നെഹമ്യാവ് ഈ തലമുറയിലേക്ക് കൈമാറുന്ന സന്ദേശങ്ങൾ – 32
ആസൂത്രണത്തിന്റെ പങ്ക്
“അങ്ങനെ മഹാപുരോഹിതനായ എല്യാശീബ്രും അവന്റെ സഹോദരന്മാരായ പുരോഹിതന്മാരും എഴുന്നേറ്റ് ആട്ടിൻവാതിൽ പണിതു” (നെഹ.3:1)
ആസൂത്രണ മികവ്
മൂന്നാം അദ്ധ്യായം നെഹമ്യാവിന്റെ ആസൂത്രണ മികവിന്റെ മികച്ച ഉദാഹരണമാണ്. കാരണം യെരുശലേം മതിലിന്റെ പണി പുറം കരാറുകാരെ ഏല്പിച്ചില്ല. ഓരോരുത്തരും ആ ദൗത്യത്തിന്റെ പങ്കുകാരാകുകയാണ്. അതിനാൽ തന്നെ മികച്ച ആസൂത്രണം ഇതിന്റെ പുറകിലുണ്ട്. ദൈവത്തിന്റെ എല്ലാ കാര്യങ്ങളിലും കൃത്യമായ ആസൂത്രണവും നിലവാരങ്ങളും ഉണ്ട്. ദൈവിക കാര്യങ്ങളിൽ അതുണ്ടാകേണ്ടത് സ്വാഭാവികമാണല്ലോ.
ആദ്യം ആസൂത്രണമല്ല
എന്നുവെച്ച് ആസൂത്രണം കൊണ്ട് ദൈവീക കാര്യങ്ങൾ നടത്താമെന്ന് ധരിക്കരുത്. ദൈവവിളിയാണ് ഒന്നാമത്തേത്. പ്രാർത്ഥന രണ്ടാം സ്ഥാനം അർഹിക്കുന്നു. ഇതിന് പുറകിലാണ് ആസൂത്രണത്തിന് സ്ഥാനം. ആദ്യത്തെ രണ്ടുമില്ലാതെ ദൈവിക കാര്യങ്ങൾ വിജയിപ്പിക്കുക സാദ്ധ്യമല്ല. അത് ദൈവികമല്ല, മാനുഷികമായ പദ്ധതിയായി മാറും. അതേസമയം അതിന്റെ പ്രാധാന്യം കുറച്ചു കാണാനുമാവില്ല. പൗലോസ് മികച്ച ആസൂത്രകനായിരുന്നു. ജ്ഞാനമുളെളാരു ശില്പിയായിട്ടാണ് തന്നെക്കുറിച്ച് തന്നെ വിശേഷിപ്പിക്കുന്നത്. പക്ഷെ ഒന്നാം സ്ഥാനം എന്നും പ്രാർത്ഥനയായിരുന്നു.
തെളിവ്
മഹാപുരോഹിതൻ മതിൽപണിയുടെ തുടക്കം നിർവഹിച്ചതിൽ തന്നെ നെഹമ്യാവിന്റെ ആസൂർണ മികവ് കാണുന്നുണ്ട്. മഹാപുരോഹിതൻ
മുമ്പിൽ നിന്ന് പണിയാൻ ആരംഭിച്ചാൽ പിന്നെ ബാക്കിയുളളവർക്ക് നോക്കി നില്ക്കാനാവില്ലല്ലോ. യെരുശലേമിൽ നിന്നും ദൂരെ താമസിക്കുന്നവരെ പോലും നെഹമ്യാവ് ഈ വേലയിൽ സഹകരിപ്പിക്കുന്നു. ഏറ്റവും മനോഹരമായ ഒരു കാര്യം കൂടെയുണ്ട്. ചിലരെ തങ്ങളുടെ വീടിന്റെ മുമ്പിലുള്ള അറ്റകുറ്റമാണ് ഏല്പിച്ചത്. അവിടെ ആരും “കളളപ്പണി എടുക്കില്ലല്ലോ. ദൈവീക പ്രവർത്തനങ്ങളിൽ ആസൂത്രണം ഒന്നാം സ്ഥാനത്തല്ല. എന്നാൽ തീർത്തും അവഗണിക്കാനുമാവില്ല. ദൈവീക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ ആസൂത്രണ മികവുള്ളവരായി മാറാൻ സ്വർഗ്ഗിയമായ പരിജ്ഞാനം പ്രാർത്ഥിച്ച് പ്രാപിക്കട്ടെ.