വാഹനപരിശോധനക്കുവരുന്ന പൊലീസുകാര്‍ക്ക് ഇനി ലൈസന്‍സിന്റെ കടലാസ് പകര്‍പ്പുകള്‍ കാണിക്കേണ്ട, പകരം ഇവയുടെ ഇ കോപ്പി മൊബൈലില്‍ കാണിച്ചാലും മതി. എം പരിവാഹന്‍ ആപ്പില്‍ സ‌്കാന്‍ ചെയ‌്ത‌് സൂക്ഷിച്ച ഡിജിറ്റല്‍ രേഖകള്‍ വേണം കാണിക്കേണ്ടതെന്നുമാത്രം.
എം പരിവാഹന്‍ ആപ്പില്‍ സ‌്കാന്‍ ചെയ‌്ത‌് ഡിജിലോക്കര്‍ സംവിധാനത്തിലൂടെ സുരക്ഷിതമാക്കിയ വ്യക്തിവിവര രേഖകകള്‍ നിയമപരമായ രേഖയായി അംഗീകരിക്കണമെന്ന‌് സംസ്ഥാന പൊലീസ് മേധാവി ലോക‌്‌നാഥ‌് ബെഹ‌്റ നിര്‍ദേശിച്ചു. വാഹനപരിശോധനയ‌്ക്കിടെ അധികാരികള്‍ ആവശ്യപ്പെടുന്നപക്ഷം മൊബൈലില്‍ ഇന്‍സ്റ്റാള്‍ ചെയ‌്ത ഡിജി ലോക്കറിലെ രേഖകളുടെ ഡിജിറ്റല്‍ പതിപ്പ് കാണിച്ചാല്‍ മതി.
നിയമലംഘനം നടന്നാല്‍ രേഖകള്‍ പിടിച്ചെടുക്കാതെ ആ വിവരം ഡിജി ലോക്കറില്‍ രേഖപ്പെടുത്താനുള്ള സംവിധാനമുണ്ട്. കടലാസ് രേഖകള്‍ സ്കാന്‍ ചെയ്ത് സ്വയം ഡിജിറ്റെസ് ചെയ്യുകയും ഇ-ഒപ്പ് ഉപയോഗിച്ച് സാക്ഷ്യപ്പെടുത്തി ഡിജി ലോക്കറില്‍ സൂക്ഷിക്കാവുന്നതുമാണ്.മൊബൈല്‍ ഫോണ്‍, ടാബ‌് തുടങ്ങിയവയില്‍ ഡിജി ലോക്കറിന്റെ ആപ്ലിക്കേഷന്‍ സജ്ജമാക്കിയവര്‍ക്ക‌് രേഖകള്‍ ആവശ്യമുള്ളപ്പോള്‍ ഔദ്യോഗികമായി പ്രദര്‍ശിപ്പിക്കാം.