നെഹമ്യാവ് ഈ തലമുറയിലേക്ക് കൈമാറുന്ന സന്ദേശങ്ങൾ – 34
മഹാപുരോഹിതന്റെ മാതൃക
“അങ്ങനെ മഹാപുരോഹിതനായ എല്യാശീബും അവന്റെ സഹോദരന്മാരായ പുരോഹിതന്മാരും എഴുന്നേറ്റ് ആട്ടിൻവാതിൽ പണിതു:” (നെഹെ. 3:1)
അല്പം ഭൂമിശാസ്ത്രം
മതിൽ പണിയുടെ പൂർത്തീകരണം പോലെയാണ് മൂന്നാം അദ്ധ്യായത്തിലെ വിവരണമെങ്കിലും ഏറെ പ്രതിസന്ധികൾ ഇതിനിടയിൽ നേരിട്ടത് അടുത്ത അദ്ധ്യായത്തിൽ വിവരിക്കുന്നുണ്ട്. അതിനാൽ മതിൽ പണിയുടെ ബഹുജന പങ്കാളിത്തമാണ് ഈ അദ്ധ്യായത്തിലെ വിഷയം. ആ വാതിലിൽ നിന്നും ആരംഭിച്ച് ആട്ട് വാതിലിൽ വിവരണം അവസാനിക്കുന്നു. വടക്ക് കിഴക്ക് നിന്നാരംഭിച്ച് പടിഞ്ഞാറേയ്ക്ക് നീങ്ങി തെക്കോട്ട് താഴേക്കിറങ്ങി കിഴക്കോട്ട് പ്രവേശിച്ച് വീണ്ടും വടക്ക് കിഴക്കുള്ള ആട്ടുവാതിലിൽ എത്തുന്നു.
മഹാപുരോഹിതൻ ആദ്യം
ഇത് പ്രതീകാത്മകമായ ശിലാന്യാസമല്ല. സാധാരണ ആദ്ധ്യാത്മീക മേഖലയിലെ പ്രമുഖനെ കൊണ്ട് ആദ്യത്തെ കല്ല് ഇടുവിക്കുന്ന ശൈലിയിൽ മഹാപുരോഹിതൻ ശിലാസ്ഥാപനം
നിർവ്വഹിക്കുന്നതുമല്ല. അക്ഷരാർത്ഥത്തിൽ അവർ പണി ചെയ്യുകയാണ്. അത് അനേകർക്ക് മാതൃകയായി, ശരിക്കും ദേവാലയത്തിൽ അവർക്ക് ശുശ്രൂഷയുണ്ട്. അതോടൊപ്പം മതിൽ പണിയിലും അവർ ഉത്സാഹത്തോടെ പങ്കെടുക്കുന്നു. വാക്കുകളെക്കാൾ പ്രവർത്തികൾക്ക് ഏറെ സ്വാധീനം ചെലുത്താനാകും.
യെരീഹോക്കാർ
യെരീഹോ യെരുശലേമിൽ നിന്നും അല്പം അകലെയുള്ള പട്ടണമാണ്. അവർക്ക് ഇത് ഞങ്ങളുടെ ഉത്തരവാദിത്വമല്ലെന്ന് പറഞ്ഞൊഴിയാം. എന്നാൽ നെഹമ്യാവിന്റെ ത്യാഗം അവരെ സ്വാധീനിച്ചു. വിതയ്ക്കുന്നത് കൊയ്യും എന്ന വചനത്തിന്റെ തത്വം വളരെ പ്രസക്തമാണ്. നമ്മൾ മറ്റുള്ളവർക്ക് വേണ്ടി എന്തൊക്കെ, എങ്ങനെയൊക്കെ ചെയ്യുന്നുവെന്ന് ദൈവം നിരീക്ഷിക്കുന്നുണ്ട്.
അധികം ജോലി ചെയ്യുന്ന മെരെമോത്ത്
നാലാം വാക്യത്തിൽ മതിൽ പണിയുന്ന മെരെമോത്ത് 21-ാം വാക്യത്തിൽ മതിലിന്റെ മറ്റൊരു ഭാഗത്തിന്റെയും അറ്റകുറ്റപ്പണി നിർവ്വഹിക്കുന്നതായി കാണുന്നു. രണ്ട് ഭാഗങ്ങളുടെ പണിയിൽ ഉത്സാഹത്തോടെ പ്രവർത്തിക്കുന്നതിന് പുറകിലും നെഹമ്യാവിന്റെ സ്വാധീനം കാണാം. ഒരു നാഴിക നടക്കാൻ പറയുമ്പോൾ മറ്റൊരു നാഴിക കൂടെ നടക്കാൻ ആവശ്യപ്പെടുന്ന കർത്താവിന്റെ ഉപദേശം ഇവിടെ സ്മരണീയമാണ്.