റിയാദ് – സന്ദർശക വിസയിലെത്തിയ വിദേശികളുടെ കുടുംബങ്ങളുടെ വിസ കാലാവധി ദീർഘിപ്പിക്കണമെങ്കിൽ ഹെൽത്ത് ഇൻഷുറൻസ് വീണ്ടും നിർബന്ധമാക്കി. ആരോഗ്യ ഇൻഷുറൻസ് ജവാസാത്തിന്റെ പരിധിയിൽ പെടുന്ന കാര്യമല്ലെന്നും ഇൻഷുറൻസ് അടക്കമുള്ള ആവശ്യമായ നടപടികൾ പൂർത്തിയാക്കിയവർക്ക് അബ്ശിർ വഴി ബന്ധപ്പെട്ടവരുടെ സന്ദർശക വിസ പുതുക്കാനുള്ള സൗകര്യം ലഭ്യമാണെന്നും ജവാസാത്ത് വ്യക്തമാക്കി. ഇത് സംബന്ധിച്ച് പ്രചാരണം ശക്തമായതോടെ മലയാളം ന്യൂസ് ജവാസാത്തുമായി ബന്ധപ്പെട്ടപ്പോഴാണ് ഇൻഷുറൻസ് നിർബന്ധമാണെന്ന മറുപടി ലഭിച്ചത്.
2017 നവംബർ മുതലാണ് വിദേശികളുടെ അടുത്ത ബന്ധുക്കൾക്കുള്ള സന്ദർശക വിസക്ക് ഇൻഷുറൻസ് ഏർപ്പെടുത്തിയതായി സൗദി കൗൺസിൽ ഓഫ് കോപറേറ്റീവ് ഹെൽത്ത് ഇൻഷുറൻസ് (സി.സി.എച്ച്.ഐ) അറിയിച്ചത്. എന്നാൽ ആദ്യഘട്ടത്തിൽ ഇൻഷുറൻസ് നിർബന്ധമാക്കിയിരുന്നുവെങ്കിലും ഇടക്കാലത്ത് അത് നിർത്തിവെക്കുകയായിരുന്നു. അന്ന് ജവാസാത്തുമായി ബന്ധപ്പെട്ടപ്പോൾ ഇൻഷുറൻസ് നിർബന്ധമില്ലെന്നാണ് അറിയിച്ചിരുന്നത്.
വിദേശകാര്യമന്ത്രാലയത്തിന്റെ വിസ സർവീസ് പ്ലാറ്റ്‌ഫോം (ഇൻജാസ്) വഴിയാണ് ഇൻഷുറൻസ് നടപടികൾ പൂർത്തിയാക്കേണ്ടത്. ഇൻജാസ് പോർട്ടലിൽ വ്യക്തിഗത സേവനങ്ങളുടെ പേജിൽ ഹെൽത്ത് സർട്ടിഫിക്കറ്റ് പേയ്‌മെന്റ് വഴിയാണ് ഇൻഷുറൻസിന് അപേക്ഷിക്കേണ്ടത്. ഈ ഭാഗത്ത് വിസ പുതുക്കേണ്ട വ്യക്തിയുടെ വിസയുടെയും പാസ്‌പോർട്ടിന്റെയും നമ്പറുകൾ എന്റർ ചെയ്താൽ വ്യക്തിയുടെ വിവരങ്ങൾ തെളിഞ്ഞുവരും. ഇൻഷുറൻസ് ചാർജായി കാണിക്കുന്ന സംഖ്യ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് അടക്കണം. അപേക്ഷകന്റെ പ്രായത്തിനനുസരിച്ച് സിസ്റ്റം ഓട്ടോമാറ്റിക് ആയി ഇൻഷുറൻസ് ചാർജ് എത്രയെന്ന് പറഞ്ഞുതരും. ഇൻജാസ് മുഖേന എടുക്കേണ്ട ഈ ഇൻഷുറൻസ് സ്‌കീം വഴി സൗദിയിൽ സാധാരണയുള്ള ചികിത്സ സൗകര്യങ്ങളോ മരുന്നോ ലഭ്യമാകില്ല. എന്നാൽ പ്രസവം, ഡയാലിസിസ്, അപകടങ്ങൾ കാരണമുള്ള ചികിത്സ തുടങ്ങിയ അടിയന്തര ശുശ്രൂഷകളും ഇവയുടെ പേരിൽ ആശുപത്രി അഡ്മിറ്റും ഈ ഇൻഷുറൻസിന്റെ കീഴിൽ വരുമെന്ന് സി.സി.എച്ച്.ഐ അറിയിച്ചു.
മിക്ക സന്ദർശക വിസകളും 90 ദിവസത്തേക്കാണ് വിദേശരാജ്യങ്ങളിലെ കോൺസുലേറ്റുകൾ സ്റ്റാമ്പ് ചെയ്യുന്നത്. മറ്റൊരു 90 ദിവസത്തേക്ക് കൂടി പുതുക്കാവുന്നതുമാണ്. ഒരു വിസയിൽ പരമാവധി ആറ് മാസം അഥവാ 180 ദിവസമേ സൗദിയിൽ തങ്ങാനാവൂ. സിറിയക്കാർക്കും യമനികൾക്കും മാത്രമേ ഇക്കാര്യത്തിൽ ഇളവ് അനുവദിച്ചിട്ടുള്ളൂ.
സന്ദർശക വിസ പുതുക്കാൻ കാലാവധിയുടെ ഏഴു ദിവസം മുതൽ കാലാവധി കഴിഞ്ഞ് മൂന്നു ദിവസം വരെ സമയമുണ്ടെന്നും മൂന്നാമത്തെ ദിവസം പുതുക്കാനായില്ലെങ്കിൽ രാജ്യം വിടണമെന്നും ജവാസാത്ത് അറിയിച്ചു. ഇല്ലെങ്കിൽ അവരെ കൊണ്ടുവന്നവർ പിഴ അടക്കേണ്ടിവരും. രാജ്യത്ത് അവർ പ്രവേശിച്ച ദിവസം മുതലാണ് 180 ദിവസം കണക്കാക്കുന്നത്. അതേ സമയം അവരെ കൊണ്ടുവരുന്നവരുടെ ഇഖാമയുടെ കാലാവധി അവസാനിച്ചാൽ സന്ദർശക വിസ നീട്ടാനും സാധിക്കില്ല.
ബാങ്ക് വഴി 100 റിയാൽ അടച്ച ശേഷം അബ്ശിർ വഴിയാണ് വിസ പുതുക്കേണ്ടത്. പുതുതായി ഇൻഷുറൻസ് എടുത്തിട്ടില്ലെങ്കിലും നേരത്തെയുള്ള ഇൻഷുറൻസ് കാരണം ചിലപ്പോൾ വിസ പുതുക്കിവരുന്നുണ്ട്. വിസ പുതുക്കിയവർക്ക് പിന്നീട് ഇൻഷുറൻസ് എടുക്കൽ നിർബന്ധവുമില്ല.
വിദേശരാജ്യങ്ങളിൽ നിന്ന് വിസ സ്റ്റാമ്പ് ചെയ്യുമ്പോൾ വിസയുടെ യഥാർഥ കാലാവധിയായ 90 ദിവസം വരെ മാത്രമേ ഇൻഷുറൻസ് ഉണ്ടാവുകയുള്ളൂ. അഞ്ചു വയസ്സുവരെയുള്ള കുട്ടികൾക്ക് 47.58 ഡോളർ, ആറു മുതൽ 15 വയസ്സുവരെ 37.15 ഡോളർ, 16 മുതൽ 40 വയസ്സുവരെ 31.5 ഡോളർ, 41 മുതൽ 65 വയസ്സുവരെ 53.5 ഡോളർ, 65 ന് മുകളിലുള്ളവർക്ക് 119.5 ഡോളർ എന്നിങ്ങനെയാണ് കോൺസുലേറ്റിൽ വിസ സ്റ്റാമ്പ് ചെയ്യാൻ സമർപ്പിക്കുമ്പോൾ ഇൻജാസ് പോർട്ടൽ വഴി ഏജൻസികൾ അടക്കുന്നത്.