നെഹമ്യാവ് ഈ തലമുറയിലേക്ക് കൈമാറുന്ന സന്ദേശങ്ങൾ – 13
വാടിയ മുഖങ്ങൾ
“രാജാവ് എന്നോട് “നിന്റെ മുഖം വാടിയിരിക്കുന്നത് എന്ത്? നിനക്ക് രോഗം ഒന്നും ഇല്ലല്ലോ. ഇത്
മനോവേദനയല്ലാതെ മറ്റൊന്നുമല്ല എന്ന് പറഞ്ഞു;” (നെഹമ്യാവു 2:2)
നിന്റെ മുഖം വാടിയിരിക്കുന്നത് എന്ത്?
രാജാവിന്റെ മുമ്പിൽ പാടില്ലെന്നറിഞ്ഞിട്ടും നെഹമ്യാവിന് ദുഃഖം അടക്കാനായില്ല. രാജാവ് അത് ഒറ്റനോട്ടത്തിൽ കണ്ടു പിടിച്ചു. ‘നിന്റെ മുഖം വാടിയിരിക്കുന്നത് എന്ത്’ എന്ന് ചോദിച്ചു. ഈ ചോദ്യം വളരെ പ്രസക്തമാണ്. ബൈബിളിൽ മുഖം വാടിയ ചില വ്യക്തികളുടെ ചരിത്രം ഉണ്ട്.
കയീൻ
കയീന്റെ മുഖം വാടാൻ കാരണം തന്റെ സഹോദരനായ ഹാബേലിന്റെ വഴിപാടിൽ ദൈവം പ്രസാദിച്ചതാണ്. മറ്റൊരാളുടെ മേൽ ദൈവാനുഗ്രഹം പകരപ്പെടുമ്പോൾ ചിലരുടെയൊക്കെ മുഖം ഇന്നും വാടാറുണ്ട്. അതിന്റെ കാരണം അസൂയയാണ്.
ഹന്ന
മുഖം വാടിയ മറ്റൊരു വ്യക്തി ഹന്നയാണ്. ഭവനത്തിനകത്തെ നിന്ദയും പരിഹാസവും ഒരു കുഞ്ഞില്ലാത്ത ദുഃഖവുമെല്ലാം അവളുടെ സങ്കടത്തെ വർദ്ധിപ്പിച്ചു. അത് മുഖത്തും നിഴലിച്ചു. എന്നാൽ ദൈവം ഒരു കുഞ്ഞിനെ നൽകി അവളുടെ മുഖത്തെ പ്രസന്നമാക്കി. നാം നേരിടുന്ന നിന്ദകളുടെ നടുവിൽ ദൈവം ഇടപെടും.
എമ്മവുസിലേക്ക് പോയ ശിഷ്യന്മാർ
ഇത് തികച്ചും ഖേദകരമാണ്. അവരുടെ മുഖം വാടാൻ പാടില്ലായിരുന്നു. കാരണം അന്ന് രാവിലെ കർത്താവായ യേശു ഉയിർത്തെഴുന്നേറ്റതാണ്. മറിയ അതിന് സാക്ഷിയാണ്. ഒഴിഞ്ഞ കല്ലറ അതിന് തെളിവാണ്. പക്ഷെ അവരുടെ മുഖം അപ്പോഴും മ്ലാനമായിരുന്നു. ഉയിർത്തെഴുന്നേറ്റ കർത്താവ് അവരുടെ കണ്ണുകൾ തുറന്നപ്പോഴാണ് അവരുടെ മുഖം തെളിഞ്ഞത്.
നമ്മുടെ വാട്ടം
കയീന്റെ വാട്ടം നമുക്ക് യോജിച്ചതല്ല. ഹന്നയുടെ മുഖം വാടിയെങ്കിലും ദൈവം അവളെ ഓർത്തതോടെ വാട്ടം എവിടെയോ പോയ്മറഞ്ഞു. അതേ, താത്കാലികമായി നേരിടുന്ന നമ്മുടെ ഏത് സാഹചര്യങ്ങളെയും മാറ്റിമറിക്കാൻ കർത്താവിന് സാദ്ധ്യമാണ്. നമ്മുടെ കർത്താവ് ഉയിർത്തെഴുന്നേല്ക്കുക മാത്രമല്ല, പിതാവിന്റെ വലത്തു ഭാഗത്ത് നമുക്ക് വേണ്ടി പക്ഷവാദം ചെയ്യുന്നത് കൊണ്ട് നമ്മുടെ മുഖം വാടാൻ പാടില്ല. മുഖം വാടാൻ എന്തെങ്കിലുമൊരു കാരണം അവശേഷിക്കുന്നുണ്ടെങ്കിൽ
നെഹമ്യാവിനെപ്പോലെ ദേശത്തിന്റെ അവസ്ഥ ഓർത്ത് മാത്രമായിരിക്കണം. ആ വാട്ടത്തെ ദൈവം ശ്രദ്ധിക്കുന്നു.