ലേഖകൻ : എബിൻ എബ്രഹാം കായപുറത്ത്
ഇന്ന് ജൂലൈ 30, ലോകം ” അന്താരാഷ്ട്ര സൗഹൃദ ദിനം ” എന്ന് സുദിനമായി ആചരിക്കുന്നു. ഭൂലോകത്തിന്റെ നാനാ ദേശങ്ങളിൽ വിവിധ സംസ്‌കാരങ്ങളില്‍ സമാധാനം വളര്‍ത്തുന്നതില്‍ സൗഹൃദങ്ങളുടെയും സുഹൃത്തുക്കളുടെയും പ്രാധാന്യം അടയാളപ്പെടുത്തുന്നതിനായി എല്ലാ വര്‍ഷവും ഇന്ന് (ജൂലൈ 30) അന്താരാഷ്ട്ര സൗഹൃദ ദിനം ആയി ആഘോഷിക്കുന്നത്. ഈ വേളയിൽ ഞാനും എന്റെ വിലയേറിയ വായനക്കാരും ചങ്ങാതിമാരായ നിങ്ങളോടൊപ്പവും കുറച്ച് നേരം ചിലവിടാൻ താല്പര്യപ്പെടുന്നു.
എന്താണ് ഇതിന്റെ പിന്നിലെ ചരിത്രം എന്ന് ഒരുപക്ഷെ നിങ്ങളിൽ ഒട്ടുമിക്ക അറിയാമായിരിക്കും എങ്കിലും നമ്മുക്ക് ഒന്നുംകൂടെ അതിലുടെ ചികഞ്ഞു നോക്കാം. എന്റെ ചെറിയ അറിവിൽ നിന്നും അടർത്തിയെടുക്കുന്ന ഈ അറിവുകളിൽ ഏതെങ്കിലും തരത്തിൽ തെറ്റ് ഉണ്ടെങ്കിൽ ദയവായി പ്രിയ വായനക്കാർ സദയം എളിയവനോട് ക്ഷമിക്കണം എന്ന് പ്രാരംഭത്തിൽ തന്നെ അഭ്യർത്ഥിക്കുന്നു.
ഇനി നമ്മുക്ക് ചരിത്രത്തിലേക്ക് ഒന്ന് തിരിച്ചു പോകാം.1930-ല്‍ ഹാള്‍മാര്‍ക്ക് കാര്‍ഡുകളുടെ സ്ഥാപകന്‍ ജോയ്‌സ് ഹാളാണ് ” ഫ്രണ്ട്ഷിപ്പ് ഡേ ” എന്ന ആശയം തോന്നിയതും പിന്നിട് അതിന് രൂപം നല്‍കിയതും, അപ്പോൾ തന്നെ എല്ലാ വര്‍ഷവും ഓഗസ്റ്റ് മാസം രണ്ടാം തീയതി ഫ്രണ്ട്ഷിപ് ഡേ ആഘോഷിക്കാന്‍ അദ്ദേഹം നിര്‍ദ്ദേശിച്ചു തന്റെ സുഹൃത്തുക്കളോടും കുടുംബത്തോടും നിർദേശിച്ചു. പക്ഷെ, അപ്പോൾ തന്നെ അദേഹത്തിന്റെ ഗ്രീറ്റിംഗ് കാര്‍ഡുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള വാണിജ്യപരമായ ഒരു തന്ത്രമാണിതെന്ന് സമൂഹത്തിൽ അദ്ദേഹതിനെതിരെ ധാരാളം വിമര്‍ശനങ്ങൾ ഉയര്‍ന്നു വന്നിരുന്നു. വർഷം 1940 ആയപ്പോഴേക്കും അമേരിക്കയില്‍ ഫ്രണ്ട്ഷിപ്പ് ഡേ കാര്‍ഡുകള്‍ നല്‍കാനുള്ള ആശയവും ജനങ്ങളുടെ ഇടയിലുള്ള താല്പര്യവും നന്നേ കുറഞ്ഞുവന്നു. ഈ അവസരത്തില്‍ ഫ്രണ്ട്ഷിപ്പ് ഡേയുടെ പ്രസക്തിയും നിറവും കെട്ടു പോയി. പിന്നീട്, 1958 ജൂലൈ 20ന് പരാഗ്വേയില്‍ സര്‍ജനായിരുന്ന ഡോ. റാമണ്‍ ആര്‍ട്ടെമിയോ ബ്രാച്ചോ തന്റെ സുഹൃത്തുക്കളുമായുള്ള ഒരു അത്താഴവിരുന്നിനിടെ ‘ലോക സൗഹൃദ ദിനം’ എന്ന ആശയം പിന്നിട് വീണ്ടും ഉടലെടുക്കയും തുടർന്ന് അദ്ദേഹവും തന്റെ സുഹൃത്താക്കളും ഈ ദിനം നന്നേ ആഘോഷിക്കാൻ തുടങ്ങി. കാലക്രമേണ ഈ ദിനം, പിന്നീട് വംശം, നിറം, മതം, വംശീയത എന്നിവ കണക്കിലെടുക്കാതെ ലോകമെമ്പാടുമുള്ള സൗഹൃദങ്ങളെ പ്രോത്സാഹിപ്പിക്കുന്നതും ഒരു അടിത്തറയായി മാറി. പിന്നിട് കാലങ്ങൾക്കും, ആണ്ടുകൾക്കും ശേഷം 2011 ഏപ്രിൽ 27ന് യു.എന്‍ ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിൽ ജൂലൈ 30ന് ഔദ്യോഗിക അന്താരാഷ്ട്ര സൗഹൃദ ദിനമായി ആഘോഷിക്കാന്‍ പ്രഖ്യാപനമിറക്കി. എങ്കിലും, യുഎന്‍ നിശ്ചയിച്ചിട്ടുള്ള തീയതിക്കും അതിന് മുമ്പും ശേഷവും പല രാജ്യങ്ങളും സൗഹൃദ ദിനം ആഘോഷിച്ചു വരുന്നു. എങ്കിലും, വാസ്തവത്തിൽ സൗഹൃദ ദിനം പല രാജ്യങ്ങളും വ്യത്യസ്ത തീയതികളിളാണ് ആഘോഷിക്കുന്നുത്. അര്‍ജന്റീന, ബ്രസീല്‍, സ്‌പെയിന്‍, ഉറുഗ്വേ എന്നിവിടങ്ങളില്‍ ജൂലൈ മാസം 20ആം തീയതി സൗഹൃദ ദിനം ആഘോഷിക്കുമ്പോൾ, ഇക്വഡോര്‍, മെക്‌സിക്കോ, വെനിസ്വേല എന്നിവയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഫെബ്രുവരി മാസം 14ആം തീയതി ആഘോഷിക്കുന്നു. അപ്പോൾ തന്നെ, ബൊളീവിയയില്‍ ജൂലൈ മാസം 23ആം തീയതി ആണ് ഫ്രണ്ട്ഷിപ്പ് ഡേ കൊണ്ടാടുന്നത്. എന്നാൽ ഏഷ്യയുടെ ഭൂഖണ്ഡത്തിലേക്ക് വന്നാലോ, ഇന്ത്യയുൾപ്പടെ ബംഗ്ലാദേശ്, മലേഷ്യ, യുഎഇ തുടങ്ങിയ രാജ്യങ്ങള്‍ എല്ലാ വര്‍ഷവും ഓഗസ്റ്റ് മാസത്തിലെ ആദ്യ ഞായറാഴ്ചയാണ് ഇതിനായി തിരഞ്ഞെടുത്തിരിക്കുന്നത്. നമ്മുടെ രാജ്യത്ത് ഈ വര്‍ഷവും അത് ഓഗസ്റ്റ് മാസം 2ആം തീയതി ആണ്. ആ ഒരു ദിവസം സുഹൃത്തുക്കൾ പരസ്പരം വര്‍ണ്ണാഭമായ സൗഹൃദ ബാന്‍ഡുകളും പുഷ്പവും നല്‍കി ഈ ദിവസം ആഘോഷിക്കുന്നു. ഇത് എഴുതുമ്പോൾ ഞാനും എന്റെ ചങ്കിന്റെ ചങ്കായ പല സുഹൃത്തുക്കളെ ഹൃദയത്തിൽ സ്മരിക്കുന്നു. നമ്മളെ ഒക്കെ സംബന്ധിച്ച സൗഹൃദം എന്നത് ഒരു കേവലം ഒരു വാക്കല്ല, മറിച്ച് ഒരു വികാരമാണ് അത് നമ്മുടെ ശ്വാസത്തെക്കാളും നമ്മുക്ക് വിലയേറിയ വികാരം. അവർ ഒന്നുമില്ലാതെ നമ്മുക്ക് ഈ ജീവിതം ഒന്ന് സങ്കല്‍പ്പിക്കാന്‍ പോലും കഴിയുമോ?
തിരുവചനത്തിലും സൗഹൃദത്തിന് വലിയ പ്രാധാന്യമാണ് നൽകിയിരിക്കുന്നത്, അതിന് ആസ്പദമായ ചില വാക്യങ്ങൾ ആണിവ
ഇയ്യോബ് 42:10ൽ പ്രസ്താവിക്കുന്നത് പോലെ
” ഇയ്യോബ് തന്റെ സ്നേഹിതന്മാര്‍ക്കും വേണ്ടി പ്രാര്‍ത്ഥിച്ചപ്പോള്‍ യഹോവ അവന്റെ സ്ഥിതിക്കു ഭേദം വരുത്തി മുമ്പെ ഉണ്ടായിരുന്നതൊക്കെയും യഹോവ ഇയ്യോബിന് ഇരട്ടിയായി കൊടുത്തു”
അത് പോലെ തന്നെ,
സദൃശ്യവാക്യങ്ങൾ 17:17ൽ പറയുന്നു
“സ്നേഹിതന്‍ എല്ലാകാലത്തും സ്നേഹിക്കുന്നു; അനര്‍ത്ഥകാലത്ത് അവന്‍ സഹോദരനായ്തീരുന്നു “
പ്രിയമുള്ളവരേ, എളിയവൻ കൂടുതൽ എഴുതി ദീർഖിപ്പിച്ചു നിങ്ങളെ മുഷിപ്പിക്കുന്നില്ല, ഒന്ന് മാത്രം നിങ്ങളോട് ആഹ്വനം ചെയ്യന്നു, ഈ ദിനത്തിൽ നമ്മുക്കും മനസ്സ് കൊണ്ട് ഒരു തീരുമാനം എടുക്കാം, ഈ അനർത്ഥകാലത്ത് ലോകം മുഴുവൻ കഷ്ടം നേരിടുന്ന ഈ നേരത്ത്, നമ്മുക്ക് നമ്മുടെ ആത്മാർത്ഥമായ സുഹൃത്തക്കളെ കരുതാം, അവരെ മനസ്സ് തുറന്ന് സ്നേഹിക്കാം.
ദൈവം നമ്മെ ധാരാളമായി അനുഗ്രഹിക്കുമാറാകട്ടെ !!