BIBLE TODAY | നെഹമ്യാവ് ഈ തലമുറയിലേക്ക് കൈമാറുന്ന സന്ദേശങ്ങൾ – 35 | Pastor Sabu Samuel

നെഹമ്യാവ് ഈ തലമുറയിലേക്ക് കൈമാറുന്ന സന്ദേശങ്ങൾ – 35

അകലെയുള്ളവരും പ്രൊഫഷണലുകളും

“അവരുടെ അപ്പുറം മെസ്സബയേലിന്റെ മകനായ ബഖാവിന്റെ മകൻ മെല്ലാം അറ്റകുറ്റം തീർത്തു. അവരുടെ അപ്പുറം ബാനയുടെ മകൻ സാദോക് അറ്റകുറ്റം തീർത്തു.” (നെഹെ.3:4)

ഇരട്ടമുഖമുള്ളവർ
മൂന്നാം അദ്ധ്യായത്തിലെ മതിൽ പണിയുടെ വിശദാംശങ്ങളിലെ സന്ദേശങ്ങൾ തുടരുന്നു. ബെരഖ്യാവിന്റെ മകനായ മെശുല്ലാം അറ്റകുറ്റം തീർത്തു എന്നിവിടെ കാണുന്നു. ഇതേ മെശുല്ലാമിനെക്കുറിച്ച് 6:17,18 വാക്യങ്ങളിലും പരാമർശമുണ്ട്. മെശുല്ലാമിന്റെ മകളെ വിവാഹം കഴിപ്പിച്ചിരിക്കുന്നത് തോബിയാവിന്റെ മകനെക്കൊണ്ടാണ്. നോക്കൂ, നെഹമ്യാവിന്റെ മുമ്പിൽ മതിൽ ജാഗ്രതയോടെ പണിയുന്ന ആത്മാർത്ഥതയുളള വ്യക്തി. എന്നാൽ തോബിയാവിന്റെ മുമ്പിൽ നല്ലൊരു ബന്ധുക്കാരൻ. ഇങ്ങനെ തരാതരം മുഖം മാറുന്ന വ്യക്തികൾ എന്നുമുണ്ട്. നമുക്ക് ഒറ്റ മുഖമേ പാടുള്ളൂ. വീട്ടിലും സഭയിലും ഒരു മുഖം മാത്രം. അതിനാണ് ദൈവപ്രസാദം.

തെക്കൊവയിലെ ശ്രേഷ്ഠന്മാർ
തെക്കൊവ യെരുശലേമിൽ നിന്നും 11 മൈൽ തെക്കാണ്. അവർക്ക് മതിൽ പണിയിൽ നിന്നും ഒഴിഞ്ഞിരിക്കാം. പക്ഷെ അവരിലെ സാധാരണക്കാർ സഹകരിക്കുന്നു. എന്നാൽ അവരുടെ ശ്രേഷ്ഠന്മാർ മതിൽ പണിക്ക് ചുമൽ കൊടുത്തില്ല. തെക്കൊവയ്ക്ക് തെക്കുള്ള അരാബ്യയിലെ ഗേശേമിന്റെ സ്വാധീനമാകാം കാരണം. നമ്മുടെ കൂട്ടുകെട്ടുകൾ വളരെ പ്രധാനപ്പെട്ടതാണ്. ശ്രേഷ്ഠർ ചുമൽ കൊടുത്തില്ലെങ്കിലും കർത്താവിന്റെ വേല നടക്കാതെ
വന്നില്ല.

ഗിബയോന്യർ, മിസ്പായർ
യെരുശലേമിന് 6 മൈൽ അകലെയാണ് ഈ രണ്ട് സ്ഥലങ്ങളും. എന്നിട്ടും ഒഴികഴിവുകൾ പറയാതെ മതിൽ പണിയിൽ അവരും പങ്കാളികളാകുന്നു. തട്ടാന്മാരും തൈലക്കാരും സ്വർണ്ണപ്പണിയും പെർഫ്യൂം ഉണ്ടാക്കലുമൊക്കെ സാധാരണക്കാർക്ക് സാദ്ധ്യമല്ല. നല്ല പ്രൊഫഷണലുകൾക്ക് മാത്രം സാദ്ധ്യമാകുന്ന കാര്യം. അത് മാത്രമല്ല, അവർക്ക് കല്ലും മണ്ണും ചുമന്ന് ശീലവുമില്ല. എന്നിട്ടും അവർ വേലയിൽ സഹകരിക്കുന്നു. ഏത് പ്രൊഫഷണലായാലും കർത്താവിന്റെ വേലയിൽ നിന്ന് ഒഴിഞ്ഞിരിക്കാനാവില്ല എന്ന പ്രാധാനപ്പെട്ട സന്ദേശവും ഇതിനകത്തുണ്ട്.

Comments (0)
Add Comment