നെഹമ്യാവ് ഈ തലമുറയിലേക്ക് കൈമാറുന്ന സന്ദേശങ്ങൾ – 36
മതിൽ പണിയിലെ സന്ദേശങ്ങൾ
“അവരുടെ അപ്പുറം യെരുശലേം ദേശത്തിന്റെ പാതിക്കു പ്രഭുവായ ഹൂരിന്റെ മകൻ കെഫായാവ് അറ്റകുറ്റം തീർത്തു….” (നെഹെ. 3:9)
പ്രഭുക്കന്മാരും
മൂന്നാം അദ്ധ്യായത്തിലെ മതിൽ പണിയുടെ വിശദാംശങ്ങളിലെ സന്ദേശങ്ങൾ വീണ്ടും തുടരുന്നു. ഒമ്പതാം വാക്യത്തിൽ യെരുശലേം പട്ടണത്തിന്റെ ഭരണ നിർവ്വഹണ ഉത്തരവാദിത്വം ഉണ്ടായിരുന്ന പ്രഭുവും അറ്റകുറ്റപ്പണി നിർവ്വഹിക്കുകയാണ്. മറ്റൊരു പ്രഭുവും ഇതേ പോലെ തന്നെ ചെയ്യുന്നതായി പന്ത്രണ്ടാം വാക്യത്തിൽ കാണുന്നുണ്ട്. പുരോഹിതനോ, പ്രഭുവോ, തൈലക്കാരനോ ആരുമാകട്ടെ, മതിൽ പണിയിൽ തങ്ങളുടെ ഔദ്യോഗിക ജോലി മാറ്റിവച്ച് സഹകരിക്കുന്നതാണ് കാണുന്നത്.
വീടിന് നേരെ
ചില വ്യക്തികൾ തങ്ങളുടെ വീടിന് നേരെയുള്ള മതിൽ പണിയാണ് ഏറ്റെടുത്തത് (വാക്യം 10,23,28). അവിടെയാണ് നമുക്ക് ആത്മഭാരം ഉണ്ടാകേണ്ടത്. ആത്മാർത്ഥതയോടെ നാം പ്രവർത്തിക്കുന്നതും അവിടെത്തന്നെയായിരിക്കും.
പുത്രിമാരും
വീട്ട് ജോലി, വെള്ളം കൊണ്ടുവരൽ തുടങ്ങിയവയാണ് പെൺകുട്ടികളുടെ ജോലി. എന്നാൽ ഇവിടെയിതാ, അപൂർവ്വമായി മതിൽ പണിയിൽ പെൺകുട്ടികളും മുൻകൈയെടുക്കുന്നു. കർത്താവിന്റെ വേലയിൽ ആണെന്നോ പെണ്ണെന്നോ വ്യത്യാസമില്ല.
ആയിരം മുഴം
അനേകർക്കായി വിഭജിക്കപ്പെട്ടിരുന്നതിനാൽ ഓരോരുത്തർക്കും കുറച്ച് ഭാഗങ്ങളാണ് ചെയ്യാനുണ്ടായിരുന്നത്. എന്നാൽ പതിമൂന്നാം വാക്യത്തിൽ ഒരാൾ 1000 മുഴമാണ് തീർത്തത്. ഏകദേശം അര കിലോമീറ്റർ. അത് ഒരു വ്യക്തിയെ സംബന്ധിച്ച് ഭാരിച്ച ദൗത്യമായിരുന്നു. ചിലർ ദൈവിക കാര്യങ്ങളിൽ വലിയ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാറുണ്ട്.
ബേത് സൂർ
യെരുശലേമിൽ നിന്നും 20 കിലോമീറ്റർ അകലമുള്ള സ്ഥലമാണിത്. അവിടെ നിന്നും വന്ന് യെരുശലേമിൽ താമസിച്ച് വേല ചെയ്യുകയാണ്. ദൂരസ്ഥലങ്ങളിൽ ചെന്ന് മിഷണറി പ്രവർത്തനം നടത്തുന്നതും ഇതേ മനോഭാവത്തോടെ തന്നെയാണ്.