ജന്മദേശമായ പത്തനംതിട്ടയിലെ മുണ്ടിയപ്പള്ളിയോട് വിടപറഞ്ഞു മല്ലപ്പള്ളി താലൂക്കിലെ പെരുമ്പാറയില്‍ എത്തുമ്പോള്‍ ബെഞ്ചമിന്‍ എന്ന കുടുംബനാഥന് ഒറ്റ ലക്ഷ്യമേയുള്ളൂ, ഒരു വീട് വെയ്ക്കണം, നാലു കുഞ്ഞുങ്ങളെ സന്തോഷത്തോടെ വളര്‍ത്തണം. 1966 മുതല്‍ പെരുമ്പാറയില്‍ താമസമാക്കിയ ബെഞ്ചമിന്‍ പതുക്കെ രാഷ്ട്രീയത്തിലേക്ക് ശ്രദ്ധതിരിച്ചു. ചില നാളുകള്‍ കഴിഞ്ഞപ്പോള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കല്ലൂപ്പാറ മണ്ഡലം സെക്രട്ടറിയായി. വളരെ ഊര്‍ജസ്വലതയോടെ പൊതുപ്രവര്ത്തനത്തിലിറങ്ങിയ ബെഞ്ചമിന്‍ എന്ന യുവാവ്, കമ്മ്യൂണിസ്റ്റ് ആശയത്തോട് വിടപറഞ്ഞു ക്രിസ്തുവിന്റെ പാത തിരഞ്ഞെടുത്തു. വിപ്ലവ രാഷ്ട്രീയ ആദര്‍ശത്തോട് വിടപറഞ്ഞു വെളിച്ചത്തില്‍ എത്തി. ഭാര്യയോടും നാലു പെണ്മക്കളോടും കൂടെ പെരുമ്പാറയുടെ മണ്ണില്‍ താമസിച്ച, മണ്ണില്‍ വീട്ടില്‍ ബെഞ്ചമിന്‍ ഫിലിപ്പ് എന്ന ദൈവദാസന്റെ ജീവചരിത്രത്തിലേക്ക് ഒന്ന് നോക്കാം. പെരുമ്പാറയിലെ സ്വഭവനത്തില്‍ വിശ്രമത്തില്‍ ആയിരുന്നെങ്കിലും പ്രിയപ്പെട്ട ദൈവദാസിയോടൊപ്പം അല്‍പ്പം സമയം ഓര്‍മ്മകള്‍ പങ്കുവെച്ചു.
പെരുമ്പാറയിലെ പൊതു പ്രവര്‍ത്തനം
മല്ലപ്പള്ളി താലൂക്കിലെ പെരുമ്പാറയില്‍ ധാരാളം ആളുകള്‍ താമസത്തിനായി എത്തികൊണ്ടിരിക്കുന്നു. മറുഭാഗത്തു വന്മുതലാളികള് സ്ഥലം കൈവശത്താക്കി വലിയ ക്രഷര്‍ യൂണിറ്റുകള്‍ നടത്തികൊണ്ടിരിക്കുന്നു. ഈ കാലയളവിലാണ് ബെഞ്ചമിന്‍ എന്ന പൊതു പ്രവര്‍ത്തകന്റെ വരവ്. 1967 മുതല്‍ പെരുമ്പാറയുടെ വികസന പ്രവര്‍ത്തനത്തില്‍ തന്റെതായ മുദ്ര ചുമത്തുവാന്‍ ബെഞ്ചമിന്‍ എന്ന കമ്മ്യൂണിസ്റ്റുകാരന് കഴിഞ്ഞു എന്ന് നാട്ടുകാര്‍ ഓര്‍മിക്കുന്നു.
സഖാവു ഇ. എം. എസ് കേരളത്തിലെ പാര്‍ട്ടിയുടെ മുന്‍നിരയില്‍ നില്ക്കുന്ന സമയം, സഖാവ് വടക്കന്‍ അച്ഛന് എന്ന് വിളിക്കുന്ന പാര്‍ട്ടി നേതാവിലൂടെ സ്വാധീനം ചെലുത്തി ഈഎംഎസിനെ പെരുമ്പാറയില്‍ എത്തിച്ചു. ആ നാട്ടുകാര്‍ അനുഭവിക്കുന്ന കുടിവെള്ള ക്ഷാമം, അവിടെ എത്തിയ നേതാക്കളില്‍ അവതരിപ്പിച്ച ബെഞ്ചമിന്‍, വായ്പ്പൂര് തൃശ്യപുരം ഏരിയയില്‍ കുടിവെള്ളത്തിനായി പൈപ്പുകള്‍ സ്ഥാപിക്കുവാന്‍ കാരണമായി. കല്ലുപ്പാറയുടെ ചുമതലയില്‍ നില്ക്കുന്ന കാലം, വലിയവനായ ദൈവത്തിന്റെ സ്നേഹം തന്റെ ഹൃദയത്തെ വല്ലാതെ സ്പര്‍ശിച്ചു. ദിവസങ്ങളുടെ ആലോചനയ്ക്ക് ശേഷം രാഷ്ട്രീയം ഉപേക്ഷിച്ചു ദൈവത്തിനായി ജീവിതം സമര്‍പ്പിച്ചു.
സുവിശേഷവേലയുടെ തുടക്കം
വിപ്ലവ ആശയത്തോട് വിടപറഞ്ഞു 1974 വചനം പഠിക്കുവാന്‍ ഡബ്ലിയു.എം.ഇ ബൈബിള്‍ സ്കൂളില്‍ (കരിയംപ്ലാവില്‍) എത്തി. വീട്ടില്‍ നിന്ന് രണ്ടര കിലോമീറ്റര്‍ നടന്നുവേണം വാഹന സൗകര്യമുള്ള സ്ഥലത്ത് എത്താന്‍. യാത്രയ്ക്ക് ആവശ്യമായ സമ്പാദ്യങ്ങള്‍ ഇല്ലാതിരുന്നിട്ടും പഠനം ഉപേക്ഷിക്കാതെ മൂന്നു വര്‍ഷം പൂര്‍ത്തീകരിച്ചു. 1977 -ല്‍ ഡബ്ല്യൂ.എം.ഇ സഭകളുടെ സ്ഥാപകനായ സി.എസ്സ്.മാത്യു (സിഎസ്സ് അപ്പച്ചന്) എന്ന അപ്പൊസ്തലന്റെ കരങ്ങളാല്‍ പ്രാര്‍ത്ഥനയോടെ വയലിലേക്ക് ഇറങ്ങി. ആ സമയം തിരുവല്ല താലൂക്കിലെ മുണ്ടിയപ്പള്ളി എന്ന സ്ഥലത്തെ സഭ പ്രവര്‍ത്തനം ശോചനീയമായ അവസ്ഥയില്‍ ആയിരുന്നു. പരിശുദ്ധാത്മ പ്രേരണയാല്‍ ബെഞ്ചമിന്‍ പാസ്റ്ററെയും കുടുംബത്തെയും അവിടേക്കു അയച്ചു. അന്ന് പ്രതിസന്ധികള്‍ നിറഞ്ഞ കാലഘട്ടമായിരുന്നു. പ്രതിസന്ധികളെ വകവെയ്ക്കാതെ പാസ്റ്ററും കുടുംബവും അങ്ങനെ മുണ്ടിയപ്പള്ളി ഡബ്ല്യൂ.എം.ഇ സഭയുടെ ശുശ്രൂഷകരായി. 1977 ല്‍ മുണ്ടിയപ്പള്ളിയില്‍ ആരംഭിച്ച സഭാ പ്രവര്‍ത്തനം 2020-21 കാലഘട്ടമെത്തിയപ്പോള്‍ 44 വര്‍ഷത്തെ സഭാചരിത്ര ഓര്‍മ്മകള്‍ ബെഞ്ചമിന്‍ പാസ്റ്ററുടെയും റെയ്ച്ചലമ്മച്ചിയുടെയും ഹൃദയത്തിലൂടെ ഇന്നും കടന്നു പോകുന്നു. ബെഞ്ചമിന്‍ – റെയ്ച്ചല്‍ മാതാപിതാക്കള്‍ക്ക് നാല് പെണ്മക്കളെ ദൈവം കൊടുത്തു . (ഷീല, ഷാലി, ഷൈല, ഷേര്‍ലി) റെയ്ച്ചല്‍ ദൈവദാസിയും നാല് പെണ്മക്കളും അവരുടെ മക്കളും ബന്ധുക്കള്‍ എല്ലാവരും ഓരോ സമയങ്ങളിലും പ്രീയപ്പെട്ട അപ്പച്ചന്റെ ശാരീരിക ക്ഷീണ അവസ്ഥയിലും കൂടെ നില്‍ക്കുന്നത് തനിക്ക് ഒരു ആശ്വാസം തന്നെയെന്ന് പ്രീയപ്പെട്ട അമ്മച്ചി ഓര്‍ക്കുന്നു.
നീണ്ട 44 – 45 വര്‍ഷത്തെ ക്രൈസ്തവ പ്രവര്‍ത്തനങ്ങള്‍; ഓര്‍ക്കുമ്പോള്‍ അഭിമാനിക്കാന്‍ കഴിയുന്ന ധാരാളം ഓര്‍മ്മകള്‍ ഹൃദയത്തിലുണ്ട് എന്ന് റെയ്ച്ചല്‍ അമ്മച്ചി പറയുന്നു. പല സഭകളിലും പ്രവര്‍ത്തനം കഴിഞ്ഞു പോകുമ്പോള്‍ തങ്ങളുടേതെന്ന സമ്മാനങ്ങള്‍ സഭയെ ഏല്‍പ്പിക്കാറുണ്ടായിരുന്നു എന്നും മാതാവ് ഓര്‍ക്കുന്നു. മുണ്ടിയപ്പള്ളിയിലെ ഒരു പ്രശസ്ത ഹൈന്ദവ സന്യാസിയുടെ ഉള്ളിലെ സേവാശക്തിയെ പാസ്റ്റര്‍ പ്രാര്‍ത്ഥിച്ചു പുറത്താക്കിയതും അവിടുത്തെ സഭാപ്രവര്‍ത്തനത്തിന് മുതല്‍ക്കൂട്ടായി. വാര്‍ദ്ധക്യ സഹജമായ ക്ഷീണത്തില്‍ ആയിരുന്നെങ്കിലും അദ്ദേഹത്തിന്റെ ആത്മീക മനുഷ്യന് ബലത്തോടെ നില്‍ക്കുന്നത് വാക്കുകളില്‍ കാണാമായിരുന്നു. വളരെ പ്രത്യാശയോടെ അപ്പച്ചന് വേണ്ട സഹായങ്ങള്‍ ചെയ്തുകൊടുക്കാന്‍ 76-ാം വയസിലും ദൈവദാസിക്ക് ദൈവം ആരോഗ്യം കൊടുത്തത് നമ്മെ അത്ഭുതപ്പെടുത്തുന്നു.
പ്രതിസന്ധികളെ തകര്‍ത്തുകൊണ്ടു സുവിശേഷവേലയ്ക്ക് കാല്‍വെച്ച ബെഞ്ചമിന്‍ പാസ്റ്ററുടെ ജീവിതം വരുംതലമുറയ്ക്ക് അനുഗ്രഹമാണ്. സാഹചര്യത്തിന്റെ അപര്യാപ്തത മൂലം കൂടുതല്‍ അനുഭവങ്ങളിലേക്ക് ശ്രദ്ധ തിരിക്കുന്നില്ല. മറ്റൊരു സ്ഥലത്തു നിന്ന് പെരുമ്പാറയില്‍ വന്നു പെരുമ്പാറക്കാരനായി, രാഷ്ട്രീയപ്രവര്‍ത്തനം നടത്തി, പൊതുജനങ്ങള്‍ക്കൊപ്പം നിന്ന സാദാ മനുഷ്യനെ അനേക ദൈവമക്കള്‍ക്ക് അനുഗ്രഹമാകുവാനും അനേകരെ വചനത്തില്‍ ഉറപ്പിക്കുവാനും ദൈവം ഉപയോഗിച്ചു. ഈ അനുഭവങ്ങള്‍ വായിക്കുന്ന സ്നേഹിതാ.. നമുക്കും ആ ദൈവത്തിന്റെ കരങ്ങളില്‍ ഏല്‍പ്പിച്ചു കൊടുക്കാം… ദൈവരാജ്യത്തിന്റെ പ്രചാരകരായി നമുക്കും മാറാം.. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ…