ്ഞു.
ഭൂകമ്പ മുന്നറിയിപ്പ് ലഭിക്കുമ്പോൾ വീട്ടിൽ ഉറങ്ങിക്കിടക്കുന്ന കുഞ്ഞിനെ എടുക്കാതെ ടെലിവിഷൻ എടുക്കാൻ ഒരു അമ്മ ശ്രമിക്കുകയാണെങ്കിൽ എന്തൊരു വിഡ്ഢിത്തമായിരിക്കും അത്.
ടി.വി. അതിൽ തന്നെ വിലയുള്ളതാണ്. എന്നാൽ അതിന് വില ഇല്ലാതാകുന്നത് കുഞ്ഞിന്റെ ജീവനുമായി തട്ടിച്ചു നോക്കുമ്പോഴാണ്
നിത്യജീവനുവുമായി ബന്ധപ്പെടുത്തി എല്ലാറ്റിനെയും ദർശിക്കുമ്പോഴാണ് വാരിക്കൂട്ടിയവയുടെ മഹത്വമില്ലായ്മ നമുക്ക് ബോധ്യപ്പെടൂ. ഈ ലോകത്തിലെ ഏറ്റവും വിലയുള്ളതു പോലും മൂല്യം ഇല്ലാത്തതാണെന്നും എറിഞ്ഞു കളയേണ്ടതും ആണെന്ന് ഹൃദയദൃഷ്ടി പ്രകാശിച്ചവനു മാത്രമേ ബോധ്യപ്പെടൂ.
പൗലോസിനൊപ്പം യാത്ര ചെയ്തവരുടെ ജീവൻ മാത്രം രക്ഷപ്പെട്ടു.
കൂടെ കൊണ്ടു പോയതൊന്നും അക്കരെ എത്തിക്കാൻ അവർക്ക് കഴിഞ്ഞില്ല. ഇന്നത്തെ യുദ്ധം വിലയുള്ളതും വിലയില്ലാത്തതും തമ്മിലല്ല. ജീവനുള്ളതും വിലയുള്ളതും തമ്മിലാണ്. വിലയുള്ളതിനെ എറിഞ്ഞു കളയുക. ജീവനുള്ളതിനെ പിടിച്ചു കൊള്ളുക.
ലോകത്തെ കീഴ്പ്പെടുത്താൻ സൈന്യശക്തിയുള്ള രാജ്യങ്ങളും ശാസ്ത്രലോകവും കൊറോണ എന്ന കുഞ്ഞൻ വൈറസിന് മുൻപിൽ വിറങ്ങലിച്ച് നിൽക്കുന്നു. മനുഷ്യരുടെ ഓട്ടം കുറഞ്ഞിരിക്കുന്നു. പക്ഷേ ആർത്തി കുറഞ്ഞിട്ടില്ല.
ഈ ദുരന്ത മുഖത്തും കച്ചവടക്കണ്ണുകളുമായി ലാഭക്കൊയ്ത്തിനു ശ്രമിക്കുന്നവർ ധാരാളം. ദുരയോടെ സമ്പാദിക്കുന്ന ഇതൊന്നും കൊണ്ടുപോകാനോ മറ്റുള്ളവർക്ക് പ്രയോജനപ്പെടുത്താനോ പോലും കഴിയാതെ വരും എന്ന് മറക്കരുത്. പെന്തെക്കോസ്ത്കാർ തിങ്ങിപ്പാർക്കുന്ന മധ്യതിരുവിതാംകൂറിലെ ഒരു സ്ഥലത്ത് 480 കോടിയിലധികം രൂപ അവകാശികളില്ലാതെ ബാങ്കുകളിൽ കിടപ്പുണ്ടത്രേ. വിശ്രമമില്ലാതെ വാരിക്കൂട്ടിയതാണ്.
ഭിക്ഷക്കാർ ഭാണ്ഡക്കെട്ടിൽ കാണുന്നതെല്ലാം
കൂട്ടി വയ്ക്കുന്നതുപോലെ നാമും സ്വരൂപിക്കുകയാണ്.
ജീവൻ അപകടത്തിലേക്ക് നീങ്ങുമ്പോഴും കുടത്തിലെ ശർക്കരയിൽ നിന്നും പിടി വിടാത്ത കുരങ്ങനെപ്പോലെ മനുഷ്യൻ എല്ലാം കൈക്കുള്ളിൽ ആക്കാൻ ശ്രമം തുടരുകയാണ്. അടഞ്ഞ കണ്ണും ഒഴിഞ്ഞ കൈയുമായി ഒരുനാൾ നാം പോകേണ്ടിവരും. അങ്ങേ കരയിലേക്ക് കൊണ്ടുപോകാൻ ആവാത്തത് കൂട്ടി വയ്ക്കുവാൻ എന്തിനാണ് ഇത്ര പരക്കം പായുന്നത്?.
പോക്കറ്റ് നിറയെ കാശുണ്ടെങ്കിലും അരി, ആട്ട, വെള്ളം എന്നീ അവശ്യ വസ്തുക്കൾ പോലും ലഭിക്കാത്ത സ്ഥിതി. ക്ഷാമം എന്ന യാഥാർഥ്യം നമ്മുടെ പുതുതലമുറയും മനസ്സിലാക്കി തുടങ്ങിയിരിക്കുന്നു. ഇതൊക്കെ ചില സൂചനകൾ അല്ലേ?
ഇപ്പോൾ ഉയരുന്ന പ്രാർത്ഥന, വൈറസ് ഭീതി ഒഴിയുമ്പോഴും തുടരാൻ കഴിഞ്ഞിരുന്നെങ്കിൽ.. അഹങ്കാരവും പൊങ്ങച്ചവും വെടിയാം. അനുതാപക്കണ്ണീരോടെ ദൈവസന്നിധിയിൽ വിനയപ്പെടാം. കീഴടക്കാനും വാരിക്കൂട്ടാനും ലോക സ്നേഹത്തെ പുണരാനും വീണ്ടും പോകാതെ നിത്യജീവനെ പിടിച്ചുകൊള്ളുക. യേശു കർത്താവ് വരാറായി.