നെഹമ്യാവ് ഈ തലമുറയിലേക്ക് കൈമാറുന്ന സന്ദേശങ്ങൾ – 7
നമ്മുടെ പ്രാർത്ഥനകൾ
“ഞങ്ങൾ നിന്നോട് ഏറ്റവും വഷളത്തമായി പ്രവർത്തിച്ചിരിക്കുന്നു; നിന്റെ
ദാസനായ മോശെയോടു നീ കല്പ്പിച്ച കല്പനകളും ചട്ടങ്ങളും വിധികളും ഞങ്ങൾ
പ്രമാണിച്ചിട്ടുമില്ല”. (നെഹെമ്യാവ് 1:7)
മൂടിവയ്ക്കുന്ന തെറ്റുകൾ
നെഹമ്യാവിന്റെ പ്രാർത്ഥനയുടെ ഏറ്റവും വലിയ സവിശേഷത തന്റെ തെറ്റുകളെ സമ്മതിക്കലാണ്. പാപങ്ങളെ സമ്മതിക്കുകയും ഏറ്റുപറയുകയും ചെയ്യുന്നത്
പരിശുദ്ധാത്മാവിന്റെ പ്രവർത്തിയാണ്. മറ്റുള്ളവരുടെ തെറ്റുകൾ കണ്ടെത്തുക
എളുപ്പമാണ്. എന്നാൽ സ്വന്തം തെറ്റുകൾ സാധാരണ മൂടിവയ്ക്കും. അഥവാ തിരിച്ചറിഞ്ഞാലും വേണ്ടുന്ന ഗൗരവം കൊടുക്കില്ല. ലാഘവത്വത്തോടെ മാത്രം
വിശദീകരിക്കും. അത് നമ്മുടെ യകത്തുള്ള പാപപ്രമാണത്തിന്റെ സ്വഭാവമാണെന്ന്
റോമാലേഖനത്തിൽ പൗലോസ് തെളിയിക്കുന്നു.
വഷളത്വം
എന്റെ ബലഹീനത, എന്റെ കുറവ് എന്നൊക്കെയുള്ള സ്ഥിരം നാടകങ്ങൾ മാറ്റി പാപത്തെ
പാപമായിത്തന്നെ കണ്ട് അതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് തുറന്ന് സമ്മതിച്ച്
നടത്തുന്ന പ്രാർത്ഥനകൾക്ക് എന്നും മറുപടിയുണ്ട്. ഏഴാം വാക്യത്തിലെ വാചകം ശ്രദ്ധിക്കുക. ഞങ്ങൾ വഷളത്വം ചെയ്തിരിക്കുന്നു. ഈ പ്രാർത്ഥനയിലെ ഏറ്റവും
പ്രധാനപ്പെട്ട കാര്യമായി അതിനെ കാണണം. കാരണം നമ്മൾ അങ്ങനെയൊന്നും പ്രാർത്ഥിക്കാറില്ല.
തുറന്ന് സമ്മതിക്കൽ
കർത്താവേ, ഞാനൊരു വഷളത്വമാണ് കാണിച്ചത്, എന്റെയകത്ത് പക എന്ന ചീഞ്ഞ
സ്വഭാവമുണ്ട്, അസൂയ എന്ന വൃത്തികെട്ട സ്വഭാവമുണ്ട് എന്ന് നാം പ്രാർത്ഥിച്ചിട്ടുണ്ടോ? ഇല്ല. പകരം എന്റെ കൈയ്യിൽ വന്ന അബദ്ധം എന്നൊക്കെ മാത്രമേ നമ്മൾ പറയൂ.
അങ്ങനെ തുറന്ന് സമ്മതിക്കാത്തിടത്തോളം അതിന്മേൽ പൂർണ്ണ ജയം പ്രാപിക്കാനാവില്ല.
നമ്മെ പണിയണമെങ്കിൽ …
ഒരു വ്യക്തിയെ ദൈവത്തിന് ഉപയോഗിക്കണമെങ്കിൽ ഇതൊക്കെ ഉപേക്ഷിക്കാതെ
സാദ്ധ്യമല്ല. പഴയ മനുഷ്യനെ പൊതിഞ്ഞ് കൊണ്ടുപോകുന്നവരെ എങ്ങനെ ദൈവത്തിന്
ഉപയോഗിക്കാനാകും? ഇവിടെ നെഹമ്യാവ് എന്ന ഉന്നത ഉദ്യാഗസ്ഥനാണ് ഞങ്ങൾ
വഷളത്വം പ്രവർത്തിച്ചു എന്ന് ഏറ്റു പറയുന്നത്. നമുക്ക് അകത്തെ ജഡസ്വഭാവത്തെ
പൊളിച്ചു തുടങ്ങാം. അപ്പോൾ ദൈവം നമ്മെ പണിത് തുടങ്ങും.