നെഹമ്യാവ് ഈ തലമുറയിലേക്ക് കൈമാറുന്ന സന്ദേശങ്ങൾ – 18
പ്രതീക്ഷിക്കാത്ത നിയമനം
“രാജാവിന് ഹിതമെങ്കിൽ, ഞാൻ യഹൂദയിൽ എത്തുംവരെ നദിക്ക് അക്കരെയുള്ള ദേശാധിപതിമാർ എന്നെ കടത്തിവിടേണ്ടതിന് അവർക്ക് എഴുത്തുകളും ആലയത്തോട് ചേർന്ന കോട്ടവാതിലുകൾക്കും പട്ടണത്തിന്റെ മതിലിനും ഞാൻ ചെന്നു പാർക്കുവാനിരിക്കുന്ന വീടിനും ഉത്തരം മുതലായവ ഉണ്ടാക്കുവാൻ ആവശ്യമായ
മരം തരേണ്ടതിന് രാജാവിന്റെ വച നവിചാരകനായ ആസാഫിന് ഒരു എഴുത്തും നൽകേണമേ” എന്നും ഞാൻ രാജാവിനോട് അപേക്ഷിച്ചു. എന്റെ ദൈവത്തിന്റെ ദയയുള്ള കൈ എനിക്ക് അനുകൂലമായിരുന്നതുകൊണ്ട് രാജാവ് അത് എനിക്ക് തന്നു.
(നെഹെമ്യാവു 2:7-8)
രണ്ടു കാര്യങ്ങൾ കൂടെ
പോകാനുള്ള അനുവാദം ലഭിച്ചതോടെ നെഹമ്യാവിന്റെ ആത്മവിശ്വാസം ഇരട്ടിച്ചു. രാജാവിനോട് രണ്ട് കാര്യങ്ങൾ കൂടെ ആവശ്യപ്പെട്ടു. ഒന്ന് സംസ്ഥാനങ്ങളിലൂടെ കടന്നു പോകാനുള്ള അന്തർസംസ്ഥാന പെർമിറ്റ്. മറ്റൊന്ന് വനവിചാരകനായ ആസാഫിൽ നിന്നും മരം ലഭിക്കാനുള ഫോറസ്റ്റ് പെർമിറ്റും. ഈ രണ്ട് അപേക്ഷകളും രാജാവ് അനുവദിക്കുന്നു. അതിന്റെ കാരണവും സുവ്യക്തമായി രേഖപ്പെടുത്തിയിരിക്കുന്നു. ദൈവത്തിന്റെ ദയയുള്ള കൈ തനിക്ക് അനുകൂലമാണ് എന്നതാണ് അത്.
ചോദിക്കാതെ ലഭിച്ച പ്രധാനപ്പെട്ട പദവി
ഈ രണ്ട് ആവശ്യങ്ങൾ മാത്രം നെഹമ്യാവ് ചോദിച്ചു. അത് രണ്ടും ലഭിച്ചു. എന്നാൽ നെഹമ്യാവ് ചോദിക്കാത്ത ഒരു കാര്യം രാജാവ് സ്വമനസ്സാൽ നൽകുന്നു, അത് യെരുശലേം ഉൾപ്പെടുന്ന യെഹൂദ്യയുടെ ഗവർണർ സ്ഥാനമായിരുന്നു. അത് നാം കാണുന്നത് 5:14 – ൽ ആണ്. ചോദിക്കാതെ എങ്ങനെ ലഭിച്ചു? ദൈവത്തിന്റെ ദയയുള്ള കൈ അനുകൂലമായതിനാൽ.
നെഹമ്യാവിന്റെ യാത്ര
യെരുശലേമിലേക്കുളള നെഹമ്യാവിന്റെ യാത്ര ഔദ്യോഗിക ബഹുമതികളോടെയായിരുന്നു. ഒരു ഗവർണ്ണർ യാത്ര ചെയ്യുമ്പോഴുളള പരിവാരങ്ങളോടെയാണ് നെഹമ്യാവ് യാത്രയായത്. 2:9 ൽ പടനായകന്മാരെ നെഹമ്യാവിന്റെ കൂടെ അയച്ചിരുന്നതായി പറയുന്നു. അത് നെഹമ്യാവിന് ഭയമായതു കൊണ്ടല്ല. അതായിരുന്നു പേർഷ്യൻ രീതി.
പ്രാർത്ഥിക്കാത്തതിനും മറുപടി
നമ്മുടെ പ്രാർത്ഥനകൾക്ക് ദൈവം മറുപടി നൽകുന്നു. എന്നാൽ നാം ചോദിക്കാത്ത കാര്യങ്ങളും ദൈവം നൽകാറുണ്ട്. പ്രാർത്ഥനയുടെ സാദ്ധ്യതകൾ അത്രയ്ക്ക് അപാരമാണ്. ഈ മഹാമാരിയുടെ കാലത്ത് നമ്മുടെ സഭകൾ കഴിഞ്ഞ നാളുകളെക്കാൾ ശക്തിപ്പെടുവാൻ വിശ്വാസത്തോടെ പ്രാർത്ഥിക്കാം, വേരില്ലാത്തവ ഏറെ വേരുറ്റതാകട്ടെ.