നെഹമ്യാവ് ഈ തലമുറയിലേക്ക് കൈമാറുന്ന സന്ദേശങ്ങൾ – 33
കാവൽക്കാരെ നിയമിക്കുന്നു
“അങ്ങനെ മാഹാ പുരോഹിതനായ എല്യാശീബും അവന്റെ സഹോദരന്മാരായ പുരോഹിതന്മാരും എഴുന്നേറ്റ് ആട്ടിൻവാതിൽ പണിതു:” (നെഹെ.3:1).
തകർക്കപ്പെട്ട വാതിലുകൾ
നെഹമ്യാവ് മൂന്നാം അദ്ധ്യായത്തിൽ നിന്നും ഒരു പൊതുവായ സന്ദേശം കൂടെ നൽകട്ടെ. മതിൽ പണിയെ വിശദീകരിക്കുമ്പോൾ അവിടെ നാം കാണുന്ന ഒരു പദം അറ്റകുറ്റം തീർത്തു എന്നാണ്. അതിനാൽ മതിൽ എല്ലായിടത്തും പൂർണ്ണമായി തകർന്നിരുന്നില്ലെന്ന് വ്യക്തമാണ്. എന്നാൽ വാതിലുകൾ സമ്പൂർണ്ണമായി നശിച്ചിരുന്നു. ശത്രു സൈന്യത്തിന്റെ ഏറ്റവും വലിയ ലക്ഷ്യം വാതിലാണ്. വാതിലുകൾ തകർത്താൽ അകത്തേക്ക് പ്രവേശം സുഗമമാകും. മൂന്നാം അദ്ധ്യായത്തിൽ 10 വാതിലുകൾ നാം കാണുന്നു.
10 വാതിലുകൾ
1.ആട്ടുവാതിൽ 3:1; 2.മീൻവാതിൽ 3:3; 3.പഴയ വാതിൽ 3:6; 4.താഴ്വര വാതിൽ 3:13; 5.കുപ്പവാതിൽ 3:14; 6.ഉറവ് വാതിൽ 3:15; 7.നീർ വാതിൽ 3:26; 8.കുതിര വാതിൽ 3:28; 9.കിഴക്കേ വാതിൽ 3:29; 10. ഹമ്മിഹ്ഖാദ് വാതിൽ 3:31;
നെഹമ്യാവിന്റെ ഏറ്റവും പ്രധാനപ്പെട്ട ദൗത്യം വാതിലുകൾ കരുത്തോടും ഓടാമ്പലോടും കൂടെ ഘടിപ്പിക്കുകയായിരുന്നു.
വാതിൽ കാവല്ക്കാർ
യെഹസ്കേൽ പ്രവാചകന്റെ പ്രവചന പുസ്തകത്തിൽ കാവൽക്കാരനെക്കുറിച്ചുള്ള പരാമർശം ഇങ്ങനെ കാണുന്നു. “ഞാൻ ദേശത്തെ നശിപ്പിക്കാതവണ്ണം അതിനു മതിൽ കെട്ടി എന്റെ മുമ്പാകെ ഇടിവിൽ നിൽക്കേണ്ടതിന് ഒരു പുരുഷനെ ഞാൻ അവരുടെ ഇടയിൽ അന്വേഷിച്ചു; ആരെയും കണ്ടില്ലതാനും.(യെഹെ.22:30) ഇവിടെ ഇടിവിൽ നില്ക്കുക എന്നത് വാതില്ക്കൽ കാവൽ നില്ക്കുന്ന ചിത്രമാണ്. ശത്രുസൈന്യത്തിന്റെ ഏത് സൂചനയെക്കുറിച്ചും ജനത്തിന് മുന്നറിയിപ്പ് നൽകുകയും വേണം.
കർത്താവ് വാതിൽ
സഭയുടെ ഒരേയൊരു വാതിൽ ക്രിസ്തുവാണ്. എന്നാൽ കാവല്ക്കാരായി നമ്മെ ആക്കിയിരിക്കുന്നു. വിവിധങ്ങളായ ആത്മാക്കളും ഉപദേശങ്ങളും അകത്ത് കടക്കാതെ നോക്കേണ്ട ഉത്തരവാദിത്വം നമുക്കുണ്ട്.