കാണാൻ കൊതിച്ച ആരോ ദൂരെ നിന്ന് നടന്നു വരുന്നുണ്ടോ എന്ന് തലയുയർത്തി നോക്കിയും, പ്രതീക്ഷ യറ്റു കഴിയുമ്പോൾ, ഉരുൾപൊട്ടി ഒഴുകി പാഞ്ഞെത്തി ഉറഞ്ഞു കിടക്കുന്ന മൺകൂനകൾക്കും, കൽകൂമ്പാരങ്ങൾക്കും ഇടയിലൂടെ തങ്ങൾ ഓടി നടന്ന മുറ്റവും, അന്തിയുറങ്ങിയ വീടിൻ്റെ തിണ്ണയും ,ആഹാരം കഴിക്കുന്ന പാത്രവും ,കേൾക്കാൻ കൊതിക്കുന്ന യജമാനസ്വരവും തേടി നടക്കുന്ന നായ്ക്കളാണ് പെട്ടിമുടി ദുരന്തം അവശേഷിപ്പിച്ച ഉള്ളു പൊള്ളിക്കുന്ന കാഴ്ചകളിൽ ഒന്ന്.
കേട്ടവരുടേയും കണ്ടവരുടേയും കൺകോണുകളിൽ നനവു പടർത്തി, മനസിൽ മായാതെ നിൽക്കുന്ന ലോക ശ്രദ്ധയാകർഷിച്ച സെൻസേഷനൽ വാർത്തയായി അത് മാറി. യജമാന ഭക്തിയുടെ, സ്നേഹത്തിൻ്റെ ,ഉൽക്കണ്ട നിറഞ്ഞ ആ കാത്തിരിപ്പ് ഇന്നും തുടരുന്നു.
മനുഷ്യനോട് ഏറ്റവും കൂടുതൽ ഇണങ്ങുന്ന ജീവികളിൽ മുമ്പൻ. ഒരിറ്റു സ്നേഹം നൽകിയാൽ അത് ഒരു കോടിയായി മടക്കിത്തരുന്ന പാദസേവകൻ . വാലാട്ടിയും നക്കിത്തുവർത്തിയും, ദേഹത്ത് ചാടിക്കേറി ആലിംഗനം ചെയ്തും ഉമ്മ വെച്ചും ,നമ്മളെ കാണുന്ന മാത്രയിൽ സന്തോഷം അടക്കാനാവാതെ നമുക്ക് ചുറ്റും ഓട്ടപ്രദക്ഷിണം നടത്തുന്ന നായ , ആരാധനയുടെയും ,യജമാന ഭക്തിയുടേയും സ്നേഹത്തിൻ്റേയും ഒക്കെ മിഴിവുറ്റ ചിത്രമാണ്.
എന്താണ് ആരാധനയെന്ന് ഉറക്കെ ചോദിച്ചീട്ട് , ഒരു നായ തൻ്റെ യജമാനനെ കാണുമ്പോൾ സ്നേഹാ തിരേകത്താൽ കാണിക്കുന്ന പ്രകടനങ്ങളാണ് ആരാധന എന്ന് മുപടിയും പറഞ്ഞ് ആരാധനയുടെ അർത്ഥാന്തരങ്ങൾ വിവരിക്കുന്ന പ്രസംഗങ്ങൾ നമ്മൾ എത്രയോ കേട്ടിരിക്കുന്നു.
കാവൽക്കാരനായും ,കൂട്ടുകാരനായും , ആജ്ഞാനുവർത്തിയായും, വേട്ടക്കാരനായും എന്തിന് കുറ്റാന്വേഷകനായും നായ നമ്മുടെ ജീവിതത്തിൻ്റെ ഭാഗമാണ്. നന്ദിയും സ്നേഹവും കൂറും പുലർത്തുന്നതിന് പര്യായമായി ,ആരാധനയുടേയും ഭക്തിയുടേയും നേർചിത്രമായി മനുഷ്യന് ദൈവം തന്ന ഒരു പാഠപുസ്തകമാണ് നായ. ഉറുമ്പും നമുക്ക് ഒരു പാഠപുസ്തകമാണല്ലൊ.
ഇതെല്ലാം കാണുമ്പോൾ കറ കളഞ്ഞ സ്നേഹത്തിൻ്റെ ചില നേർചിത്രങ്ങൾ സുവിശേഷത്തിൽ നിന്നും തെളിഞ്ഞു വരുന്നു.
യേശു മരിച്ചവരിൽ നിന്നു ഉയർപ്പിച്ച ലാസറിൻ്റെ വീട്ടിൽ യേശുവും ശിഷ്യൻമാരും പെസഹക്ക് ആറ് ദിവസം മുൻപേ ചെന്നപ്പോൾ ഒരു അത്താഴ വിരുന്ന് നടക്കുകയാണ് .മാർത്ത ഓടി നടന്നു ജോലി ചെയ്യുന്നു … വിരുന്നു ഒരുക്കുന്നു .അതിഥികളെ ശുശ്രൂഷിക്കുന്നു. യേശുവിനും ശിഷ്യൻമാർക്കും ഒപ്പം പന്തിയിലിരിക്കുന്നു. മറിയ എങ്ങനെയെല്ലാമാണ് തൻ്റെ ആരാധന പ്രകടിപ്പിക്കേണ്ടത് എന്ന് കരുതി വിലയേറിയ സ്വഛ ജഢമാംസ തൈലം ഒരു റാത്തൽ എടുത്ത് യേശുവിൻ്റെ കാൽപാദത്തിൽ പൂശി തലമുടി കൊണ്ട് തുവർ ത്തുന്നു.
ഇവരെല്ലാം യജമാന ഭക്തിയുടെ നിഷ്കളങ്ക സ്നേഹത്തിൻ്റെ പ്രതീകങ്ങളാണ്.
സുറോഫൊയ്നിക്യ സ്ത്രീ യേശുവിൻ്റെ പാദത്തിൽ വീണു കിടന്നു പറയുന്നു. നായ് കുട്ടികളും യജമാനൻ്റെ മേശയിൽ നിന്നു വീഴുന്ന അപ്പനുറുക്കുകൾ കൊണ്ടും ജീവിക്കുന്നുവല്ലൊ എന്ന്.
ആ സമർപ്പണവും കീഴടങ്ങലും ആരാധനയും കർത്താവു അംഗീകരിച്ചു. അവളുടെ വിശ്വാസത്തെ കർത്താവു പ്രശംസിച്ചു. അവൾ യജമാനൻ്റെ കാൽക്കീഴിലെ ഒരു നായ്ക്കുട്ടിയായപ്പോൾ യജമാനൻ അവളേയും അവളുടെ മകളേയും സംരക്ഷിച്ചു.
അതിരാവിലെ ഇരുട്ടുള്ളപ്പോൾ കർത്താവിൻ്റെ ശരീരത്തിൽ പൂശുവാൻ തൈലവുമായി കല്ലറയ്ക്കൽ എന്നന്ന മറിയയും കൂട്ടരും. യേശുവിൻ്റെ ശരീരം കാണാതെ വരുമ്പോൾ കല്ലറക്ക് മുൻപിൽ ഉൽകണ്ഠയോടെ ഓടി നടക്കുന്ന കരയുന്ന മറിയ. തോട്ടക്കാരനെന്നു തോന്നിയ ആളോട് യേശുവിൻ്റെ ശരീരം ഒന്നു കാണിച്ചു കൊടുത്താൽ എടുത്തു കൊണ്ടു പൊയ്ക്കൊള്ളാം എന്നു കെഞ്ചി പറയുന്ന മറിയ … സ്നേഹത്തിൻ്റേയും ഭക്തിയുടേയും ആരാധനയുടേയും ഹൃദയം വിoഭ്രജിപ്പിക്കുന്ന നേർചിത്രങ്ങളാണ്.
അപകടം മണത്ത് ജീവനും കൈയിൽ പിടിച്ച് എല്ലാവരും ഓടി മറഞ്ഞപ്പോഴും ക്രൂശിൻ്റെ ചുവട്ടിൽ നിന്ന് മാറാതെ നിൽക്കുന്നത് ചുരുക്കം ചിലർ മാത്രമാണ് .മറിയയും യൊഹന്നാനും മറ്റും .വിട്ടു പിരിയാനാവാത്ത സ്നേഹവും, വേദനയും ഉൽക്കണ്ഠയും അവരുടെ മുഖത്ത് കാണാം .
എല്ലാവരാലും കൈവിടപ്പെട്ടവനായി യേശു ക്രൂശിൽ കിടക്കുമ്പോഴും അവർക്ക് ക്രിസ്തുവിനോടുള്ള സ്നേഹത്തിൽ ഒരു കണിക പോലും കുറവില്ലാതെ നീറുന്ന മനസുമായി നിൽക്കുന്ന അവരെ ഒന്നു ഓർത്തു നോക്കൂ.
ഒടുവിൽ ,യേശുവിൻ്റെ സ്വർഗാരോഹണ സമയത്ത് വാന മേഘങ്ങളെ താണ്ടി സ്വർഗത്തിലേക്ക് മടക്കയാത്ര ചെയ്യുന്ന യേശുവിനെ ,കാഴ്ച മറഞ്ഞിട്ടും കണ്ണുപറിക്കാതെ നോക്കി നിൽക്കുന്ന ശിക്ഷ്യൻമാരുടെ വേദന നിറഞ്ഞ മുഖം .ദൂതൻ പ്രത്യക്ഷനായി അവരെ ധൈര്യപ്പെട്ടുത്തി. അവൻ പോയതു പോലെ തന്നെ വീണ്ടും വരും.
പെട്ടിമുടിയിൽ കണ്ട കാഴ്ച പോലെ യജമാനൻ്റെ കാലൊച്ചയ്ക്കും സ്നേഹസ്വരത്തിനും കാതോർത്ത് നമുക്കും കാത്തിരിക്കാം നമ്മുടെ പ്രാണപ്രിയനെ …….