നെഹമ്യാവ് ഈ തലമുറയിലേക്ക് കൈമാറുന്ന സന്ദേശങ്ങൾ – 16
എന്നെ അയയ്ക്കണേ!
രാജാവിനോട്: “രാജാവിന് തിരുഹിതമുണ്ടായി അടിയന് തിരുമുമ്പിൽ ദയ ലഭിച്ചു എങ്കിൽ അടിയനെ യെഹൂദയിൽ എന്റെ പിതാക്കന്മാരുടെ കല്ലറകളുള്ള പട്ടണത്തിലേയ്ക്ക് അത് പണിയേണ്ടതിന് അയക്കേണമേ” എന്ന് ഉണർത്തിച്ചു. (നെഹെമ്യാവു 2:5)
വെറും പ്രാർത്ഥന മാത്രമായിരുന്നില്ല
ഉടനടിയുളള പ്രാർത്ഥനയ്ക്ക് ശേഷം നെഹമ്യാവ് രാജാവിനോട് പറയുന്ന
വാക്കുകളാണ് ഈ വാക്യത്തിൽ കാണുന്നത്. അതിന്റെ രത്നച്ചുരുക്കം
ഇങ്ങനെയായിരുന്നു. “എന്നെയൊന്ന് അയക്കണം”. ഒന്നാം അദ്ധ്യായത്തിൽ നെഹമ്യാവ് കരയുന്നു, ഉപവസിക്കുന്നു, പ്രാർത്ഥിക്കുന്നു. കാരണം യെരുശലെമിന്റെ അവസ്ഥ തനിക്ക് അസ്വസ്ഥത ഉണ്ടാക്കി. അത് വലിയൊരു കാര്യമാണ്. കാരണം ഉന്നത പദവിയിലിരിക്കുന്ന പലർക്കും ഇത്തരം മാനസികാവസ്ഥ ഉണ്ടാകില്ല. തങ്ങളുടെ ജോലിയും സ്വപ്നങ്ങളും മാത്രമായിരിക്കും മനസിൽ. അതിനാൽ ഇത്രയും പദവിയുള്ള ഒരു വ്യക്തി കരയു
കയും ഉപവസിക്കുകയും ചെയ്യുന്നത് നിസാര കാര്യമല്ല.
എന്നാൽ നെഹമ്യാവ് അവിടം കൊണ്ട് നിർത്തുന്നില്ല. തന്നെ ആ ദൗത്യത്തിന്നായ് അയക്കണമേയെന്ന് രാജാവിനോട് ആവശ്യപ്പെടുകയാണ്. അനേകരുടെയും ആത്മഭാരം പ്രാർത്ഥനയിലും കണ്ണുനീരിലും അവസാനിക്കും. അതിന് വേണ്ടിയുളള ചുവട് വയ്പ്പുകൾ ഉണ്ടാകില്ല. ഭാരതത്തിൽ
വിദേശത്തുനിന്ന് എത്രയോ മിഷണറിമാർ വന്നിരിക്കുന്നു. അവരുടെ ത്യാഗങ്ങൾ കൊണ്ട് മാത്രമല്ലേ നാം ആത്മീക അഭിവൃദ്ധി പ്രാപിച്ചത്. എന്നാൽ നമുക്ക് എത്ര പേർക്ക് ത്യാഗപൂർവമായി പ്രവർത്തിക്കുവാൻ കഴിഞ്ഞിട്ടുണ്ട് ? ഇവിടെയാണ് നെഹമ്യാവ് വ്യത്യസ്തനാകുന്നത്.
ചോദിച്ചതിലും അധികം
യെരുശലേമിലേക്ക് പോകാൻ അനുവാദം ചോദിക്കുമ്പോൾ മതിൽ പണിയണമെന്ന ഒറ്റ ലക്ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അത് തനിക്ക് ചെയ്യാൻ കഴിയുമെന്ന വിശ്വാസം ഉണ്ടായിരുന്നു. എന്നാൽ സുരക്ഷിത മേഖലകൾ വിട്ട് ഇറങ്ങിത്തിരിച്ച നെഹമ്യാവിനെക്കൊണ്ട് അതിലുമേറെ ദൈവം ചെയ്യിച്ചു. ജനത്തെ ന്യായപ്രമാണം പഠിപ്പിക്കൽ, ഉടമ്പടിയിലേക്ക് നയിക്കൽ, ശുദ്ധീകരണം എന്നിവയൊക്കെ താൻ ചെയ്തു. ഇതൊന്നും ചെയ്യാൻ ഉദ്ദേശിച്ചല്ല താൻ വന്നത്. എന്നാൽ ത്യാഗപൂർവ്വം ഇറങ്ങിത്തിരിച്ച നെഹമ്യാവിനെക്കൊണ്ട് ദൈവം അതും ചെയ്യിച്ചു. നാം ഒരു ചുവട് വ
യ്ക്കാൻ തയ്യാറായാൽ അതിനും അപ്പുറത്തേക്ക് ദൈവം നമ്മെ കൊണ്ടുപോകും.