നെഹമ്യാവ് ഈ തലമുറയിലേക്ക് കൈമാറുന്ന സന്ദേശങ്ങൾ – 27
യഥാർത്ഥ ആത്മീക നേതൃത്വം
“അതിനു ഞാൻ അവരോട്: സ്വർഗത്തിലെ ദൈവം ഞങ്ങൾക്കു കാര്യം സാധിപ്പിക്കും..” (നെഹെ. 2:20)
അതിന് ഞാൻ ….
ഈ വാക്യത്തിന്റെ ആദ്യ പദമാണ് ഇന്നത്തെ പ്രതിപാദ്യ വിഷയം. “അതിന് ഞാൻ അവരോട്:”. അതിന് മുമ്പുള്ള വാക്യത്തിൽ യെഹൂദാ പ്രഭുക്കന്മാരും പ്രമാണികളുമൊക്കെ ഈ നല്ല പ്രവർത്തിക്കായ് അന്യോന്യം ധൈര്യപ്പെടുത്തിയെന്ന് കാണുന്നു. അങ്ങനെയെങ്കിൽ അതിന് “ഞാൻ” എന്നതിന് പകരം അതിന് “ഞങ്ങൾ” എന്നാണ് വരേണ്ടത്. എന്നാൽ എതിർപ്പിന്റെയും നിന്ദയുടെയും ശബ്ദം ഉയർന്നതോടെ പ്രഭുക്കന്മാരുടെയും
പ്രമാണികളുടെയും സ്വരം കേൾക്കാതെയായി. അവിടെ ഒരാളുടെ ശബ്ദം മാത്രം ഉയർന്ന് നിന്നു. അത് നെഹമ്യാവിന്റെയായിരുന്നു. ആത്മിക ദർശനമുള്ളവർക്ക് മാത്രമേ നിന്ദയുടെ മുമ്പിൽ ശബ്ദമുയർത്താനാവൂ.
ആരാണ് യഥാർത്ഥ ആത്മീക നേതാവ്?
പ്രതിസന്ധികളിൽ സമൂഹത്തിന് വേണ്ടി ശബ്ദിക്കുന്നവരാണ് യഥാർത്ഥ ആത്മീക നേതൃത്വം. ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ടവർക്ക് അതിന് ധൈര്യം വരില്ല. ആ ധൈര്യം വരേണ്ടത് ഉയരത്തിൽ നിന്നാണ്.
യേശുവിന്റെ കാലത്ത്
യെരുശലേം ദേവാലയത്തിൽ ചാട്ടവാർ കൊണ്ട് വില്ക്കുന്നവരെയും വാങ്ങുന്നവരെയും പുറത്താക്കുന്ന രംഗം നമുക്കറിയാം, ഒറ്റ പുരോഹിതനും മഹാപുരോഹിതനും അതിനെതിരെ ശബ്ദിച്ചില്ലല്ലൊ? അവർക്കും അതിൽ
പങ്കുണ്ടായിരുന്നതാണ് കാരണം. എന്നാൽ ചില പേരുകൾ പറയാം. അന്നത്തെ ഏറ്റവും പണ്ഡിതനായ ഗമാലിയെൽ ആലയത്തെ കള്ളന്മാരുടെ ഗുഹയാക്കിയതിനെ വിമർശിച്ചോ? ഒരക്ഷരം മിണ്ടിയതായി കാണുന്നില്ല. പരീശന്മാരിൽ പ്രമുഖനായ നിക്കോദിമോസോ യിസ്രായേലിലെ മന്ത്രിയായ അരിമത്ഥ്യ ജോസഫോ ഇതിനെതിരെ പ്രതികരിച്ചോ? ഇല്ല. എന്നാൽ യേശു പ്രതികരിച്ചു. കാരണം അവിടുന്ന് ഉയരത്തിൽ നിന്നും വന്നതാണ്. യഥാർത്ഥ ആത്മിക നേത്യത്വത്തെ തിരിച്ചറിയുകയും വിവേചിക്കുകയും
ചെയ്യേണ്ടത് ആവശ്യമാണ്. അവർ ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ടവരാണ്. അവരുടെ ശബ്ദം ഉയരേണ്ട സമയങ്ങളിൽ ആത്മീക പക്വതയോടെ ഉയരുക തന്നെ ചെയ്യും.