‘നാല് വയസിൽ നട്ടപ്രാന്ത് ‘ എന്നൊരു ചൊല്ലുണ്ട് നമ്മുടെ നാട്ടിൽ. കുസൃതികളും കുരുത്തക്കേടുകളും ഏറ്റവും അധികം ഉള്ള കാലഘട്ടമാണ് ബാല്യം. ഒരു കുഞ്ഞ് ഭൂമിയിൽ ജനിച്ചുവീഴുന്ന സമയം മുതൽ അവന്റെ വളർച്ചയുടെ ഓരോ ഘട്ടത്തിലും മാതാപിതാക്കൾക്കുള്ള സ്വാധീനം വളരെ വലുതാണ്.
സ്കൂളിൽ പോയിത്തുടങ്ങുന്ന പ്രായമായാൽ കുട്ടിയുടെ വളർച്ചയും ദ്രുതഗതിയിലാവുന്നു. കാര്യങ്ങൾ വേഗത്തിൽ ഗ്രഹിക്കാനും മാതാപിതാക്കളെയും മുതിർന്നവരെയും ആദരിക്കാനും സ്നേഹിക്കാനും കുട്ടികൾ പരിശീലിക്കുന്നു.
എന്നാൽ ടീനേജ് ആരംഭിക്കുന്നതോടെ എല്ലാം തകിടം മറിയുന്നു. വാതോരാതെ സംസാരിച്ചുകൊണ്ടിരുന്ന കുട്ടിക്ക് ഇപ്പോൾ സംസാരം ella. എന്തെങ്കിലും ചോദിച്ചാൽ മറുപടി പറഞ്ഞെങ്കിലായി. കൂടുതൽ ചോദിച്ചാൽ ദേഷ്യപ്പെട്ടുള നോട്ടവും അല്ലെങ്കിൽ തർക്കുത്തരവും. എല്ലാ കാര്യങ്ങളിലും മാതാപിതാക്കളുടെ ഉപദേശം തേടിയിരുന്ന കുട്ടിക്ക് ഇപ്പോൾ അപ്പനെയും അമ്മയെയും വേണ്ട. മാതാപിതാക്കളെ കാണുന്നതും സംസാരിക്കുന്നതും എല്ലാം അവർക്കിപ്പോൾ അസഹനീയമായി മാറുന്നു . ജീവിതത്തിൽ ഏറ്റവും അധികം പ്രാദാന്യം കൂട്ടുകാർക് നൽകുന്നു.
കുട്ടികളിൽ ഉണ്ടാവുന്ന ഈ മാറ്റങ്ങൾ മാതാപിതാക്കളെ ആശങ്കാകുലരാക്കുന്നു. കൂട്ടുകാരാണോ പുസ്തകങ്ങൾ ആണൊ സിനിമകൾ ആണൊ കുട്ടിയെ നശിപ്പിക്കുന്നതെന്ന് അവർ ആശങ്കപ്പെടുന്നു.
ഈ ആശങ്കയും അന്വേഷണവുമൊക്കെ വേണ്ടത് തന്നെ. പക്ഷെ അതിനോടൊപ്പം അറിവിന്റെ ശക്തി കൂടെ ഉണ്ടായിരിക്കട്ടെ. ബാല്യം പോലെ തന്നെ മാതാപിതാക്കളുടെ ശ്രദ്ധയും കരുതലും വേണ്ടുന്ന കാലമാണ് ടീനേജ്. കടൽ പോലെ പ്രക്ഷുബ്ദം ആയ കാലഘട്ടം ആണിത്. പതിമൂന്ന് വയസ് മുതൽ പത്തൊൻപത് വയസ് വരെയുള്ള പ്രായം ആണ് കൗമാരം. ടീനേജ്, അഡോളെസെൻസ് എന്നീ പേരുകളിലും ഇതറിയപ്പെടുന്നു.അപക്വമായ ബാല്യത്തിൽനിന്നു പക്വതയുള്ള യൗവ്വനത്തിലേക് ഉള്ള യാത്ര ആണ് കൗമാരം. ചില കുട്ടികൾക്ക് കൗമാരം 9-10വയസ്സിലെ ആരംഭിക്കുന്നു. അവർ നേരത്തെ പക്വതയിലെത്തുന്നു. ചിലർക്ക് ഇരുപതുകളുടെ ആദ്യവര്ഷങ്ങൾകൂടി കഴിഞ്ഞേ പക്വത കൈവരൂ. കൗമാരത്തിന്റെ ദൈർഘ്യം ഓരോ വ്യക്തിയിലും വ്യത്യസ്തമാണ്.
(തുടരും )