സൂം അച്ചായന്റെ അനുഭവ സാക്ഷ്യം
കോവിടെല്ലാം കഴിയും…
അന്ന് മാസ്ക്കുമെല്ലാം അഴിയും…
പിന്നെ ആരാധന തുടങ്ങും
തിരികെ വരാതെ ഞാൻ
പ്ലെ സ്റ്റോറിൽ മറയും….
സാക്ഷ്യത്തിന്റെ സമയം ഇടറിയ സ്വരത്തിൽ ഈ പാട്ടിന്റെ ഈരടികൾ
പാടി തന്റെ അനുഭവ സാക്ഷ്യം പറഞ്ഞു തുടങ്ങിയ സൂം അച്ചായന്റെ വാക്കുകൾ കേട്ട് പാസ്റ്റർ അടക്കം സകല വിശ്വാസികളുടെയും കണ്ണ് നിറഞ്ഞു..
ഒന്നിനും കൊള്ളില്ല എന്ന് കരുതി പ്ലെ സ്റ്റാറിന്റെ തെരുവുകളിൽ പലരുടെയും ഫോൺ മെമ്മേറിക്കു ഒരു ഭാരമായി ജീവിക്കുകയും, ലോകമോഹങ്ങൾക്ക് അടിമകളായ ജീവിക്കുന്ന ഇപ്പോഴത്തെ ന്യൂജൻ തലമുറയുടെ കൂട്ടാളി ആയും, ബിസിനസ്സ് മീറ്റിംഗുകൾ ആണ് ജീവിതത്തിൽ ഏറ്റവും വലുത് എന്ന് കരുതി ജീവിച്ചിരുന്ന തന്നെ കരുണാമയനായ കർത്താവ് ലോകത്തിൽ കൊറോണ കൊണ്ട് വന്ന് രക്ഷയുടെ മാർഗ്ഗത്തിലേക്കു നയിച്ചു എന്ന് സൂം അച്ചായൻ പറയുന്ന കേട്ടപ്പോൾ പിറകിൽ കസേരയിൽ ഇരുന്ന വാട്ട്സ്ആപ്പ് അമ്മച്ചി ഇരുകൈകളും ഉയർത്തി ഉച്ചത്തിൽ ഒരു സ്തോത്രം പറഞ്ഞു..
ആദ്യമൊക്കെ ഒന്ന് രണ്ടു ചെറിയ ചെറിയ ആത്മീയ കൂട്ടായ്മകളിൽ ഭാഗവാക്കായി മാറിയെങ്കിലും എന്നെ പൂർണമായി അങ്ങോട്ട് ഉൾക്കൊള്ളാൻ പല വിശ്വാസികളും തയാറായിരുന്നില്ല. എന്നാൽ പൊതു ആരാധന അനുവദനീയമല്ല എന്ന് സർക്കാർ ഉത്തരവ് വന്നപ്പോൾ എന്നെ തള്ളിപറഞ്ഞവർ വരെ സ്വന്തം ഫോണിൽ സ്ഥലം ഇല്ലാഞ്ഞിട്ടുപോലും മറ്റുള്ള ആപ്പുകൾ കളഞ്ഞിട്ടു എന്നെ ഇൻസ്റ്റാൾ ചെയ്ത് കൂടെ നിർത്തി.. ഇതൊന്നും എന്റെ കഴിവ് കൊണ്ട് അല്ലാ ,അതിലുപരി കർത്താവിന്റെ കൃപ കൊണ്ട് 2ജി ,3ജി നെറ്റ്വർക്കിൽ പോലും ഹാങ്ങ് ആവാതെ ഇന്ന് ഈ നിലയിൽ ആകുവാൻ ദൈവം സഹായിച്ചു എന്ന് പറയുവാൻ ഈ സമയം ഞാൻ ആഗ്രഹിക്കുന്നു..
അനേകം മീറ്റിംഗുകൾ എന്നിലൂടെ നടത്തിയിട്ട് ഉണ്ടെങ്കിലും യോഗാവസാനം ഒരു ഗ്ലാസ് ചായ പോലും തരുവാൻ ഉള്ള സാഹചര്യം എനിക്ക് ലഭിച്ചില്ലല്ലോ എന്ന് ഓർക്കുമ്പോൾ അതിയായ വിഷമം ഉണ്ട്..
എന്നാൽ പല പ്രാർത്ഥനയുടെ ഇടയിലും വീഡിയോ ഓഫ് ആക്കി വെച്ചിട്ടു ,മിച്ചറും കട്ടൻ കാപ്പിയും കുടിച്ചിട്ട് ഒരു ഉളുപ്പുമില്ലാതെ ഇരുന്നു ആമേൻ ടു ഓൾ എന്ന് മെസ്സേജ് ടൈപ്പ് ചെയ്ത് വിടുന്ന അച്ചായന്മാർ കൊറോണയേക്കാൾ ഭീകരം ആണ് എന്ന് കൂടി ഈ അവസരത്തിൽ ഓർമ്മപ്പെടുത്തുന്നു..
പാട്ടും , പ്രാർത്ഥനയും തുടങ്ങി യൂത്ത് പ്രോഗ്രാമുകളും, കൺവെൻഷനുകളും വരെ നടത്തുവാൻ പലരും എന്നെ ഉപയോഗിക്കുമ്പോൾ ഇനിയും എത്ര നാൾ എനിക്ക് ഇതിനു സാധിക്കും എന്ന ചോദ്യം എന്റെ ഹൃദയത്തെ വല്ലാതെ ഭാരപ്പെടുത്തുന്നു..
ഒരു പ്രാർത്ഥനാ വിഷയം എനിക്ക് പറയുവാൻ ഉള്ളത് ഇടക്ക് ഇടക്ക് ചില സമയങ്ങളിൽ ചില അപ്ഡേഷനുകളുടെ പ്രയാസത്താൽ ഞാൻ ഭാരപ്പെടുന്നു. പലപ്പോളും ഫോണിൽ നിന്നും കൂടാതെ പ്ലെയ്സ്റ്റോറിൽ നിന്നുപോലും ഡിലീറ്റ് ആക്കി കളയുവാൻ വരെ ശത്രു ആയവൻ തന്ത്രങ്ങൾ മേനയുന്നു. എന്നാൽ അവിടെ നിന്നെല്ലാം എനിക്ക് വിടുതൽ ആയത് നിങ്ങളുടെ പ്രാർത്ഥന ഒന്നുകൊണ്ടു മാത്രമാണ്.
തുടർന്നും പ്രിയ ദൈവമക്കളുടെ വിലയേറിയ പ്രാർത്ഥനയും 5 സ്റ്റാർ റേറ്റിങ്ങും ചോദിച്ചുകൊണ്ട് ഞാൻ എന്റെ സാക്ഷ്യം മ്യുട്ട് ചെയ്ത് ഇരുന്നുകൊള്ളുന്നു…
ജോ ഐസക്ക് കുളങ്ങര..