മായാത്ത ചില പുഞ്ചിരികൾ.
(മാതൃദിനത്തിൽ ഒരു അനുഭവ കുറുപ്പ്)
(ജോ ഐസക്ക് കുളങ്ങര..)
ആശുപത്രി ഇടനാഴിയിലൂടെ ആ ട്രോളിയുമായി നടന്നുനീങ്ങിയ നേഴ്സ് ആയ എന്നോട് അവർ ആവശ്യപ്പെട്ടത് ഒന്ന് മാത്രം ആയിരുന്നു, ആദ്യമായി ആണ് അവർ സംസാരിക്കുന്നതും, പഴയ നിലയിലേക്ക് തിരിച്ചു വരുന്നതും.. കൂടെയുണ്ടായിരുന്ന വാർഡ് ബോയിയോട് ഒരു നിമിഷം ആ ട്രോളി നിർത്താൻ ആവശ്യപ്പെട്ടു ഞാൻ അവരുടെ അടുത്തേക്ക് ചെന്നു . നിറഞ്ഞൊഴുകിയ ആ കണ്ണുകളും, ഇടറിയ ശബ്ദത്തിലും അവളെന്നോട് പറഞ്ഞു
‘ഐ നീഡ് ടു സീ മൈ കിഡ് ബിഫോർ ഐ ഡൈ’.
ആത്മഹത്യാ ശ്രേമത്തിനിടെ അത് പരാജയപ്പെട്ടു ജീവിതത്തിനും മരണത്തിനും ഇടയിലുള്ള ആ നിമിഷത്തിൽ അവൾ വാ തുറന്ന് അത്രെയും സംസാരിച്ചെങ്കിൽ അത് ഒരു നല്ല ലക്ഷണമാണ്, മരണത്തിന്റെ വാതിൽ തുറന്നു കിടക്കുമ്പോളും അതിലേക്കു തള്ളിവിടില്ല എന്ന വാശിയോടെ പ്രവർത്തിച്ച ഞങ്ങളുടെ ടീം അത്രത്തോളം കാത്തിരുന്ന നിമിഷം ആയിരുന്നു അത്.
ചെറിയൊരു സംസാരത്തിന്റെ പുറത്ത് എടുത്ത് ചാടി കാണിച്ച കടുംകൈ ഓർത്തു തന്നെയാകും ആ കണ്ണുകൾ നിറഞ്ഞൊഴുകുന്നത്. സി.റ്റി സ്കാനിങ് കഴിഞ്ഞാൽ ഉടൻതന്നെ അവരുടെ മകനെ ആവുരുടെ അടുത്ത് എത്തിക്കാം എന്ന് ഉറപ്പ് നൽകി ഞങ്ങൾ മുൻപോട്ട് നീങ്ങി. ശരീരത്തിലെ ഓക്സിജന്റെ അളവിൽ വരുന്ന വ്യതിയാനങ്ങൾ ഉളിൽ ആശങ്ക പരത്തിയെങ്കിലും വിജയകരമായി സ്കാനിങ് പൂർത്തിയാക്കി ഇറങ്ങി, കാര്യം അറിഞ്ഞു വന്നു ബന്ധുക്കളോ വീട്ടുകാരോ ആണെന്നു തോന്നുന്നു ഒരു വലിയ കൂട്ടം തന്നെ പുറത്തു ഞങ്ങളെ കാത്തു നില്പുണ്ടാരുന്നു. അവരിലേക്ക് ഞാൻ ഇറങ്ങിച്ചെന്ന് ഞാൻ ചോദിച്ചു ഇവരുടെ മോൻ ആരാ? കാണണം എന്ന് പറഞ്ഞു.ആ കൂട്ടത്തിൽ കുട്ടികളായി ആരെയും കണ്ടില്ലതാനും. പല ബന്ധങ്ങൾ പറഞ്ഞു പലരും മുൻപോട്ടു വന്നെങ്കിലും ആരെയും അകത്തേക്കു കടത്തിവിടാൻ എനിക്കു മനസ്സ് വന്നില്ല ഒരു സമാധാനവും തരാത്ത കുറെ ആൾകാർ. ചുമ്മാതല്ല ഇവൾ ആത്മഹത്യക്കു ശ്രേമിച്ചത് ഞാൻ ഉള്ള് ചിന്തിച്ചു, നന്നേ ദേഷ്യവും വന്നു. അൽപ സമയത്തിന് ശേഷം പുറത്ത് ഒരു കുഞ്ഞിന്റെ കരച്ചിൽ കേട്ട് വീണ്ടും ഞാൻ പുറത്തേക്കു വന്നപ്പോൾ കയ്യിൽ ഒരു കൊച്ചു കുഞ്ഞിനെയും എടുത്തുകൊണ്ട് ഒരു സ്ത്രീ, അവർ എന്നോട് ഇങ്ങനെ പറഞ്ഞു
“ഹി ഇസ് ഹെർ സൻ ബട്ട് ഹി ഇസ് എ സ്പെഷ്യൽ ചൈൽഡ്”
അതേ കാഴ്ചയിൽ തന്നെ അറിയാം ആ കുഞ്ഞിന് എന്തോ പ്രേശ്നങ്ങൾ ഉള്ളതാണ് എന്ന് തനിയെ അകത്തു വിടാൻ കഴിയില്ല എന്നതിനാൽ അവരെയും കൂട്ടി ഞാൻ അതിനെ അതിന്റെ അമ്മയുടെ അടുക്കലേക്കു അയച്ചു, എന്തൊക്കെയോ പരത്തുന്ന അവന്റെ ആ കുഞ്ഞികണ്ണുകൾ ആ ട്രോളിയിൽ കിടക്കുന്ന അമ്മയിലേക് ഉടക്കിയപ്പോൾ ആയിരം പൂർണ്ണചന്ദ്രൻമാർ ഒന്നിച്ചുദിച്ച പ്രകാശം ആ മുഖത്തു കാണാമായിരുന്നു. അവനെ തന്നോട് ചേർത്തു നിർത്തി ചുംബിക്കുമ്പോൾ ഒരു പക്ഷെ വൈദ്യശാസ്ത്രം പോലും തോറ്റുപോകുന്ന, അതുമല്ലെങ്കിൽ അതിനു ചെന്നെത്തുവാൻ കഴിയുന്നതിലും അപ്പുറം ആ വത്സല്യത്തിനും ആത്മബന്ധത്തിനും മുൻപിൽ വിധി മാറിനിന്നതായിരിക്കും.
ആ കൂടിക്കാഴ്ച അവരിൽ ഉണ്ടാക്കിയ മാറ്റം ചിലത്തൊന്നും അല്ല, മരണത്തിന് എന്നെ തോല്പിക്കുവാൻ കഴിയില്ല എന്ന നിശ്ചയം അവരുടെ മുഖത്തും, ഒരു മരണത്തിനും വിട്ടുകൊടുക്കാതെ അവനു മാത്രമായി വേണം എന്ന് വാശിപിടിക്കുന്ന അവന്റെ നിഷ്കളകമായ ആ ചിരിക്കും മുൻപിൽ ഒരു മൂക സാക്ഷിയായി ഞാനും.
ജീവിതത്തിൽ ധന്യമായ നിമിഷങ്ങളിൽ ഒന്നായിരുന്നു അത് ജീവിതം അവസാനിച്ചു എന്നു കരുതി ഇരുട്ടിന്റെ ഇടവഴിയിലൂടെ കടന്നുപോയ അവർ, ജീവിതത്തിന്റ് വെളിച്ചമുള്ള പാതയിലൂടെ തിരികെ വരുകയാണ്.. ആ ട്രോളി വീലുകൾ മുൻപോട്ടു ഉരുണ്ടു നീങ്ങുമ്പോൾ അതിനോടൊപ്പം അവരും മടങ്ങി വരുകയാണ്, ഒരു നിമിഷം കൊണ്ട് ചെയ്ത തെറ്റിൽ നിന്നും ഒരു നിമിഷത്തെ ആ പുഞ്ചിരിയുടെ ബലത്തിൽ..
ജീവതം ഒന്നേ ഉള്ളു അത് ഒരു നിമിഷത്തെ തെറ്റായ തീരുമാനങ്ങൾ കൊണ്ട് അവസാനിപ്പിക്കരുത് കാരണം മറ്റുള്ളവരിൽ നിന്നും നിങ്ങൾക്ക് ആ പുഞ്ചിരി ലഭിച്ചില്ലെന്ന് വന്നേക്കാം എന്നാൽ നിങ്ങളുടെ പുഞ്ചിരിയാകും മറ്റുളവരുടെ ജീവിതം തന്നെ..