BIBLE TODAY | നെഹമ്യാവ് ഈ തലമുറയിലേക്ക് കൈമാറുന്ന സന്ദേശങ്ങൾ – 24 | Pastor Sabu Samuel

നെഹമ്യാവ് ഈ തലമുറയിലേക്ക് കൈമാറുന്ന സന്ദേശങ്ങൾ – 24

ദർശനം പങ്കുവയ്ക്കപ്പെടുന്നു

“വരുവിൻ: നാം ഇനിയും നിന്ദാപാത്രമായിരിക്കാതവണ്ണം യെരുശലേമിന്റെ മതിൽ പണിയുക എന്നു പറഞ്ഞു,” (നെഹെ.2:12).

രണ്ടാം ഭാഗം
നെഹമ്യാവിന്റെ ദൗത്യത്തിന്റെ രണ്ടാം ഭാഗം ഇവിടെ ആരംഭിക്കുകയാണ്. ഒന്നാം അദ്ധ്യായം ഒന്നാം വാക്യം മുതൽ രണ്ടാം അദ്ധ്യായം 17 വരെയുള്ള
വാക്യങ്ങൾ ദൈവവും നെഹമ്യാവും തമ്മിലുള്ള ഇടപെടലുകളാണ്. ദൈവം നെഹമ്യാവിന് ദർശനം നൽകുന്നു. നെഹമ്യാവ് അത് നടപ്പിലാക്കുവാൻ ഇറങ്ങിത്തിരിക്കുന്നു.

വരുവിൻ
ഇനി മറ്റുളളവരെ ഇതിലേക്ക് ക്ഷണിക്കുകയാണ്. തന്റെ ദൗത്യം യെഹൂദായിലുളളവരെ അറിയിക്കുന്നു. മൂന്നാം അദ്ധ്യായത്തിൽ അനേകർ ആ ദൗത്യത്തിൽ പങ്കാളികളാക്കുന്നു. നാല് മുതലുളള അദ്ധ്യായങ്ങളിൽ അസാധാരണമായ ദൈവ്രപ്രവർത്തി നടക്കുകയാണ്.

ചരിത്രത്തിൽ എങ്ങും
ഈ മാതൃക തന്നെയാണ് സഭാചരിത്രത്തിൽ ഉടനീളമുളള പ്രവർത്തികളിൽ നാം കാണുന്നത്. ഒരു വ്യക്തിക്ക് ദൈവം ഒരു ദർശനം പകർന്ന് നൽകുന്നു. അത് അവർ ഏറ്റെടുത്ത് മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നു. ദൈവം പ്രേരണ നൽകുന്ന ഒരുകൂട്ടം ആളുകൾ അതിനോട് സഹകരിക്കുന്നു. പിന്നീട് അസാധാരണമായ ദൈവപ്രവർത്തികൾ നടക്കുന്നു.

മാർട്ടിൻ ലൂഥറിന്റെ കാലത്ത് ഉണ്ടായ നവീകരണത്തിലും ചരിത്രം ഇങ്ങനെ തന്നെയാണ്. ലൂഥറിന് ദൈവം നൽകിയ ബോദ്ധ്യം അനേകായിരങ്ങൾ ഏറ്റെടുത്തു. വെയിൽസിലെ ഉണർവ്വിലും ഇത് തന്നെ കാണാം. ഇവാൻ
റോബർട്ട്സ് എന്ന വ്യക്തിയെയാണ് ദൈവം എഴുന്നേല്പിച്ചത്. കേരള പെന്തെക്കൊസ്ത് ഉണർവ്വിന്റെ ചരിത്രവും മറ്റൊന്നല്ല. ഒരു കാര്യത്തിന് മാത്രം മാറ്റമില്ല. ദർശനം എന്നും വ്യക്തികൾക്കാണ് ദൈവം കൈമാറുന്നത്.

നമുക്കിങ്ങനെ പ്രാർത്ഥിക്കാം. ദൈവമേ, അങ്ങേയ്ക്ക് ഹിതമാണെങ്കിൽ എനിക്കൊരു ദർശനം നൽകുക. അല്ലങ്കിൽ ദർശനമുളളവരുടെ കൂടെ നില്ക്കാൻ എന്നെ സഹായിക്കുക.

Comments (0)
Add Comment