സൗദി : സൗദിയിൽ സ്പോൺസർഷിപ് വ്യവസ്ഥ ലളിതമാക്കുമെന്ന് തൊഴിൽ മന്ത്രി അഹ്മദ് അൽ റാജഹി. പ്രാദേശിക പത്രത്തിന് അനുവദിച്ച അഭിമുഖത്തിലാണ് വകുപ്പ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
സൗദി തൊഴിൽ നിയമം പരിഷ്കരിച്ച് ഓൺലൈൻ വഴിയാക്കുന്നതിന്റെ ഭാഗമായാണ് വിദേശ ജോലിക്കാരുമായി ബന്ധപ്പെട്ട ഏതാനം നടപടികൾ ലഘൂകരിക്കുന്നത്. സ്പോൺസർഷിപ് വ്യവസ്ഥക്ക് പുറമെ റീ എൻട്രി വിസ, എക്സിറ്റ് വിസ എന്നിവയുടെ നടപടികളും ലളിതമാക്കുമെന്ന് മന്ത്രി പറഞ്ഞു. വിദേശ ജോലിക്കാർ ഉൾപ്പെടെയുള്ള മാനവവിഭവശേഷി തൊഴിൽ വിപണിക്ക് ആവശ്യമായ തരത്തിൽ ലളിതമായി ലഭിക്കുന്നതിനാണ് സ്പോൺസർഷിപ്പ് നടപടികൾ ലഘൂകരിക്കുന്നത്.
തൊഴിലാളിയും തൊഴിലുടമയും തമ്മുലുള്ള ബന്ധം ഊഷ്മളമാക്കുക, കരാറിലെ വ്യവസ്ഥകൾ സുതാര്യമാക്കുക എന്നതും ഓൺലൈൻ കരാറിന്റെ ലക്ഷ്യമാണ്. തൊഴിൽ കരാറിന്റെ പരിഷ്കരിച്ച പതിപ്പ് എട്ട് മാസത്തിനകം പ്രാബല്യത്തിൽ വരുമെന്നും തൊഴിൽ മന്ത്രാലയം വ്യക്തമാക്കി.