നെഹമ്യാവ് ഈ തലമുറയിലേക്ക് കൈമാറുന്ന സന്ദേശങ്ങൾ – 15
“ഇൻസ്റ്റന്റ്” പ്രാർത്ഥന
“രാജാവ് എന്നോട്: “നിന്റെ അപേക്ഷ എന്ത് ” എന്ന് ചോദിച്ചു: ഉടനെ ഞാൻ സ്വർഗ്ഗത്തിലെ ദൈവത്തോടു
പ്രാർത്ഥിച്ചിട്ട്…” (നെഹെമ്യാവു 2:4)
നിർണ്ണായക നിമിഷങ്ങൾ
നെഹമ്യാവിന്റെ മറുപടിക്ക് രാജാവിന്റെ പ്രതികരണം വളരെ പ്രതീക്ഷാജനകമായിരുന്നു. ഞാൻ എന്താണ് നിനക്ക് ചെയ്തു തരേണ്ടത്? ഈ നിമിഷത്തിനായിരുന്നു നെഹമ്യാവ്ഇത്രയും നാൾ കാത്തിരുന്നത്. തനിക്ക് രാജാവിൽ നിന്നും അനുവാദങ്ങൾ ലഭിക്കാനുള്ള സാദ്ധ്യത തുറക്കപ്പെട്ടിരിക്കുന്നു. ഉടനെ നെഹമ്യാവ് സ്വർഗ്ഗത്തിലെ ദൈവത്തോട് പ്രാർത്ഥിച്ചു.
ഇൻസ്റ്റന്റ് പ്രാർത്ഥന
രാജാവിന്റെ മുമ്പിൽ നിമിഷാർദ്ധത്തിനുള്ളിൽ നെഹമ്യാവ് ഒരു പ്രാർത്ഥന നടത്തുന്നു. കണ്ണടയ്ക്കാനോ കൈയുയർത്താനോ മുട്ട് കുത്താനോ ഒന്നും സമയമില്ല. എന്ന് മാത്രമല്ല രാജാവ് മുമ്പിൽ നില്ക്കുകയാണ്. ദൈവമേ ! എന്ന് വിളിക്കാനുളള സമയമേ ഉള്ളു. ഇതൊരു അനുഗ്രഹിക്കപ്പെട്ട അനുഭവമാണ്. ഏതെങ്കിലും നിർണ്ണായക നിമിഷങ്ങളിൽ പ്രധാനപ്പെട്ട തീരുമാനങ്ങളോ പ്രതികരണങ്ങളോ ആവശ്യമായി വരുമ്പോൾ ചെയ്യാവുന്ന ഏറ്റവും
മികച്ച കാര്യം. സ്വർഗ്ഗത്തിലേക്കൊരു ടെലഗ്രാം. അതൊരു പ്രത്യേക കൃപയാണ്.
ദീർഘമായ പ്രാർത്ഥന ഉള്ളവർക്ക് ..
ഇൻസ്റ്റന്റ് പ്രാർത്ഥന മാത്രം എപ്പോഴും നടത്തിയാൽ മതിയോ? പോര. 6 മാസത്തോളം നെഹമ്യാവ് ഈ വിഷയത്തിന് വേണ്ടി രാവും പകലും പ്രാർത്ഥിച്ചിട്ടുണ്ട്. തെറ്റുകൾ ഏറ്റുപറഞ്ഞിട്ടുണ്ട്. അങ്ങനെയുള്ളവർ നിമിഷാർദ്ധത്തിൽ പ്രാർത്ഥിക്കുമ്പോൾ ദൈവം ശ്രദ്ധി
ക്കുന്നു. അഞ്ചപ്പം കൈയിലെടുത്ത് യേശു സ്വർഗ്ഗത്തിലേക്ക് ഒന്ന് നോക്കിയതേ ഉള്ളൂ. ആശയവിനിമയം നടന്നു കഴിഞ്ഞിരുന്നു. എന്നുവെച്ച് നാമും അങ്ങനെ സ്വർഗ്ഗത്തിലേക്ക്
നോക്കിയാൽ മാത്രം മതിയോ? രാതി മുഴുവനും പ്രാർത്ഥനയിൽ ചെലവഴിച്ച യേശുവിന് നിർണ്ണായക നിമിഷങ്ങളിൽ ഒന്ന് മുകളിലേക്ക് നോക്കിയാൽ മതി. നിമിഷാർദ്ധ പ്രാർത്ഥനയെക്കുറിച്ച് പറയുമ്പോൾ മണിക്കൂറുകൾ ദൈവസന്നിധിയിൽ ചെലവഴിച്ചതുകൂടെ ചേർത്ത് കണക്കാക്കേണ്ടതുണ്ട്.
മുകളിൽ ദൈവം
എന്തിന് നെഹമ്യാവ് സ്വർഗ്ഗത്തിലേക്ക് നോക്കി? സാമ്രാജ്യത്തിന്റെ തലവനാണ് എന്താണ് ചെയ്യേണ്ടതെന്ന് നേരിട്ട് ചോദിക്കുന്നത്. പക്ഷെ നെഹമ്യാവിന് രാജാവിനെക്കാൾ വലിയത് ദൈവമായിരുന്നു. മുകളിൽ നിന്നും അംഗീകാരം കിട്ടാതെ രാജാവിന്റെ വാക്കിനെ മാത്രം ആശ്രയിച്ചാൽ ശരിയാകില്ലെന്ന് നെഹമ്യാവിന് ബോദ്ധ്യം ഉണ്ടായിരുന്നു. ആ കാഴ്ചപ്പാട്
ഒന്ന് വേറെ തന്നെയാണ്. ഹൃദയത്തിൽ പതിപ്പിക്കേണ്ട യാഥാർത്ഥ്യമാണത്.