തിരുവനന്തപുരം∙: സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ഓപ്പറേഷന് സാഗര്‍ റാണിയുടെ പല ഘട്ടങ്ങളായി നടത്തിയ പരിശോധനയുടെ ഫലമായി കണ്ടെത്തിയ മാരകമായ ഫോര്‍മാലിന്‍ കലര്‍ന്ന 9,000 കിലോഗ്രാം മത്സ്യം പിടിച്ചെടുത്തു. വിവിധ ചെക്ക് പോസ്റ്റുകളിൽ നടത്തിയ പ്രാഥമിക പരിശോധനയിലാണ് അന്യസംസ്ഥാങ്ങളിൽ നിന്നെത്തിയ 6,000 കിലോഗ്രാം ചെമ്മീനിലും ഫോര്‍മാലിന്‍ മാരകമായ അളവില്‍ അടങ്ങിയിട്ടുണ്ടെന്നു ഭക്ഷ്യസുരക്ഷാ വിഭാഗം കണ്ടെത്തി. സംശയം തോന്നിയ 45 മത്സ്യ ലോറികളാണു പരിശോധിച്ചത്.
സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയുടെ പേപ്പര്‍ സ്ട്രിപ്പ് ഉപയോഗിച്ചാണു പ്രാഥമിക പരിശോധന നടത്തിയത്. തുടര്‍ന്ന് സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയുടെ എറണാകുളത്തെ ലാബില്‍ മത്സ്യം വിദഗ്ധ പരിശോധനയ്ക്കയച്ചു. ഞായറാഴ്ച അവധിയാണെങ്കിലും ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ അഭ്യര്‍ത്ഥന പ്രകാരം ഈ ലാബ് തുറന്നു പ്രവര്‍ത്തിച്ചു.
ജോയിന്റ് ഭക്ഷ്യസുരക്ഷ കമ്മിഷണറുടെ നേതൃത്വത്തില്‍ തിരുവനതപുരം, കോഴിക്കോട്, എറണാകുളം എന്നിവിടങ്ങളിലെ ഭക്ഷ്യസുരക്ഷാ വിഭാഗം ഇന്റലിജന്‍സും പാലക്കാട് ജില്ലയിലെ ജില്ലാ സ്ക്വാഡും സംയുക്തമായാണു പരിശോധന നടത്തിയത്. അന്വേഷണ സംഘത്തില്‍ ഇരുപതോളം ഉദ്യോഗസ്ഥര്‍ അടങ്ങിയിട്ടുണ്ട്
ട്രോളിങ് നിരോധനം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കേരളത്തിലെ എല്ലാ ചെക്ക് പോസ്റ്റുകളില്‍ക്കൂടി കടന്നു വരുന്ന മത്സ്യ വാഹനങ്ങളിൽ കര്‍ശന പരിശോധയ്ക്കുശേഷം മാത്രമേ കടത്തിവിടാന്‍ പാടുള്ളു എന്നു ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ചുമലയുള്ള ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മത്സ്യങ്ങളോടൊപ്പം എണ്ണ, പാൽ മുതലായ ഭക്ഷ്യവസ്തുക്കൾ കൊണ്ടുവരുന്ന ലോറികളും ചെക്ക് പോസ്റ്റില്‍ പരിശോധിച്ചു വരുന്നു.
പ്രാഥമിക പരിശോധനകളില്‍ ഇവയില്‍ മായം കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇവ വിശദമായ പരിശോധനയ്ക്കായി ഭക്ഷ്യസുരക്ഷാ ലാബില്‍ അയച്ചിട്ടുണ്ട്. സംശയം തോന്നിയവ പരിശോധിക്കാനുള്ള താത്ക്കാലിക മൊബൈല്‍ ലാബ് സൗകര്യവും അവിടെ ഒരുക്കിയിരുന്നു.
ഭക്ഷ്യവസ്തുക്കളില്‍ മായം ചേര്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികളെടുത്ത് നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരുമെന്ന് മന്ത്രി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
ഏതെങ്കിലും ഉല്പന്നത്തില് മായം കലര്‍ന്നതായി കണ്ടെത്തിയാല്‍ 24 മണിക്കൂറിനുള്ളില്‍ അതു നിരോധിക്കണമെന്നു ഭക്ഷ്യ സുരക്ഷാ കമ്മിഷണര്‍ എം.ജി. രാജമാണിക്യം എല്ലാ ജില്ലകളിലെയും അസി. ഭക്ഷ്യ സുരക്ഷാ കമ്മിഷണര്‍മാര്‍ക്കു നിര്‍ദേശം നല്കി. മത്സ്യത്തില്‍ രാസവസ്തുക്കള്‍ ചേര്‍ത്തിട്ടുണ്ടോയെന്ന് അറിയാന്‍ മാര്‍ക്കറ്റുകളിലേക്കും പരിശോധന വ്യാപിപ്പിക്കുമെന്നും രാജമാണിക്യം അറിയിച്ചിട്ടുണ്ട്.