BIBLE TODAY | നെഹമ്യാവ് ഈ തലമുറയിലേക്ക് കൈമാറുന്ന സന്ദേശങ്ങൾ – 29 | Pastor Sabu Samuel

നെഹമ്യാവ് ഈ തലമുറയിലേക്ക് കൈമാറുന്ന സന്ദേശങ്ങൾ – 29

ആകയാൽ ഞങ്ങൾ പണിയും

“ആകയാൽ അവന്റെ ദാസന്മാരായ ഞങ്ങൾ എഴുന്നേറ്റു പണിയും:” (നെഹെ.2:20)

ആകയാൽ
ഈ വാചകത്തിൽ അനേകം പദങ്ങളുണ്ട്. ഇതിലെ ക്രിയാപദം “പണിയും” എന്നതാണ്. എന്നാൽ ഏറ്റവും പ്രധാനപ്പെട്ട പദം “ആകയാൽ” എന്നതാണ്. വലിയ അർത്ഥവും വ്യാപ്തിയും അതിന്റെ പുറകിലുണ്ട്. പരിഹാസങ്ങളുടെയും എതിർപ്പുകളുടെയും മധ്യേ ഈ നിർമ്മാണം നടക്കണമെങ്കിൽ, പണിയണമെങ്കിൽ അതിന് തൊട്ട് മുകളിലുള്ള നിബന്ധനയാണ് പ്രധാനം.

എന്താണ് ആ നിബന്ധന? സ്വർഗ്ഗത്തിലെ ദൈവം കാര്യം സാധിപ്പിക്കും. സ്വർഗ്ഗത്തിലെ ദൈവം കാര്യം സാധിപ്പിച്ചാൽ പിന്നെ ആർക്കും പണിയാം. ആരുടെ മുമ്പിലും പണിയാം. അതാണ് നെഹമ്യാവിന്റെ ഉറപ്പിനും ധൈര്യത്തിനും കാരണം.

മഹാനിയോഗത്തിലും
കർത്താവ് സ്വർഗ്ഗാരോഹണം ചെയ്യുന്നതിന് മുമ്പ് ശിഷ്യന്മാർക്ക് നൽകുന്ന മഹാനിയോഗമാണ് മത്തായി 28-ാം അദ്ധ്യായത്തിന്റെ അവസാന ഭാഗത്തിൽ കാണുന്നത്. അവിടെയും നമുക്ക് “ആകയാൽ” എന്ന പദം കാണാം. “ആകയാൽ നിങ്ങൾ പുറപ്പെട്ട് എന്താണ് ഇവിടത്തെ ആകയാൽ എന്ന പദത്തിന്റെ പ്രസക്തി. അത് തൊട്ട് മുമ്പുളള വാക്യത്തിലാണ്. “സ്വർഗ്ഗത്തിലും ഭൂമിയിലും സകല അധികാരവും എനിക്ക് നൽകപ്പെട്ടിരിക്കുന്നു.”
ആകയാൽ നിങ്ങൾ പുറപ്പെടുക. കർത്താവിന് സകല അധികാരവും ഉണ്ടെങ്കിൽ പിന്നെ ധൈര്യമായി സകല ജാതികളെയും ശിഷ്യരാക്കാം.
അതാണല്ലോ കഴിഞ്ഞ 20 നൂറ്റാണ്ടായി സംഭവിച്ചിരിക്കുന്നതും.

എബ്രായ ലേഖനത്തിൽ
വിശ്വാസവീരന്മാരുടെ നീണ്ട പട്ടിക ഹാബേൽ മുതൽ, 11-ാം അദ്ധ്യായത്തിൽ കാണുന്നു. വിശ്വാസത്താൽ അവർ വൻകാര്യങ്ങൾ കർത്താവിന്നായ് ചെയ്തു. അത് കഴിഞ്ഞ് തൊട്ടടുത്ത അദ്ധ്യായത്തിൽ ഇങ്ങനെ നാം കാണുന്നു. ” ആകയാൽ നാമും”. ഇത്രയും വീരന്മാരായർ നമുക്ക് ചുറ്റും ഉള്ളതിനാൽ നമുക്ക് സ്ഥിരതയോടെ ഓടാം എന്നാണ് ലേഖകൻ പറയുന്നത്. അത് തന്നെയാണ് നെഹമ്യാവ് പറയുന്നത്. സ്വർഗ്ഗത്തിലെ ദൈവം കാര്യം സാധിപ്പിക്കുന്നതിനാൽ ഞങ്ങൾ പണിയും. നമുക്കും അങ്ങനെ പറയാൻ കഴിയണം.

Comments (0)
Add Comment