നെഹമ്യാവ് ഈ തലമുറയിലേക്ക് കൈമാറുന്ന സന്ദേശങ്ങൾ – 31
യെരുശലേമും പുതിയ യെരൂശലേമും
“അങ്ങനെ മഹാപുരോഹിതനായ മല്യാശീബും അവന്റെ സഹോദരന്മാരായ പുരോഹിതന്മാരും എഴുന്നേറ്റ് ആട്ടിൻവാതിൽ പണിതു”(നെഹെ3:1).
യെരുശലേമിന്റെ സമഗ്രചിത്രം
ഈ അദ്ധ്യായത്തിലെ വാക്യങ്ങൾ സവിസ്തരമായി പ്രതിപാദിക്കുന്നതിന് മുമ്പ് പൊതുവായ ചില സന്ദേശങ്ങൾ നൽകാൻ ആഗ്രഹിക്കുന്നു. ഈ
അദ്ധ്യായം യെരുശലേമിലെ മതിലിന്റെ നിർമ്മാണവും സഹകാരികളുടെ പേര് വിവരങ്ങളും മാത്രമല്ല. യെരുശലേം എന്ന നഗരത്തിന്റെ സമഗ്രചിത്രം കൂടെയാണ്. യെബൂസ്യ നഗരമായ യെരുശലേം ദാവീദ് പിടിച്ചെടുത്തതായും പിന്നീട് ഹിസ്കിയാവ് ചില പുതുക്കിപ്പണികൾ നടത്തിയതായും കാണുന്നുണ്ടെങ്കിലും യെരുശലം നഗരത്തിന്റെ സമ്പൂർണ്ണമായ വിവരണങ്ങളും ഗോപുരങ്ങളും വാതിലുകളും പഴയ നിയമത്തിൽ ഇതുപോലെ മറ്റൊരിടത്തും ഇല്ല. ആട്ടുവാതിലിൽ ആരംഭിച്ച് ആട്ടുവാതിലിൽ അവസാനിക്കുന്ന വൃത്താകാരമായ നിർമ്മാണ ശൈലി ഇവിടെ വിവരിക്കുന്നു.
ക്രിസ്തുവിന്റെ ആത്മാവ്
നെഹമ്യാവിന് യെരുശലേം മതിൽ പണിയുവാൻ കഴിഞ്ഞതിനുള്ള പ്രേരകശക്തി തന്നിലുളള ക്രിസ്തുവിന്റെ ആത്മാവായിരുന്നു. വെളിപ്പാട് പുസ്തകത്തിലെ അവസാന അദ്ധ്യായങ്ങളിൽ പുതിയ യെരുശലേം എന്ന നഗരത്തിന്റെ മനോഹര ദൃശ്യം നാം കാണുന്നു. ക്രൂശീകരണത്തിന് തൊട്ടുമുമ്പ് ശിഷ്യന്മാരുമായി സംഭാഷണം നടത്തുമ്പോൾ യോഹന്നാൻ 14-ാം
അദ്ധ്യായത്തിൽ കർത്താവ് സ്ഥലമൊരുക്കുവാൻ പോകുന്നതായി പറയുന്നു. അതാണ് വെളിപ്പാടിൽ കാണുന്ന പുതിയ യെരുശലേം. ഇവിടെയിതാ നെഹമ്യാവ് യെരുശലേം നഗരമതിൽ പണിയുന്നു. തന്നിൽ വ്യാപരിച്ചിരുന്നത് ക്രിസ്തുവിന്റെ ആത്മാവ് തന്നെ.
പൂർത്തികരിച്ചു … പൂർത്തീകരിക്കും
നെഹമ്യാവ് 52 ദിവസങ്ങൾ കൊണ്ട് മതിൽ പണിത് പൂർത്തികരിച്ചു. എന്നാൽ പുതിയ യെരുശലേമിന്റെ നിർമ്മാണവും മിനുക്ക് പണികളും ഇന്നും തുടരുന്നു. സൃഷ്ടാവ് കഴിഞ്ഞ 2000 വർഷങ്ങളായി പണി തുടരുകയാണെന്ന് പറഞ്ഞാൽ അത് എങ്ങനെ വിശദീകരിക്കാനാകും? അത് കൊണ്ടാണ് ആ നഗരത്തിന്റെ അടിസ്ഥാനങ്ങളും മതിലും വിശദീകരിച്ചപ്പോഴേക്കും 12 രത്നങ്ങൾ പറഞ്ഞത്. അടിസ്ഥാനവും മതിലും ഇങ്ങനെയാണെങ്കിൽ ആ നഗരം എന്തായിരിക്കും? അതേ, ആ നിർമ്മാണം പൂർത്തികരിക്കുന്ന ഒരു ദിനമുണ്ട്. അതാണ് നമ്മുടെ ഭാഗ്യകരമായ പ്രത്യാശ.